Saturday 28 December 2013

ആത്മഗതം



വിസ്മയങ്ങൾ നമ്മെ തേടി വരുന്നത് തികച്ചും അവിചാരിതമായിട്ടായിരിക്കും. അതുകൊണ്ടാണല്ലോ വിസ്മയം എന്നു വിളിക്കുന്നത്.അത്തരത്തിലൊരു വിസ്മയത്തിന്റെ പുറത്താണ് ഇന്ന് ഈ രവിവാരപുലരിയിൽ ഞാൻ. അരുൺ ആർഷ എന്ന അതിപ്രശസ്തനല്ലാത്ത എഴുത്തുകാരന്റെ 'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന നോവലാണ് ഈ വിസ്മയം സമ്മാനിച്ചത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം  അരുൺ  ഈ പുസ്തകം അയക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഓരോ വാചകത്തിലും ജിജ്ഞാസയുടെ കാന്തമുനകൾ ഉറപ്പിച്ച ഒരു മനോഹരരചനയായിരിക്കും എന്ന്. ഹിറ്റ്ലറുടെ ജൂതവേട്ടയുടെ നാളുകളിൽ ഇരകളുടെ പ്രതിനിധിയായി, അതിശക്തമായി ചെറുത്തുനിന്ന ഒരു ജൂതപോരാളിയുടെ സംഘർഷനിർഭരമായ ജീവിതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് അരുൺ. നോവലിന്റെ സമസ്തഭംഗികളോടെയും നമുക്കിതു വായിക്കാം. വായന തുടങ്ങിയാൽ പൂർത്തിയാക്കാതെ പുസ്തകം താഴെ വയ്ക്കാൻ കഴിയാത്ത അനുഭവം.ഇതിനു മുമ്പ്‌ ഈ അനുഭവമുണ്ടായത് ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' വായിച്ചപ്പോഴാണ്. ഓഷ്‌വിറ്റ്സ് വായന പൂർത്തിയാക്കുമ്പോൾ മറ്റൊരു വൈരുദ്ധ്യം നമ്മെ വിസ്മയിപ്പിക്കും. ഒരു കാലത്തെ ഇരകളെ മറ്റൊരു കാലത്തെ വേട്ടക്കാരാക്കുന്ന ചരിത്രത്തിന്റെ ക്രൂരവിനോദമാണത്. ഹിറ്റ്ലറുടെ കാലത്ത് രാക്ഷസീയമായി പീഡിപ്പിക്കപ്പെട്ട, കോൺസൺട്രേഷൻ ക്യാംപുകളിലെ ഗ്യാസ് ചേംബറുകളിൽ ജീവനപഹരിക്കപ്പെട്ട ഒരു കോടിയിലധികം ജൂതരുടെ പിൻഗാമികളാണ് ഇന്ന് ഹിറ്റ്ലറെ ലജ്ജിപ്പിക്കുംവിധം പലസ്തീനിൽ മനുഷ്യവേട്ട നടത്തുന്നത്.അന്നത്തെ ഇരകൾ ഇന്നു വേട്ടക്കാരാവുന്നു.ചരിത്രം നാണിക്കട്ടെ.

അരുണിന്റെ നോവൽ വായിച്ചുതീരുമ്പോൾ എന്റെ മുന്നിലൂടെ 2013 ഉം എരിഞ്ഞുതീരുകയാണ്. വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ സന്തോഷം തന്ന വർഷമാണ്. ചെന്താമരക്കൊക്ക എന്ന മൂന്നാമത്തെ സമാഹാരത്തിനു ശേഷം ഏതാനും  കഥകളും ഒരു നോവലും പൂർത്തിയാക്കാൻ എന്റെയൊപ്പം നിന്ന വർഷമാണ് 2013. നോവൽ, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലൂടെ അടുത്ത വർഷമാദ്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. അടുത്ത സമാഹാരവും വൈകാതെയുണ്ടാകും.

യോസയുടെ 'ഫീസ്റ്റ് ഓഫ് ദ ഗോട്ട്' മേശപ്പുറത്തിരുന്ന്  മൌനമായും പാമുക്കിന്റെ 'മ്യൂസിയം ഓഫ് ഇന്നസെൻസ്' അർത്ഥഗർഭമായും എന്നോടു സംസാരിച്ച വർഷമാണ് 2013. ഒ. ഹെൻറി പല തവണ  പുനർവായനയിൽ കുടുക്കി. സുസ്മേഷ് ചന്ത്രോത്തിന്റെ 'പേപ്പർ ലോഡ്ജും' കെ.ആർ.മീരയുടെ 'ആരാച്ചാരും' രാജീവ് ശിവശങ്കറിന്റെ 'തമോവേദവും' പൂർത്തിയാക്കി. ഇ.സന്തോഷ്കുമാറിന്റെ 'അന്ധകാരനഴിയും' യു.കെ.കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപ'വും വായിക്കാനെടുത്തു വച്ച സമയത്താണ്  അപ്രതീക്ഷിതമായി ഓഷ്‌വിറ്റ്സിലെ പോരാളി വന്ന് ഞെട്ടിച്ചിരിക്കുന്നത്.

അതിപ്രശസ്തരല്ലാത്തവരുടെ രചനകൾ സന്തോഷം പകർന്ന 2013 ലെ മറ്റു ചില അനുഭവങ്ങളും ഉണ്ട്. സിയാഫ് അബ്ദുൽ ഖാദറിന്റെ 'ആപ്പിൾ', കെ.ആർ മനോരാജിന്റെ 'ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക', സുരേഷ് വർമയുടെ 'ഗാന്ധി ചിക്കൻസ്', എന്നീ കഥാസമാഹാരങ്ങളും  ഇടക്കുളങ്ങര ഗോപന്റെ 'കൊല്ലിസൈക്കിൾ' എന്ന കവിതാ സമാഹാരവും അക്കൂട്ടത്തിൽ പെടുന്നു. ഒറ്റക്കഥകളിലൂടെ ജി.നിധീഷ് (ടാക്കീസും ടിപ്പണിയും), ഹർഷ മോഹൻ (മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ), ലാസർ ഷൈൻ (സാർറിയലിസം), അബിൻ ജോസഫ് (താജ്മഹൽ പണിയാനുള്ള എളുപ്പവഴികൾ), അമൽ (ക്ഷീരധാരകള്‌) തുടങ്ങിയവരും വിസ്മയങ്ങൾ തന്നു.

മനോഹരമായി കവിതയും കഥയും നോവലും ഒക്കെ എഴുതി 2013 ന്റെ ആകാശത്ത് നക്ഷത്രങ്ങളായ വേറെയും മലയാളികൾ ഉണ്ടാവുമെന്നുറപ്പ്. എന്റെ ഹ്രസ്വമായ  വായനാലോകത്തിലൂടെ  കടന്നുവന്ന് മന്ദമാരുതനും കൊടുങ്കാറ്റുമൊക്കെയുയർത്തിയവരെ മാത്രമാണ് പരാമർശിച്ചത്. 2013നു നന്ദി. ഇത്രയേറെ പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തി തന്നതിന്. പ്രശസ്തർക്ക് പ്രശംസ ആവശ്യമില്ലാത്തിനാൽ എഴുത്തിലൂടെ വിസ്മയിപ്പിച്ച അതിപ്രശസ്തരല്ലാത്ത  എല്ലാ എഴുത്തുകാർക്കും ആദരവിന്റെ രവിവാരാംശസകൾ.

O

Tuesday 17 December 2013

ചെന്താമരക്കൊക്ക


മുറിച്ച് തരമാക്കിയിട്ടില്ലാത്ത വലിയൊരു വെള്ളമുണ്ട് ചുരുൾനിവർത്തി വിരിച്ചപോലെ കിടന്ന കടപ്ര ബീച്ചിലെ തരിപ്പഞ്ചാര മണൽ രണ്ടുകയ്യിലും കോരിയെടുത്ത് ലീനയുടെ മടിയിലേക്ക് എറിയുമ്പോൾ ജോജി പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഇരുകയ്യും കൂട്ടിയടിച്ചുകൊണ്ടുള്ള ജോജിയുടെ ചിരി കണ്ടപ്പോൾ ലീനയ്ക്ക് ദേഷ്യം വന്നു. നന്നായി വെളുത്തിട്ടാണ് ലീന. ദേഷ്യം ആ വെളുപ്പിനെ ചുവപ്പിച്ചു. ചുവപ്പിൽ ഇരുണ്ട മുഖത്തോടെ അവൾ ഇടതുവലതുകൈകൾ ചേർത്തു പിടിച്ചൊരു മുറമുണ്ടാക്കി അതിൽ  മണ്ണുവാരി ജോജിയുടെ മുഖത്തേക്ക് എറിഞ്ഞു. 

ഇറുക്കിയടച്ചെങ്കിലും ദാ, അതിനു മുമ്പേതന്നെ മണലിൽ കുറെ കണ്ണിൽ ചെന്നു വീണൊരു ചുഴലിക്കാറ്റുണ്ടാക്കി. കാഴ്ച പോയി അവൻ നിന്നു തപ്പി. കാൽ കുഴഞ്ഞു. അവന്റെ സംഭ്രമം കണ്ടപ്പോൾ  വലിയ രസം തോന്നിയതിനാൽ അവൾ  ഉയർന്ന ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു. ചുവപ്പു മാഞ്ഞു മുഖം പഴയതിലും വെളുത്തുവിളഞ്ഞു.

‘ഗ്ലൂക്കോമാ...ഗ്ലൂക്കോമാ...’’

അവൾ  ഉച്ചത്തിൽ കൈകൊട്ടി ആർത്തുതുള്ളി. ജോജിയുടെ കണ്ണിൽ ദേഷ്യത്തിന്റെ  തിരമാലകൾ അലറിയുയർന്നു. പക്ഷേ ആ സമയത്ത് അതിലും വലിയ ഒരു തിര വന്ന് രണ്ടുപേരുടെയും മേലേ കടന്ന് അപ്പുറം ചാടിയതിനാൽ ഇരുവരും നനഞ്ഞു കുഴഞ്ഞു. തിരയുടെ ശക്തിയിൽ  മറിഞ്ഞുവീണപ്പോൾ  രക്ഷാമാർഗമായി പരസ്പരം കെട്ടിപ്പിടിച്ചുപോയതോടെ ജോജിയുടെ ദേഷ്യം അലിഞ്ഞുപോയി. ഇനി വീട്ടിലേക്കു പോയേക്കാമെന്നു തീരുമാനിച്ച് രണ്ടുപേരും എഴുന്നേറ്റു. വിമാനത്തിലേക്കു നടക്കുമ്പോൾ ലീന പറഞ്ഞു.

‘‘കടലുകേറി  മൊത്തം  മുങ്ങിപ്പോന്നേനു മുമ്പ്‌, അതായത്  ഗ്രാൻഡ്പായുടെ  കാലത്ത്, കുട്ടനാട്ടിൽ ഞങ്ങക്കു റിസോർട്ടുണ്ടാരുന്നു. മൂന്നാലു ഹൗസ്‌ബോട്ടും. ആ കാലമെങ്ങാനുമാരുന്നെങ്കി നമക്കിന്ന് അവിടെ ഹൗസ്‌ബോട്ടിലോ റിസോർട്ടിലോ കെടന്ന് അർമാദിക്കാമാരുന്നു.  കൊതിയുടെ നെഞ്ചത്തു  പിടിച്ച് ആനന്ദിക്കാമാ...  അല്ലേലും കൊതിയല്ലേ നമ്മടെയൊക്കെയൊരു ഏനക്കേട്.’’

‘‘ഹൗസ്‌ബോട്ടോ. എന്തു കുന്തമാ അത്.’’

ജോജി മനസിലാവായ്ക വെളിപ്പെടുത്തി. ഭൂമിയിൽ പിറന്നിട്ട് മൂന്നു ദിവസമാകുന്നതേയുള്ളൂ. ഇളംമനസുമായി അവൻ ലീനയുടെ അരക്കെട്ടിനെ ചുറ്റി സ്വന്തം  കൈമുറുക്കി. നെഞ്ചിൻകൂടു തകർക്കുംവണ്ണം അവൾ തിരികെയും.

എർത്ത്ഷിപ്പിന്റെ പത്താമത്തെ ഭൗമയാത്രയിലാണ് ജോജിക്കു ടിക്കറ്റ് കിട്ടിയത്. ഗുരുത്വാകർഷണത്തിന്റെ വലയത്തിലേക്ക് ആ കൂമ്പൻ വണ്ടി തുളഞ്ഞുകയറുമ്പോൾ അവന്റെ വയർ കൊളുത്തിപ്പിടിച്ചു. അസഹനീയമായിരുന്നു വേദന. അതു ഭേദമാകാൻ  രണ്ടു ദിവസമെടുത്തു. അതും ലീനയുടെ കുഴമ്പുപിടിത്തത്തിന്റെ സുഖം പറ്റിയശേഷം. അവൾ ചാങ്ങേത്ത് വൈദ്യശാലയിലെ ഡോ. വിപിൻ പറഞ്ഞ മാതിരി  ധന്വന്തരം കുഴമ്പെടുത്ത് ഒരൽപ്പം ചൂടാക്കി വലതുകയ്യിലൊഴിച്ച ശേഷം വലതുകയ്യും ഇടതുകയ്യും ചേർത്തു കൂട്ടിത്തിരുമ്മി  വയറിന്റെ മാംസമടക്കുകളിലേക്ക്  തേച്ചു പിടിപ്പിക്കുമ്പോൾ അവൻ കിടന്നു പുളയും. സ്നിഗ്ധത പുരണ്ടു കിടക്കുന്ന അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവൻ പതുക്കെ തടവിനോക്കും.  എന്നിട്ട്, തന്റെ കൈകളേക്കാൾ കട്ടിയാണല്ലോ അവ എന്നോർത്ത് അതിശയിക്കും. ഈ കട്ടക്കയ്യിൽ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയില്ല.ഞാൻ ഈ കയ്യിൽ ഉമ്മ വയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ അവളുടെ കയ്യെടുത്ത് കക്ഷത്തിലേക്ക് കയറ്റിവയ്ക്കും. ആദ്യമൊക്കെ അവൾ അത്ഭുതപ്പെടുകയായിരുന്നു. ഇവനെന്താ ഇങ്ങനെ? തന്നെപ്പോലൊരു സുന്ദരശിൽപ്പത്തെ അരികിൽ ആരുമില്ലാതെ കിട്ടിയിട്ടും ചെറുക്കൻ ഒരു ചുണ്ണാമ്പും ചെയ്യുന്നില്ലല്ലോ എന്നോർത്ത്.

രണ്ടാം ദിവസമാണ് ജോജി ആ രഹസ്യം വെളിപ്പെടുത്തിയത്. ലീനയുടെ കയ്യുടെ കടുപ്പം അവനെ ഭയപ്പെടുത്തുന്നു. ആ ശരീരഭാഗഗ്നത്ത് ഉമ്മ വയ്ക്കുന്നതു മൂലം തന്റെ ഇളതായ മൂക്ക് ചതഞ്ഞുപോകുമോ എന്നാണ് അവന്റെ ഉത്കണ്ഠ. പൂർണമായും ശീതീകരിച്ച ഒരു അപരഗ്രഹഗൃഹത്തിൽ ജനിച്ചു വളർന്ന് ഇരുപത്തഞ്ചാം വയസിൽ മാത്രം ഭൂമിയുടെ ഉഷ്ണത്തിലേക്കു കെട്ടിയിറക്കപ്പെട്ടവന്റെ ഭീതികളിൽ ലീനയുടെ വെളുത്തു മൃദുവായ കൈത്തലം ശിലാതലമായി മുഴച്ചു നിന്നു.

ജോജി വന്നത് എർത്ത്ഷിപ്പിന്റെ റിയൂണിയൻ മിഷനിലെ അംഗമായാണ്. ഒപ്പം പത്തു പേരുമുണ്ട്. മറ്റുള്ളവരെല്ലാം ഇതുപോലെ അവരവരുടെ ബന്ധുക്കളെ തപ്പിപ്പോയിരിക്കുകയാണ്. ആറുമാസമാണ് മിഷൻ കാലം. ചന്ദ്രനിലെ മനുഷ്യവാസത്തിന്റെ ജൂബിലി പ്രമാണിച്ചുള്ള കാര്യപരിപാടികളിലൊന്നാണ് ഭൂമിയിലെ തങ്ങളുടെ വേരുതേടിയുള്ള അന്വേഷണം. പ്രഥമസംരംഭം വിജയിച്ചാൽ പിന്നെ ചന്ദ്രനും ഭൂമിക്കുമിടയിൽ സ്ഥിരമായ പോക്കുവരവും വാർത്താവിനിമയ, വ്യാപാര വാണിജ്യ ബന്ധങ്ങളുമൊക്കെ ചാന്ദ്രസമൂഹത്തിന്റെ പദ്ധതികളിലുണ്ട്. മറ്റുള്ളവർ ഭൂമിയിലെ ബന്ധുക്കളെ കണ്ടെത്തിയോ എന്തോ? എന്തായാലും ജോജി മണ്ണിലിറങ്ങി എട്ടാം മണിക്കൂറിൽ വല്ല്യപ്പച്ചന്റെ കുഞ്ഞുപെങ്ങടെ ചെറുമക്കളെ കണ്ടെത്തുക തന്നെ ചെയ്തു.

ചെന്താമരക്കൊക്കയ്ക്ക് തെക്കു പടിഞ്ഞാറായി നീണ്ടുപരന്നു കിടന്ന വലിയൊരു മൈതാനത്താണ് പെൻഗ്വിന്റെ ശരീരത്തെ ഓർമിപ്പിക്കുന്ന എർത്ത്ഷിപ്പ്‌ ലാൻഡ് ചെയ്തത്. പത്തു തലമുറ മുൻപു വരെയുള്ള ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ജനറ്റിക് സെൻസറുമായാണ് സംഘത്തിലെ ഒാരോരുത്തരും വന്നിരിക്കുന്നത്.

ലീനയുടെ അപ്പനാണ് ആ തീരുമാനമെടുത്തത്. സ്വന്തം രക്തമല്ലേ. പോരാത്തതിന് ചന്ദ്രനിൽ നിന്നുള്ള വരവും. ജോജി തിരികെ പോകുംവരെ ഒരാൾ എപ്പഴും കൂടെ വേണം. കുടുംബകൂട്ടായ്മയിൽ പുള്ളിക്കാരൻ വിഷയം അവതരിപ്പിച്ചു.

‘‘പയ്യൻ നമ്മടെ ബന്ധുവാണെന്നതൊന്നുമല്ല കാര്യം. നമക്കും എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെടണ്ടേ? ഇവനാണെങ്കി, കേട്ടിട്ട് അവിടെ കാര്യമായ സ്വാധീനമുള്ളയാളാണെന്നു  തോന്നുന്നു. തിരികെ പോകുമ്പോൾ അവനിഷ്ടപ്പെട്ട ഒരാളെ കൊണ്ടുപോയാ മതി. പിന്നെ ഒാരോരുത്തരോരോരുത്തർക്കായി അങ്ങോട്ടു കടക്കാം. മുൻതലമുറക്കാരൊക്കെ ഗൾഫിലും അമേരിക്കേലുമൊക്കെ പോയി അടക്കിമേഞ്ഞത് ഈ തരത്തിലല്ലേ.ഇനിയിപ്പോ അങ്ങോട്ടൊന്നും പോയിട്ടു കാര്യമില്ലാത്തതിനാൽ ആകെയുള്ളൊരു പോംവഴി ഇതു മാത്രം.ചെക്കനെ വളയ്ക്കാൻ ഏറ്റവും പറ്റുക സെക്സി കേരള മൽസരമൊക്കെ ജയിച്ചു നിൽക്കുന്ന ലീനയ്ക്കു തന്നെയാവും.’’

ലീനയ്ക്കും ആ നിർദേശം ഇഷ്ടമായി. ഭൂമിയിലുള്ള വായിനോക്കികളെയൊക്കെ കണ്ടും കൊണ്ടും മടുത്തുകഴിഞ്ഞു. ഒരു മാറ്റം ആരാണിഷ്ടപ്പെടാത്തത്. അങ്ങനെയാണ് ജോജിയെ അവളങ്ങ് ഏറ്റെടുത്തത്. പക്ഷേ ഒരൊറ്റ പ്രശ്നമേയുള്ളൂ.അവന്റെ പലപ്പോഴത്തെയും പെരുമാറ്റം ഒരു വിവരോമില്ലാത്തവരെപ്പോലെയാണ്. എങ്കിലും, അവൻ ലോകം കണ്ടു തുടങ്ങിയിട്ടല്ലേയുള്ളൂ എന്നോർക്കുമ്പോൾ അവളങ്ങു ക്ഷമിക്കും.അവനെ കൊല്ലാത്തതിന് ഒരു ന്യായം കൂടി അവൾ ആലോചിച്ചുവച്ചു. ആറുമാസം കഴിയുമ്പോൾ അവന്റെയൊപ്പം പോകണ്ടതല്ലേ. അവിടെ ചെന്നുകഴിഞ്ഞാൽ പിന്നെ കെഴങ്ങനെയങ്ങു തീർത്താലും കൊഴപ്പമില്ല.

ചാന്ദ്രയാത്രയെക്കുറിച്ചുള്ള  നിറപ്പകിട്ടാർന്ന സ്വപ്നത്തിന്റെ രതിസുഖമനുഭവിച്ചുകൊണ്ട് ലീന ചെന്നു വിമാനത്തിൽ കയറി. സീറ്റ്ബെൽറ്റിട്ടു. ജോജിയെ അരികിൽ പിടിച്ചിരുത്തി അവനെയും ബെൽറ്റിടീപ്പിച്ചു. ചെന്താമരക്കൊക്കയിലെ ഫ്ളാറ്റിൽ നിന്ന് ചെറുവിമാനത്തിലാണ് ലീന കടപ്പുറത്തെത്തിയത്. കാറിൽ പുറപ്പെട്ടാൽ എത്താൻ മൂന്നുദിവസം പിടിക്കും. ദൂരം നൂറു കിലോമീറ്ററേയുള്ളൂ. പക്ഷേ, കരവഴികളിലൂടെ മുന്നേറുക ദുഷ്കരം.  എഴുപത്തയ്യായിരം രൂപ മുടക്കിയാൽ മതിയെന്നായതോടെ എല്ലാവരും കാറിലേ പുറത്തിറങ്ങൂ എന്നതാണ് സ്ഥിതി.  നടന്നു പോകുന്നവർ തീരെയില്ല. പണ്ടൊക്കെ ഓട്ടോറിക്ഷയിലോ ബൈക്കിലോ പോയിരുന്നവർ പോലും യാത്ര കാറിലാക്കുന്നു. റോഡുകൾ ഒരു നൂറ്റാണ്ടായി  ഒട്ടും വലുതായിട്ടില്ലാത്തതിനാൽ ഈ വാഹനപ്രളയം സദാ കൂടിക്കുരുങ്ങിക്കിടപ്പാണ്. ഇടത്തരക്കാരൊക്കെ യാത്ര ചെറുവിമാനത്തിലാക്കിയിരിക്കുന്നു. വീട്ടുമുറ്റത്തോ ടെറസിലോ ഒക്കെ ലാൻഡ് ചെയ്യാവുന്ന കുഞ്ഞുവിമാനത്തിൽ രണ്ടാൾക്കേ കയറാൻ പറ്റൂ എന്നതുമാത്രമാണ് ഒരു പോരായ്മ.

ഇത്തരം കുഞ്ഞൻ വിമാനങ്ങൾ വാങ്ങുന്നവരും ഇപ്പോൾ ഭൂമിക്കൊരു ഭാരമാണ്. ഒരായുസിൽ തീർക്കാനാവാത്ത ബാങ്ക് വായ്പയുടെ ഒരു പ്രത്യേക ഘട്ടത്തിൽ ആത്മഹത്യയാണ് നാട്ടാചാരം.

ഉയരത്തിൽ പറക്കുമ്പോൾ വിമാനം ഓട്ടോപൈലറ്റിലിട്ടശേഷം ലീന ജോജിയെ ഒന്നു മാനഭംഗപ്പെടുത്താൻ ശമ്രിച്ചുനോക്കി. അവന്റെ ചെറുത്തുനിൽപ്പ് കാരണം വിമാനം ഒരു പ്രാവശ്യം മൂക്കുകുത്താൻ പോയപ്പോഴാണ് അവളൊന്ന് അടങ്ങിയത്. ഇന്നു വീട്ടിലെത്തുംമുമ്പേ നിന്റെ ചാരിത്ര്യം ഞാൻ എടുത്തിരിക്കും എന്നു ചിരിച്ചുകൊണ്ട് അവൾ വിമാനം  അടൂരിലെ സെൻട്രൽ ബാറിന്റെ ടെറസിൽ ലാൻഡ് ചെയ്യിച്ചു. അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ ബാറിലേക്കോടി. ഗ്രാനൈറ്റ് മേശയ്ക്കരികിൽ തോക്കുമായി നിവർന്നു നിന്നിരുന്ന ബെയറർ അത് അവന്റെ മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് എന്തു വേണമെന്നു ചോദിച്ചു.

‘‘രണ്ടു ജിംലെറ്റ്.’’ അവൾ പറഞ്ഞു.

ജോജി പെട്ടെന്നെഴുന്നേറ്റ് ബെയററുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ‘‘അയ്യോ എനിക്കു റെഡ് വൈൻ മതി.’’

പറഞ്ഞു തീരുംമുമ്പ്‌ ജോജിയുടെ വലതുകരണത്ത് കനമുള്ളൊരു പ്രഹരം വന്നു പതിച്ചു. തോക്കുധാരിയുടെ വകയാണ്. കൂടം കൊണ്ട് അടിച്ചാലെന്നപോലെ ജോജിയുടെ കണ്ണിൽ നിന്നു തീ വമിച്ചു. അടികൊണ്ട് വീണ ജോജിയെ അയാൾ തലങ്ങും വിലങ്ങും ചവിട്ടി. അപ്പോഴേക്കും  മൂന്നു നാലു ഹോട്ടൽ ജോലിക്കാർ കൂടി  പാഞ്ഞടുത്ത് അവരുടെ നിലയിൽ വേറെയും പ്രയോഗങ്ങൾ നടത്തി. ഒരാൾ മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നെങ്കിൽ മറ്റൊരാൾ ബെൽറ്റുകൊണ്ട്  വയറ്റത്ത് ആഞ്ഞടിക്കുകയായിരുന്നു.  അവൻ പരിക്ഷീണനായി എന്നുറപ്പായപ്പോൾ ഹോട്ടൽ ജോലിക്കാരെല്ലാവരും പിൻവാങ്ങി അവരവരുടെ പഴയസ്ഥാനങ്ങളെ പഴയമട്ടിൽ കൂളായി അലങ്കരിച്ചു. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ ലീന പ്രാകിക്കൊണ്ട് ജോജിയെ താങ്ങിപ്പിടിച്ചെഴുന്നേൽപ്പിച്ചു. കസേരയിൽ ഇരുത്തിക്കൊണ്ട് അവളിങ്ങനെ പരിഹസിച്ചു.

‘‘മണ്ടൻ. റെഡ് വൈൻ വിൽക്കാനാണോ ഇവർ ബാറും തുറന്നിരിക്കുന്നത്. അതിവിടത്തെ മാടക്കടകളിലൊക്കെ വയറുനിറയെ കിട്ടും. ബാറിൽ വന്ന് റെഡ് വൈൻ ചോദിച്ചാൽ അവർക്കു ദേഷ്യം വരാതിരിക്കുമോ? എന്തായാലും ഭൂമിയിലുള്ള കാലത്തേക്ക് ഇതൊരു പാഠമായിരിക്കട്ടെ.’’

ഞരങ്ങിക്കൊണ്ട് അവൻ ഇത്രയും പറഞ്ഞൊപ്പിച്ചു. ‘‘ജിംലെറ്റ് ഒന്നും കഴിച്ച് എനിക്കു ശീലമില്ല. എനിക്കെന്നല്ല അവിടെ  ആർക്കും. ഞങ്ങൾ വെള്ളം ഉണ്ടാക്കുന്നത് എന്തുമാത്രം കഷ്ടപ്പെട്ടാണെന്നറിയാമോ? അപ്പോൾ അതു വെറുതെ കളയാൻ  ആർക്കാണു കഴിയുക.റെഡ് വൈൻ പോലും കഴിക്കുക റിട്ടയർ ചെയ്തവർ മാത്രമാണ്. അതും പിഴ അടച്ചുകൊണ്ട്.’’

ലീനയ്ക്കു ക്ഷമ നഷ്ടപ്പെട്ടു.അവന്റെയൊരു ചന്ദ്രൻ!! അവൾ അവന്റെ മുഖത്തേക്കു കാർക്കിച്ചു തുപ്പി. ആ തുപ്പൽ കഴുകിക്കളയാൻ അവൻ വാഷ്ബേസിൻ തപ്പി നടക്കുന്ന നേരം കൊണ്ട് അവൾ പടപടേന്ന് മൂന്നു ജിംലെറ്റ് തെരുതെരെ വിഴുങ്ങി ദേഷ്യം തീർത്തു.

ചെന്താമരക്കൊക്കയിലെ കൊക്ക സർവകലാശാലയുടെ ലൈബ്രറിയിൽ നിരനിരയായി സൂക്ഷിച്ചിട്ടുള്ള കംപ്യൂട്ടറുകൾക്കു നടുവിലെ പുഷ്ബാക്ക് കസേരയിൽ ചാരിക്കിടന്ന് പാംടോപ്പിൽ എന്തോ വായിച്ചുകൊണ്ടിരുന്ന ജഗന്നാഥന്റെ മുന്നിൽ  ചെന്നുനിന്നു ലീന തൊണ്ട ഇരപ്പിച്ചു.

‘‘ഡി ബിച്ച്, എന്തു വേണം?’’

ജഗന്നാഥൻ അവളുടെ നെഞ്ചിൽ കുത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു. അവൾക്കൊരൽപം നൊന്തെങ്കിലും ചെറിയൊരു സുഖം കൂടി തോന്നിയതിനാൽ ഉടക്കാൻ നിന്നില്ല.

‘‘ഈ ബാസ്റ്റാർഡിന് ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയണമെന്ന്. ഇവൻ പറയുന്നു ഇവന്റെ കയ്യിലുള്ള ചില പുസ്തകങ്ങളിൽ ഇവിടമൊക്കെ വനമാണെന്ന്.’’

അതു കേട്ടതും ജഗന്നാഥൻ പത്തുമീറ്റർ നീളത്തിലൊരു നെടുവീർപ്പു പുറത്തു വിട്ടു. വർഷങ്ങളായി വായിച്ചുകൂട്ടിയ വിജ്ഞാനമൊക്കെ കേൾക്കാൻ ആദ്യമായൊരിരയെ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു അത്. ചരിത്രം അറിയാൻ ആഗ്രഹമോ അതിനോടു ബഹുമാനമോ ഒട്ടുമില്ലാത്തവരുടെ മുന്നിൽ ഒരു ചരിത്രഗവേഷകന് സ്ഥാനമെന്ത്?

ശരിക്കും ശബരിമലയ്ക്കും പൊന്നമ്പലമേടിനും ഇടയിലുള്ള വലിയൊരു മെട്രോ നഗഗ്നരമാണിന്നു ചെന്താമരക്കൊക്ക. ഭൂമിയുടെ ഊഷ്മാവ് കൂടുകയും  കാലാവസ്ഥയിൽ അട്ടിമറികളുണ്ടാവുകയും ചെയ്തുകൊണ്ടിരിക്കെ, കടലുയർന്ന് കരകളെ വിഴുങ്ങിക്കൊണ്ടിരിക്കെ,  എഡി 2020 ൽ ആ ഒരു വമ്പൻ സൂനാമിയും. കേരളമുൾപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറൻതീരം ഇരുപതു കിലോമീറ്ററിലധികം കടലെടുത്തു. മരിക്കാതെ ശേഷിച്ചവർ ജീവനും കൊണ്ട് ഓടുകയായിരുന്നു. കൂട്ടപ്പലായനം. തിങ്ങിനിറഞ്ഞ ജനവാസകേന്ദ്രങ്ങളും വറ്റിവരണ്ട പുഴകളും വെന്തുകിടന്ന ടാർ റോഡുകളുമൊക്കെ കാൽവേഗത്താൽ തരണം ചെയ്ത് അവരെത്തിയത് കൊടുംകാടുകളിൽ. അതിലൊരു കൂട്ടരാണ് ചെന്താമരക്കൊക്കയെ കണ്ടെത്തിയത്.

ആകാശത്തെ ചുംബിച്ചുനിന്ന നാങ്ക്, പുന്നപ്പ, വെടിപ്ലാവ്‌, ചോരപ്പാലി, വെള്ളപ്പൈൻ എന്നു തുടങ്ങി എണ്ണമില്ലാത്ത മഹാമരങ്ങളെ നിലംപതിപ്പിച്ചും ആനപുലികരടികടുവയാദികളെ ബോംബെറിഞ്ഞും വെടിവച്ചും ഇല്ലായ്മയാക്കിയും അവർ കൊക്കയിൽ പടർന്നു കയറി. മലതുരന്ന മണ്ണു നിറച്ച്  കൊക്കയെ സമതലമാക്കി.ചൂടിന്റെ ബലിയാടുകൾ  ചൂടുകൂട്ടാൻ മൽസരിച്ചു.  ഭൂമിക്കു സമാന്തരമായി മനുഷ്യരുടെ ശരീരോഷ്മാവിലുണ്ടായ വർധന അവരുടെ പ്രവൃത്തികളിലും പ്രതിഫലിച്ചു. ചെന്താമരക്കൊക്കയിൽ നിന്ന് നാട്ടിലിറങ്ങിയവർ  തെരുവുതോറും നടന്ന് മഹാത്മാഗഗ്നാന്ധിയുടെ പ്രതിമകൾ തകർത്തു. പകരം ഇദി അമീൻ, അഡോൾഫ് ഹിറ്റ്ലർ, പോൾ പോട്ട്, ജോർജ് ബുഷ് തുടങ്ങിയവരുടെ പൂർണകായ പ്രതിമകൾ നിർമിച്ചു  പ്രതിഷ്ഠിച്ചു. മനുഷ്യമാംസമായി ഇഷ്ടഭക്ഷണം. ആണിന്റെയും പെണ്ണിന്റെയും ഇളംശരീരങ്ങൾ കാണെക്കാണെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.ഹോട്ടലുകളിലെ തീൻമേശകളിൽ വിളമ്പിയ മാംസം സ്വന്തം മക്കളുടേതെന്നറിയാതെ കഴിച്ചവർ പോലുമുണ്ട്. ഇപ്പോഴിവർ ചന്ദ്രനിലേക്കും  ചൊവ്വയിലേക്കുമൊക്കെ  കുടിയേറാനൊരുങ്ങുകയാണ്. കോറ്റ്ഷി (Kochi) യിലെ രണ്ടു സ്വകാര്യ കമ്പനികൾ അടുത്തമാസം ചന്ദ്രനിലേക്കുള്ള ഷട്ടിൽ സർവീസ് ആരംഭിക്കുന്നു. കഴിവതും വേഗം ചെന്നെത്തുക. അവിടത്തുകാരെ കൊന്നിട്ടായാലും വേണ്ടില്ല,  സ്വന്തം മേച്ചിലിടങ്ങൾ കെട്ടിയുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പ്രബലമായ ചിന്ത. ആരാദ്യം എന്നതിനെച്ചൊല്ലിയുള്ള വാതുവയ്പുകൾ പോലും നടക്കുന്നു.

ജഗന്നാഥന്റെ വീശദീകരണം തുടരുമ്പോൾ ‘ചെറുക്കാ നീയിവിടെയിരിക്ക്’ എന്നു പറഞ്ഞ് ലീന പുറത്തേക്കൊന്നിറങ്ങി. വിവരണം ഒരു ഘട്ടത്തിൽ നിർത്തിയ ശേഷം ജഗന്നാഥൻ ഒരു ബോഡി ചിപ് എടുത്ത് ജോജിയുടെ ചെന്നിയിൽ പിടിപ്പിച്ചു. അപ്പോൾ കംപ്യൂട്ടർ സ്ക്രീനിലെന്ന പോലെ ദൃശ്യങ്ങൾ മതിയായ വിവരണത്തോടൊപ്പം അവന്റെ കണ്ണിൽ തെളിഞ്ഞു വരാൻ തുടങ്ങി. കാഴ്ചയിൽ അവൻ മുങ്ങിക്കിടന്നപ്പോൾ കയ്യൊന്നു നൊന്തു. ചെറിയൊരു നനവും. ചിപ്പ് ഊരി മാറ്റി നോക്കുമ്പോൾ ജഗന്നാഥനുണ്ട് കുനിഞ്ഞു കിടന്ന് ചോര പൊടിയുന്ന തന്റെ വലതു കണങ്കയ്യിൽ നക്കുന്നു. കയ്യിൽ വെളുത്തു തിളങ്ങുന്നൊരു സ്റ്റീൽ പിച്ചാത്തിയും. ജഗന്നാഥന്റെ കണ്ണുകൾ അപ്പോൾ ഒരു കടുവയുടേതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. നാസിക വികസിച്ചു നിന്നു.

ഭയം കാട്ടാനയെ പോലെ വളർന്നപ്പോൾ ജോജി ചാടിപ്പിടഞ്ഞ് എഴുന്നേറ്റു. ചെന്നിയിൽ പിടിപ്പിച്ചിരുന്ന ബോഡി ചിപ് ഊരിയെറിഞ്ഞു. കാലിന്റെ സ്പീഡ് 120 കിലോമീറ്ററിലാക്കി. ദൂരം കുറെ പിന്നിട്ടെന്നു തോന്നിയപ്പോഴാണ് വേഗം കുറച്ച് അൽപ്പമൊന്നു നിന്നത്. ലീന എവിടെയെന്നായി അപ്പോൾ വിചാരം. അവളുടെ തരംഗദൈർഘ്യത്തിലും ഫ്രീക്വൻസിയിലും സെൻസർ ട്യൂൺ ചെയ്തെടുത്ത് ആ സിഗ്നൽ നോക്കിയായി പിന്നത്തെ നടത്തം. നടന്നു നടന്ന് അണച്ചു ചെല്ലുമ്പോൾ ലീനയുണ്ട് കൊച്ചുപമ്പ ജംഗ്ഷനിൽ മലർന്നു കിടന്ന് കൈകാലിട്ടടിക്കുന്നു. അവളുടെ മേൽവസ്ത്രം കീറിപ്പറിച്ചെടുത്തു കളഞ്ഞിരുന്നു. അടിവസ്ത്രങ്ങളും സ്ഥാനം മാറി കിടന്നു. അരികിൽ മദ്യക്കുപ്പികളും ഗ്ലാസ്സുകളും നിരത്തിവച്ചിരുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി നിന്ന നാലു പേർ അട്ടഹസിക്കുന്നുണ്ടായിരുന്നു. പരസ്പരം തർക്കിക്കുകയും.

‘‘ഞാൻ മൂന്നു കഴിഞ്ഞു’’ എന്നൊരാൾ.

‘‘ഞാൻ നാലായി’’ എന്നു മറ്റൊരാൾ.

‘‘പോടാ അവിടുന്ന്, ഞാൻ അഞ്ചായി’’ എന്നു മൂന്നാമൻ.

‘‘എന്നാൽ നിങ്ങളെല്ലാം മാറി നിൽക്ക്, ഞാൻ നല്ലപ്പഴൊന്നു തുടങ്ങട്ടെ’’  എന്നു പറഞ്ഞ് ജീൻസിന്റെ ബെൽറ്റഴിക്കാൻ തുടങ്ങി നാലാമൻ.

കുറച്ചു ദൂരെ മാറി  ഒരു പറ്റമാളുകൾ ബൈനോക്കുലറുകൾ ഉപയോഗിച്ച് ഈ സംഭവങ്ങളെല്ലാം സൂക്ഷ്മമായി വീക്ഷിച്ച്  രസിച്ചുല്ലസിച്ചു  നിന്നിരുന്നു. ലീനയെ രക്ഷിക്കാൻ തനിക്കാവില്ലെന്നു ജോജിക്കു തോന്നി. അടിയന്തരഘട്ടത്തിൽ എർത്ഷിപ്പിലേക്കടുക്കാനുള്ള ടിഷ്യൂ സെൻസർ അവൻ പ്രവർത്തനക്ഷമമാക്കി. ഗതിവേഗം പലമടങ്ങായി.

രണ്ടു പേരെയും ഒരുമിച്ചു കാണാതായപ്പോൾ ലീനയുടെ അപ്പന് ആദ്യം ദേഷ്യമാണു തോന്നിയത്. ചെറുക്കനും പെണ്ണും കൂടി തങ്ങളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുന്നു എന്നയാൾ ചിന്തിച്ചു.  ഇരുവരെയും കയ്യോടെ പിടിക്കാൻ കുടുംബക്കാർ നാടു മുഴുവൻ വിന്യസിക്കപ്പെട്ടു.  അന്വേഷണത്തിന്റെ അടക്കംകൊല്ലി വലയുമായി അവർ നിരത്തിലിറങ്ങി. കീറിപ്പറിഞ്ഞ തുണികളുമായി ബോധരഹിതയായ നിലയിൽ ആദ്യം ലീനയെ കണ്ടെത്തി.  കുറച്ചകലെ മാറി കണ്ടതാകട്ടെ  ഒരു ഇളം തലയോട്ടിയും കുറെ  എല്ലിൻകഷണങ്ങളും. ആ എല്ലിൻതുണ്ടുകളിൽ  ഉപ്പും കുരുമുളകുപൊടിയും പറ്റിപ്പിടിച്ചിരുന്നു. കൊതി ഘനീഭവിച്ചു നിന്ന മിഴികൾ കൊണ്ട്  അവർ ആ കാഴ്ചയിലേക്കു നോക്കി.

O



നിതാഖാത്‌

പ്പൻ പീലിപ്പോസിന്റെ മൃതദേഹം ചരൽക്കല്ലുമൂഴിയിലെ വീട്ടിൽ നിന്നും പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ കൊണ്ടുപോയി വച്ച ശേഷം കൂടപ്പിറപ്പ്‌ ഷിബു പീലിപ്പോസ്‌ സൗദിയിൽ നിന്നു വരാനുള്ള കാത്തിരിപ്പാലാണ്‌ ഷൈജു. വലതു കൈപ്പത്തി കണ്ണുകൾക്ക്‌ മീതെ നെറ്റിമേൽ വളച്ചുപിടിച്ച്‌ മാനത്തേക്ക്‌ നോക്കിയ ഷൈജു പീലിപ്പോസ്‌ അറിയാതെ കണ്ണുകളടച്ചുപോയി. തിളയ്ക്കുന്ന വെയിലിന്റെ കുന്തമുനകൾ അയാളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറാൻ നടത്തിയ ശ്രമം അങ്ങനെ പരാജയപ്പെട്ടു. കാഴ്ച ഇരുണ്ടഗാധമായവസാനിച്ചെങ്കിലും കാതുകളിൽ ഒരു വിമാനത്തിന്റെ കറുത്ത ഇരമ്പം മുഴങ്ങി പ്രതിധ്വനിച്ചു നിന്നു.

ഷിബു വരുന്നുവെന്ന് കേട്ടാൽ പണ്ടൊക്കെ പെരുന്നാളിന്റെ അന്തരീക്ഷമായിരുന്നു വീട്ടിൽ. പക്ഷേ ഇത്തവണ ആ വരവ്‌ പ്രതീക്ഷിച്ചിരിക്കുന്ന ഓരോ നിമിഷവും ഒരു യുദ്ധരംഗത്തെ അനിശ്ചിതത്വവും ഉത്കണ്ഠകളും നിറഞ്ഞതാണല്ലോ എന്ന് ഷൈജുവിന്‌ വെറുതെ തോന്നി. രണ്ടാം ലോകമഹായുദ്ധം അപ്പോൾ ഒരു അണുബോംബിന്റെ വീര്യത്തോടെ വിചാരങ്ങളിലേക്ക്‌ പൊട്ടിവീണു. അതും വെറുതെ. അല്ലെങ്കിലും വിചാരങ്ങളൊക്കെ പലപ്പോഴുമങ്ങനെയാണ്‌. മുന്നറിയിപ്പൊന്നുമില്ലാതെ, സമയവും സാഹചര്യവും നോക്കാതെ അനുവാദം പോലും ചോദിക്കാതെ വെറുതെയങ്ങ്‌ ഞെടുപ്പറ്റുവീഴും. ജപ്പാനിൽ അമേരിക്ക അണുബോംബിട്ടതിന്റെ കേരളത്തിലെ പ്രത്യാഘാതം എന്തെന്ന് അന്നു ചോദിച്ചിരുന്നെങ്കിൽ ആഘാതമൊന്നുമല്ല, അനുഗ്രഹമാ എന്ന് മടിയില്ലാതെ പറഞ്ഞേനേ പീലിപ്പോസ്‌. ഇന്നു പക്ഷേ, ഷൈജുവിന്റെ മനസ്സിൽ ആഘാതം എന്ന വാക്കേ മുളച്ചുവരൂ. അയാൾക്ക്‌ അങ്ങനെ തോന്നാൻ പല കാരണമുണ്ട്‌. ഏറ്റവും പുതിയത്‌ ഇതാണെന്നു മാത്രം. മൂന്നു മക്കളിൽ രണ്ടുപേരും കഴിഞ്ഞ ദിവസം പള്ളിക്കൂടത്തിന്റെ മൈതാനത്ത്‌ മോഹാലസ്യപ്പെട്ടു വീണു. നട്ടുച്ചയ്ക്ക്‌ ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു അവർ. കൂടെയുള്ള കുട്ടികളുടെ വിളിച്ചുകൂവൽ കേട്ട്‌ ഓടിക്കൂടിയവർ താങ്ങിയെടുത്ത്‌ ഡോ.മാത്യൂ കുന്നുംപുറത്തിന്റെ ക്ലിനിക്കിലേക്കാണ്‌ നേരേ കൊണ്ടുപോയത്‌. ഡോക്ടർ പരിശോധിച്ചപ്പോഴല്ലേ പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചുവന്നകുമിളകൾ. ഡോക്ടർ പറഞ്ഞു.

"നേരെ ഇങ്ങോട്ടു കൊണ്ടുവന്നതു കൊണ്ട്‌ രക്ഷപ്പെട്ടു. കുറേനേരം കൂടി കിടന്നിരുന്നെങ്കിൽ തട്ടിപ്പോയേനേ. ഇതു സൂര്യാഘാതമാ."

പതിനഞ്ചുകാരനായ പീലിപ്പോസിനെയും അതിലും ചെറിയ, ആണും പെണ്ണുമായ 11 എണ്ണത്തിനേം ഈ 12 പിള്ളാരേയും പെറ്റു ക്ഷീണിച്ച ഭാര്യ സാറാമ്മയെയും കൊണ്ട്‌ വല്യപ്പച്ചൻ യോഹന്നാൻ 68 വർഷം മുമ്പാണ്‌ കുറവിലങ്ങാട്ടു നിന്നു പുറപ്പെട്ടത്‌. സഹോദരന്മാരും സുഹൃത്തുക്കളുമൊക്കെയായി നാൽപ്പതമ്പതു പേരെയും കൂട്ടത്തിൽ കൂട്ടി പള്ളികൾ താണ്ടിയും കരഞ്ഞപേക്ഷിച്ചും ഒരാഴ്ചയോളമെടുത്താണ്‌ യോഹന്നാന്റെ സാഹസികസമൂഹം കൊടുങ്കാട്ടിലെത്തിയത്‌. കാട്ടാനകളും കാട്ടുപന്നിയും മ്ലാവുകളുമൊക്കെ സദാ റോന്തു ചുറ്റുന്ന, കടുവയും പുലിയുമൊക്കെ ഇടയ്ക്കിടെ വന്നു മീശപിരിച്ചു പോകുന്ന കാടിനുമേൽ കോടാലിത്തലകൾ എറിഞ്ഞുപിടിപ്പിച്ചുകൊണ്ട്‌ മുന്നേറുമ്പോൾ യോഹന്നാന്റെയും കൂട്ടുകാരുടെയും മുഖങ്ങളിൽ കീഴ്പ്പെടുത്തുന്നവന്റെ വന്യമായ സംതൃപ്തിയും അട്ടഹാസഭരിതമായ ആനന്ദവും നിറഞ്ഞുനിന്നു. പകൽ പോലും സൂര്യരശ്മി വീണിട്ടില്ലാത്ത മണ്ണ്‌ സൂര്യന്റെ പുഞ്ചിരി നേരിട്ട്‌ ഒപ്പിയെടുത്തു. കുളയട്ടകൾ മദിച്ചുവാഴുന്ന ഈറൻ മണ്ണിൽ ചോരയൊലിപ്പിച്ച്‌ അവർ മുന്നേറി. രാവിന്റെ കൊടുംതണുപ്പും പകലിന്റെ ഇളംതണുപ്പും കീറച്ചാക്കുകൾ വാരിപ്പുതച്ച്‌ ആസ്വാദ്യമാക്കി. ദുർബലരായ ചിലർക്ക്‌ മലമ്പനിയും വയറിളക്കവുമൊക്കെ അധികരിച്ചപ്പോൽ പുല്ലുമേഞ്ഞുണ്ടാക്കിയ കൊച്ചുപള്ളിപ്പറമ്പിൽ ആദ്യകാല ശവശരീരങ്ങൾ മണ്ണോടുമണ്ണു ചേർന്നു.

എതിരുനിന്ന കാടിനെയും കാറ്റിനെയും കാലാവസ്ഥകളെയും ഇച്ഛയുടെ പെരുംചൂരൽ വിറപ്പിച്ചുകാട്ടിയും കൊന്നൊടുക്കി വെന്നു നേടാനുള്ള അധിനിവേശഭാവനകളുടെ വടിവാൾ വീശിയും അവർ വരുതിയിലാക്കി. വെട്ടിത്തെളിച്ചെടുത്ത നൂറേക്കറിൽ യോഹന്നാനും അതിൽ കുറവായ ഏക്കറുകളിൽ കൂട്ടുകാരും നെല്ലും വാഴയും കപ്പയും കുരുമുളകും ഒക്കെയായങ്ങ്‌ പടർന്നു വളർന്നു.

യോഹന്നാനച്ചായനെ മലമുകളിലെത്തിച്ച രക്ഷയുടെ കരങ്ങൾ തേടി കുറവിലങ്ങാട്ടുനിന്നും കടുത്തുരുത്തി പാലാകളിൽ നിന്നും പിന്നെയും പിന്നെയും കഠിനരായ അധ്വാനികൾ വരിവരിയായി വന്നുകൊണ്ടിരുന്നപ്പോൾ മെല്ലെ മെല്ലെ ചരൽക്കല്ലുമൂഴി എല്ലാം തികഞ്ഞ സ്വാശ്രയ കാർഷികോൽപ്പാദന ഗ്രാമമോ പട്ടണമോ ഒക്കയായി ഉയർന്നു. യോഹന്നാനും ആദ്യസംഘവും ചേർന്ന് കാട്ടുകല്ലുകളും മുളന്തടിയുമടുക്കിയുണ്ടാക്കിയ പുല്ലുപള്ളി ക്രമേണ ഓട്ടുപള്ളിയും വാർക്കപ്പള്ളിയുമൊക്കെയായി നിവർന്നു. പള്ളിക്കടുത്ത്‌ പള്ളിക്കൂടവും പോസ്റ്റ്‌ ഓഫീസും ആശുപത്രിയുമൊക്കെ നിരന്നു. പുതുപുത്തൻ വീടുകളും കടകളും വോട്ടുബൂത്തുമൊക്കെ വന്നപ്പോൾ കാട്ടുപച്ചയുടെ മൂടരിഞ്ഞ കറിപ്പച്ചയുടെ കടന്നുകയറ്റം ഹരിതവിപ്ലവമോ ആത്മസമർപ്പണമോ ഒക്കെയായി ശ്രേഷ്ഠമായി. കാണെക്കാണെ കുടിയേറ്റക്കാരുടെ എണ്ണം പെരുകിയപ്പോൾ അവർക്കായി പാർട്ടികളുണ്ടായി. എം.പിയും എംഎൽഎയും മന്ത്രിയുമൊക്കെ മലകയറി കാട്ടുപഞ്ചായത്തിലെത്തി. മലമ്പാതകൾ ടാർ പുതച്ച ഹൈവേകളായി. പിന്നാലെ ബസും കാറും ജീപ്പുമൊക്കെ ചുരം കയറിവന്നു. ആ ബസുകളിൽ ബാലകൃഷ്ണനും അബ്ദുള്ളയും സാദിരിക്കോയയുമൊക്കെ ചാക്കുകണക്കിന്‌ ഭാഗ്യാന്വേഷണവുമായി വന്നിറങ്ങി. പിന്നെയുമേറെക്കഴിഞ്ഞ്‌ മൊബൈൽ ഫോണും കംപ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലകയറിയെത്തുമ്പോഴേക്കും അന്നത്തെ പതിനഞ്ചുകാരൻ പീലിപ്പോസിനെ വാർദ്ധക്യം കൂട്ടുകാരനാക്കിയിരുന്നു.

യോഹന്നാൻ നട്ടുവളർത്തിയ ഭക്ഷ്യവിളകൾക്ക്‌ മേൽ റബ്ബർ വലിഞ്ഞു കയറുന്നത്‌ പീലിപ്പോസിന്റെ ഉത്സാഹത്തിലാണ്‌. റബറിന്റെ തൈകൾ നിറച്ച ജീപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നു വന്നിറങ്ങിയപ്പോഴാണ്‌ പീലിപ്പോസിന്‌ യോഹന്നാനുമായുള്ള ജനറേഷൻ ഗ്യാപ്പ്‌ ആദ്യമായി തെറിരൂപത്തിൽ കറ ചുരത്തുന്നതായി അനുഭവപ്പെട്ടതെങ്കിൽ മൺപിലാവിൽ കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്ത്‌ രാജവെമ്പാലയിറങ്ങിയപ്പോഴാണ്‌ ഷൈജു പീലിപ്പോസും പീലിപ്പോസും തമ്മിലുള്ള തലമുറവിടവ്‌ നാലുപേർ കേൾക്കെ വീട്ടുമുറ്റത്ത്‌ വീണു ചിതറിയത്‌. ഷൈജു പറഞ്ഞു.

"അപ്പാ കണ്ടില്ലേ, നാടും മാത്രമല്ല കാടും ഇപ്പോൾ ജീവിക്കാൻ പറ്റാതായിരിക്കുന്നു. ആരാ ഇതിനുത്തരവാദികൾ..?"

"ആരാ."

"വല്യപ്പച്ചൻ, അപ്പൻ, പിന്നെ ഞാനും.."

"അതെന്തുവാടാ നമ്മൾ എന്തോന്നു ചെയ്തെന്നാ?"

"നല്ല തണുപ്പും കാറ്റു മഴേം ഒക്കെയുള്ള നാടല്ലാരുന്നോ ഇത്‌. ലോകത്തിൽ മനുഷ്യവാസത്തിന്‌ ഏറ്റവും പറ്റിയ സ്ഥലം. അതുകൊണ്ടല്ലേ തോമാശ്ലീഹയും വാസ്കോഡഗാമയും ഹെർമൻ ഗുണ്ടർട്ടും അങ്ങനെയൊരുപാടു വിദേശികൾ വാലെവാലെ ഇവിടേക്കു വന്നത്‌."

"അതു നന്നായില്ലേ? ഒത്തിരിപ്പേർ രക്ഷിക്കപ്പെട്ടില്ലേ?"

"ഓ, എനിക്ക്‌ കരച്ചിൽ വരുന്നു. ഇതൊക്കെയാണോ എന്റപ്പാ രക്ഷ."

അപ്പോൾ ഒരു വേഴാമ്പൽ ഉച്ചത്തിൽ മലമുഴക്കിക്കൊണ്ട്‌ അവർക്കരികിലൂടെ പറന്നുപോയി. പിന്നാലെ ഒരു മയിൽ എവിടെ നിന്നോ പറന്നുവന്ന് അടുത്തൊരു ചില്ലയിൽ ഇരുന്നു കൊക്കി. ഷൈജുവിന്റെ മാത്രമല്ല പീലിപ്പോസിന്റെയും ഉടൽമരം വിയർപ്പുചില്ലകൾ വിടർത്തി ഊഷ്മാവിനാൽ കീറിമുറിക്കപ്പെട്ടു.

"കണ്ടില്ലേ, വേഴാമ്പലിനും രാജവെമ്പാലയ്ക്കും കാട്ടിൽ രക്ഷയില്ലാണ്ടായി. മരുക്കാട്ടിൽ വളരേണ്ട മയിൽ ഇതാ മഴക്കാട്ടിൽ തുള്ളിക്കളിക്കുന്നു. 24 മണിക്കൂറും തണുപ്പു പുതച്ചു കിടന്ന ഈ മലമുകളിൽ നമ്മൾ 68 വർഷം കൊണ്ട്‌ മരുഭൂമി പറിച്ചുനട്ടു. ചുട്ടുപൊള്ളുന്ന ഈ മണ്ണിലിപ്പോൾ കുടിക്കാൻ വെള്ളം പോലുമില്ലാതായില്ലേ? ഇതാണോ രക്ഷ."

"നീയെന്താ പുറംജാതിക്കാരനെപ്പോലെ സംസാരിക്കുന്നത്‌. ദൈവം നമുക്ക്‌ തന്ന അധികാരമാണ്‌ പ്രകൃതിയെ അനുഭവിച്ചു ജീവിക്കുകയെന്നത്‌. ദൈവസൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠത മനുഷ്യനു തന്നെ. അവന്റെ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ളതാണ്‌ മറ്റെല്ലാം - കാടും മരവും പക്ഷിയും മൃഗവുമൊക്കെ."

"അത്‌ നമ്മൾ ദൈവകൽപ്പനയെ തെറ്റായി മനസിലാക്കിയതുകൊണ്ടു പറ്റിയതാ അപ്പാ. പക്ഷികളേം മൃഗങ്ങളേം പുഴകളേം കാറ്റിനേം തീയേം മഴയേം പ്രകൃതിയിലുള്ള എന്തിനെയും മനുഷ്യനേക്കാൾ വളരെ ഉയരത്തിൽ, ദൈവമായി കാണുന്നവരാണ്‌ ഈ മണ്ണിന്റെ മക്കൾ. നമ്മുടെ പുസ്തകത്തിലും പറയുന്നത്‌ പ്രകൃതിയിലുള്ളവയെ എല്ലാം സംരക്ഷിക്കേണ്ടത്‌ മനുഷ്യന്റെ ചുമതലയാണെന്നാണ്‌. അപ്പൻ ഉൽപ്പത്തി പുസ്തകം നേരേ ചൊവ്വെ ഇതുവരെ വായിച്ചിട്ടില്ല. ആകാശത്തിലെ പറവകൾ, കാടപക്ഷി, യോനാപ്രവാചകന്റെ ആവണക്ക്‌ തുടങ്ങിയ ഉപമകളൊക്കെ പ്രകൃതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിക്കുന്നില്ലേ?"

"നിന്റെ വല്യപ്പച്ചനെ മുൻനിർത്തി ഞങ്ങളെല്ലാം കൂടി കാടു വെട്ടിത്തെളിച്ചെടുത്തതുകൊണ്ടാ ഇന്നിതൊക്കെ പറയാൻ നീ എന്റെ മുന്നിൽ നിൽക്കുന്നത്‌. അതുകൊണ്ടല്ലേ നോക്കെത്താദൂരം പരന്നുകിടക്കുന്ന കൃഷിഭൂമിയിലേക്കൊന്നു കണ്ണെറിയാൻ പോലും നിൽക്കാതെ നീ സൂപ്പർമാർക്കറ്റിൽ പോയി കുത്തിയിരിക്കുന്നത്‌. നിന്റെ ഇച്ചായൻ ഗൾഫിൽ ഭാഗ്യം പരതുമ്പോൾ ഇവിടെ ഈ മണ്ണിൽ എന്നെ സഹായിക്കുന്നത്‌ ബിഹാറിയാ."

അപ്പോൾ പ്രാകൃതഹിന്ദിയും ദേവനാഗരിയും ബംഗാളിയുമൊക്കെ പല പല പാറക്കെട്ടുകളിൽ നിന്നുള്ള പ്രതിധ്വനികളായി അവരെ വന്നു പൊതിഞ്ഞു.

"കാട്ടിൽ താമസിക്കേണ്ട ആനയും പന്നിയുമൊക്കെ ദിവസവും സ്വന്തം മണ്ണിന്മേലുള്ള അവകാശം വിളിച്ചു പറഞ്ഞുകൊണ്ട്‌ നമ്മുടെ കൃഷിഭൂമിയിലൂടെ കയറിയിറങ്ങുമ്പോൾ കൃഷിക്ക്‌ യഥേഷ്ടം വെള്ളം കൊണ്ടു തന്നിരുന്ന കാട്ടരുവികളെല്ലാം ഉറവ പോലുമില്ലാതെ വറ്റിപ്പോകുമ്പോൾ അപ്പനൊന്നോർത്തോ, ഇവിടെ നിന്നു മടക്കയാത്രയ്ക്കുള്ള സമയമായി നമുക്ക്‌. ഈ കാട്ടുമുക്കിൽ ഇനി നമുക്ക്‌ ചെയ്യാൻ ഒന്നുമില്ല. ഇവിടത്തെ എന്റെ വീതമൊന്നു വിറ്റു തരാമോ? എറണാകുളത്തൊരു ഫ്ലാറ്റ്‌ വാങ്ങണം."

അതുകേട്ടതും പീലിപ്പോസിന്റെ വയറ്റിൽ അള്ളിപ്പിടിക്കുന്നൊരു വേദന വന്നു കൊളുത്തി വലിച്ചു. വയറിനു മേലേ രണ്ടു കൈയും കൊണ്ട്‌ കുത്തിപ്പിടിച്ച്‌ പീലിപ്പോസ്‌ മണ്ണിലിരുന്നു. അപ്പന്റെ വേദന കണ്ടുനിൽക്കാനാവാതെ ഷൈജു ജീപ്പിൽ കയറ്റി നേരേ റാന്നിക്കു വിട്ടു.

"പുഷ്പഗിരീ പോവാ നല്ലത്‌." - റാന്നിയിൽ നിന്നു തള്ളി.

പുഷ്പഗിരിയിലെ പരിശോധനയുടെ ഫലം കിട്ടിയത്‌ പിറ്റേന്നാണ്‌.

"നേരേ ആർ സി സിയിലേക്ക്‌ പൊക്കോ." പുഷ്പഗിരിയിൽ നിന്നു തള്ളി.

ആർ സി സിയിലെ ഡോക്ടർ വാ പൊളിച്ചു. വായുവും വെള്ളവും ആഹാരവും എല്ലാം ശുദ്ധമായ, എണ്ണമില്ലാത്ത ഔഷധസസ്യങ്ങളുള്ള വനഭൂമിയിലും ജീവകോശങ്ങളിങ്ങനെ പിടിതരാതെ പൊട്ടിപ്പിളരുകയോ?

ഷൈജു ഡോക്ടർക്ക്‌ ക്ലാസ്സെടുത്തു : "കുടിയേറ്റവും കയ്യേറ്റവുമൊക്കെക്കൊണ്ട്‌ കേരളത്തിലെ വനം മൂന്നിലൊന്നായി കുറഞ്ഞപ്പോൾ, വഴിയരുകിൽ നിന്ന മരങ്ങളൊക്കെ വെട്ടി തീയിട്ടപ്പോൾ, ടാറിൽ മുക്കിയ റോഡുകൾ പെരുകിയപ്പോൾ നമ്മൾ ഭൂമിയുടെ ഉഷ്ണം കൂട്ടുകയായിരുന്നു. കാട്ടിൽ ജീവിച്ചിരുന്ന മൃഗങ്ങൾക്ക്‌ അതിനുള്ളിൽ വാസം വിഷമകരമായപ്പോഴാണ്‌ അവ നാടിറങ്ങാൻ തുടങ്ങിയത്‌. അവയ്ക്ക്‌ വിഷമിക്കാനിപ്പോൾ കാടുമില്ലാതായല്ലോ. ചെന്നുകയറി ഞങ്ങളോ, എൻഡോസൾഫാനും മാരകവിഷങ്ങൾ മറ്റുമൊക്കെ കൃഷിവിജയത്തിലേക്ക്‌ കുറുക്കുവഴികളാക്കുമ്പോൾ ജീവകോശങ്ങളെങ്കിലും ചെറുതായൊന്നു പിണങ്ങണ്ടേ? ഇങ്ങനെ കണക്കു തെറ്റിച്ചു പിളരാനും വളരാനുമൊക്കെയല്ലേ അവയ്ക്കു പറ്റൂ."

എറണാകുളത്തേക്ക്‌ പറിച്ചു നടുന്നതിനെക്കുറിച്ച്‌ ഷൈജു പറഞ്ഞത്‌ അപ്പനെ വിഷമിപ്പിക്കാനായിരുന്നില്ല. ഗൽഫിൽ നിന്നു ഷിബു പണം അയച്ചുകൊടുത്തിരുന്നു., അയാൾക്കു കൂടി ഒരു ഫ്ലാറ്റ്‌ ബുക്കു ചെയ്യാൻ. രണ്ടുപേരുടെയും മക്കൾ എറണാകുളത്തെ റസിഡൻഷ്യൽ സ്കൂളിൽ നേരത്തെ തന്നെ പഠനം തുടങ്ങിയിരുന്നു.

 ഉറക്കമരുന്നുകൾ താത്ക്കാലിക സമ്മാനമായി നൽകിയ മയക്കശാന്തത ആർ സി സി യിലെ വാർഡിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ വേദന തിങ്ങി വീർത്തുരുണ്ട വയറു തടവി പീലിപ്പോസ്‌ കരഞ്ഞു.

"മോനേ ഇവിടിങ്ങനെ കിടക്കുമ്പോൾ, എനിക്ക്‌ കാണാം, മഴുവും തോളിൽ വെച്ച്‌ വീണ്ടും ആളുകൾ വരിവരിയായി കയറിപ്പോകുന്നു. കാട്ടിനുള്ളിൽ നിന്നു വൻമരങ്ങൾ തലതല്ലി മറിഞ്ഞുവീഴുന്നു. ഞാൻ ഉച്ചത്തിലൊന്നു നിലവിളിക്കട്ടേ?"

കുമ്പസാരത്തിന്റെ ആ രാത്രി പീലിപ്പോസ്‌ വെളുപ്പിച്ചില്ല. അപ്പന്റെ മരണവാർത്ത പറയാൻ വിളിച്ചപ്പോഴാണ്‌ ഷിബു പറയുന്നത്‌. "ഒരാഴ്ച കൂടി ബോഡി മോർച്ചറി വെക്കണേ. ഞാൻ നിർത്തിയങ്ങ്‌ പോരുവാ. നിതാഖാത്‌ (സ്വദേശിവത്കരണം) പിടികൂടി."

അപ്പോൾ പീലിപ്പോസിന്റെ ഭാര്യ റാഹേൽ നെഞ്ചത്തടിച്ചുകൊണ്ട്‌ ചോദിച്ചു.

"എടാ നിങ്ങളു രണ്ടുപേരും വിറ്റേച്ച്‌ പോവാണെങ്കിൽ പിന്നെ അപ്പനെ മാത്രം എന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക്‌ ഇട്ടേക്കുന്നേ? ഒന്നുകിൽ അപ്പനെ കൂടി കൊണ്ടുപോ. അവിടെങ്ങാനും അടക്കാം. അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ പിള്ളാർക്കെങ്ങാനും പഠിക്കാൻ കൊടുക്ക്‌."

പട്ടണമായി വളർന്നുകൊണ്ടിരിക്കുന്ന ചരൽക്കല്ലുമൂഴി നിരപ്പിലേക്ക്‌ അന്നു വൈകിട്ട്‌ ഷൈജു പോകാനൊരുങ്ങിയത്‌ അടുത്ത ചില സുഹൃത്തുക്കളെ കാണാനാണ്‌. എന്നാൽ അതിനു മുമ്പേ റാഹേലമ്മയിൽ നിന്ന് വിവരം ചോർന്നു കിട്ടിയ അവർ വലിയൊരു കൂട്ടം ആളുകളുമായി ഷൈജുവിന്റെ വീട്ടിലേക്ക്‌ നടപ്പു തുടങ്ങിയിരുന്നു. വഴിമദ്ധ്യേ കണ്ടുമുട്ടിയപ്പോൾ അവരുടെ നേതാവ്‌ പറഞ്ഞു.

"എടാ ഷൈജു, നീയാ വെള്ളമങ്ങ്‌ വാങ്ങി വെച്ചേര്‌. നേരത്തെയെങ്ങാനുമായിരുന്നെങ്കിൽ ഞങ്ങളൊന്നും പറയത്തില്ലായിരുന്നു. പക്ഷേ, ഇപ്പഴിനി സമ്മതിക്കുന്ന പ്രശ്നമില്ല. ഗാഡ്ഗിലെന്നും പറഞ്ഞൊരു എന്തിരവൻ നമ്മളെയെല്ലാം അങ്ങ്‌ ഒലത്തിക്കളേമെന്നും പറഞ്ഞ്‌ എറങ്ങീട്ടൊണ്ട്‌. കുടെയേറ്റക്കാരാണു പോലും പശ്ചിമഘട്ടം മുടിച്ചത്‌. അവനും അവന്റെ മറ്റവന്മാരും കൂടിയിങ്ങ്‌ വരട്ട്‌. കാണിച്ചു കൊടുക്കുന്നുണ്ട്‌. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ പീലിപ്പോച്ചായനോ ഇല്ല. നിങ്ങൾ മക്കൾ കൂടി ഇവിടുന്നു പോയാൽ പിന്നെ എന്തോ പറഞ്ഞു നിൽക്കും."

അപ്പോൾ ഷൈജുവിന്റെ മനസ്‌ മറ്റൊരു യുദ്ധക്കളമായി. കാടിന്റേം അപ്പന്റേം ഉടലുകളെ എന്തു ചെയ്യും? സ്വന്തം വിയർപ്പു വീണു കുതിർന്ന ഈ പച്ചമണ്ണിലുറങ്ങാനാവില്ലേ അപ്പന്റെ അഭിലാഷം. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കാൻ തുടങ്ങിയ മണ്ണിൽ പൊരുതി നിൽക്കാനൊട്ടു വയ്യ താനും. ദൈവം അരൂപിയിലൂടെ തനിക്കു തരുന്ന കൽപനകൾക്കു വേണ്ടി ഷൈജു പ്രതീക്ഷയോടെ പ്രാർത്ഥനയിലേക്കു കടന്നു. 

O