Tuesday, 21 January 2014

ദേഹങ്ങളുടെ ദേശസഞ്ചാരം

Avatharika written bt me for the novel DEHANDARAYATHRAKAL by Viddiman Manoj.
Novel is published by Krithy books.


 ദേഹങ്ങളുടെ ദേശസഞ്ചാരം 


എല്ലാത്തിനും ഒരു ഉത്തരമുണ്ടെന്ന ചിന്ത ആളുകളുടെ മണ്ടത്തരമാണ്. എന്നാൽ എല്ലാറ്റിനും ഒരു ചോദ്യമുണ്ടെന്ന വസ്തുത നോവലിനു പിന്നിലെ വിവേകമായി വർത്തിക്കുന്നു.. ലോകത്തെ ഒരു ചോദ്യമായി കാണാൻ നോവലിസ്റ്റ്   വായനക്കാരനെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. മിലൻ കുന്ദേര നോവലിനെക്കുറിച്ച‘ പറയുന്നത് ഇതാണ്.
നോവലിനെ സംബന്ധിച്ച കുന്ദേരയുടെ അഭിപ്രായം ഒാർമിപ്പിച്ചത്  വിഡ്ഢിമാൻ എന്ന പേരിൽ ോഗ് എഴുതുന്ന മനോജിന്റെ ദേഹാന്തരയാത്രകൾ  എന്ന കൃതിയുടെ  വായനയാണ്. താനെഴുതിയത് നോവലാണെന്നോ അല്ലെന്നോ മനോജ് പറയുന്നില്ല. ആദ്യ രണ്ട് അധ്യായങ്ങൾ  വായിക്കുന്പോൾ സുഖം തേടിയുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ചുള്ള രചന മാത്രമാണെന്നു തോന്നിയേക്കാം. സഭ്യതയുടെ നാട്ടു നടപ്പു നിയമങ്ങൾ വകവയ്ക്കാതെ എഴുതപ്പെട്ട  പുസ്തകം എന്നു വേണമെങ്കിലും തോന്നാം. പക്ഷേ, വായനയുടെ കുതിരയെ തുടർന്നുള്ള അധ്യായങ്ങളിലേക്ക് അഴി‘ച്ചുവിടുന്പോഴാണ് അത് ചവിട്ടിമെതിച്ച‘ുപോകുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ലോകം നമുക്കു മുന്നിൽ നഗ്നതയുടുത്ത് തെളിഞ്ഞുവരുന്നതും വായന ഒരു ഞെട്ടലായി പരിവർത്തിക്കപ്പെടുന്നതും.ശിൽപ്പഭംഗിയുടെ പേരിലോ ലാവണ്യനിയമങ്ങളുടെ പേരിലോ ആരെങ്കിലും ഒരു പക്ഷേ  ഈ കൃതിയെ വിമർശിേ‘ച്ചക്കാം.  പക്ഷേ, ഇതിനുള്ളിൽ കുറെ ജീവിതങ്ങളുണ്ട്. പ‘ച്ചയായ ജീവിതങ്ങൾ. വേദനകളും സംഘർഷങ്ങളും സന്തോഷങ്ങളും സമാശ്വാസങ്ങളും നിറഞ്ഞ പല പല അനുഭവഖണ്ഡങ്ങൾ. പച്ചയായി  എഴുതപ്പെട്ട ഈ കൃതി നിങ്ങൾക്ക് എവിടെ വച്ച‘ു വേണമെങ്കിലും വായി‘ച്ചു തുടങ്ങാം.  എവിടെ വ‘ച്ചു വേണമെങ്കിലും വായി‘ച്ചവസാനിപ്പിക്കാം.  പക്ഷേ, ഈ കൃതി ഒളിപ്പിച്ച‘ു  വയ്ക്കുന്ന നന്മയും നനവും അനുഭവങ്ങളുടെ ചൂടുമൊക്കെ അറിയണമെങ്കിൽ ആദ്യന്തം വായിക്കുക തന്നെ വേണം.
പൌലോ കൊയ്ലോ ഒരിക്കൽ പറഞ്ഞു.എന്റെ ഏതെങ്കിലും നോവൽ സിനിമയാക്കാൻ ആരെങ്കിലും താൽപ്പര്യപ്പെട്ടുവന്നാൽ ഞാൻ പറയും എനിക്കു താൽപ്പര്യമില്ല.ഒാരോ വായനക്കാരനും വായനയുടെ വേളയിൽ സ്വന്തം  തലേ‘ച്ചാറിനുള്ളിൽ അവന്റേതായ ഒരു സിനിമ നിർമിക്കുന്നുണ്ട്. അവർ കഥാപാത്രങ്ങൾക്ക് മുഖം നിർമിക്കും, ഒാരോ സീനും  നിർമിക്കും, ശബ്ദം കേൾക്കും, ഗന്ധം അറിയും. നോവൽ വായി‘ച്ച ഒരാൾക്ക്  ആ നോവലിന്റെ സിനിമാ രൂപം കാണുന്പോൾ നിരാശ തോന്നാം. കാരണം അയാളുടെ മനസിൽ നിർമിച്ച‘ സിനിമയുമായി ഒരു ബന്ധവുമുണ്ടാകില്ല അതിന്. മനോജിന്റെ നോവൽ വായിക്കുന്നവർക്ക് അവരുടെ  മനസിലൊരു സിനിമ നിർമിക്കാനുള്ള  സ്വാതന്ത്യ്രമുണ്ട്. അതിനെ  സ്വാധീനിക്കുന്നതു ശരിയല്ലാത്തതിനാൽ ഈ വിവരണം നീട്ടുന്നില്ല. ദേഹങ്ങളിൽ നിന്നു  ദേഹങ്ങളിലേക്കുള്ള യാത്രാനുഭവത്തിന്റെ രസം പകരുന്ന ഈ കൃതി  നിങ്ങൾക്കായി അവതരിപ്പിക്കുന്നു.

Saturday, 11 January 2014

വേവിന്റെ കഥകൾ, വേവലാതിയുടെ കഥാകാരൻ

Another interview with me done by Arun S. Kalissery in Lokamalayalam (2013 August issue)

 വേവിന്റെ കഥകൾ, വേവലാതിയുടെ കഥാകാരൻ


അരുൺ എസ്. കാളിശേരി


മലയാള ചെറുകഥാ സാഹിത്യത്തിൽ തന്റെ തട്ടകം ഉറപ്പിച്ച‘ു കഴിഞ്ഞ എഴുത്തുകാരനാണ്   രവിവർമ തന്പുരാൻ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരിൽ തുടങ്ങി തകഴി,  ബഷീർ,  എം.ടി, ടി. പത്മനാഭൻ, എൻ. എസ്. മാധവൻ, സക്കറിയ എന്നിവരിലൂടെ സംക്രമിച്ച 2013 ലും സജീവമായി എഴുതുന്ന ഒരു കൂട്ടം കഥാകൃത്തുക്കളിലെത്തി നിൽക്കുന്ന മലയാള ചെറുകഥാ സാഹിത്യത്തിൽ, ശ്രദ്ധേയമായ ചില കഥകൾ കൊണ്ട്  വിസ്മയിപ്പിക്കുന്നുണ്ട്  ഈ കഥാകൃത്ത്.

തുരങ്കത്തിനുള്ളിൽ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക തുടങ്ങിയ മൂന്നു കഥാസമാഹാരങ്ങളിലൂടെയും ഇനിയും സമാഹരിക്കപ്പെട്ടിട്ടില്ലാത്ത ഒരു പിടി കഥകളിലൂടെയും വർമ എഴുത്തിന്റെ ലോകത്ത് സജീവമാണ്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ, മാനവസമൂഹത്തിന്റെ  നാളെയെക്കുറിച്ച‘ുള്ള ചില ഉത്ക്കണ്ഠകൾ, മനുഷ്യന്റെ ആർത്തികളും ആസക്തികളും പ്രകൃതിയിലേൽപിക്കുന്ന മുറിവുകൾ തുടങ്ങി വൈവിധ്യമാർന്നതാണ് ഈ കഥാകാരന്റെ പ്രമേയരാശികൾ.

അമർത്തിപ്പിടിക്കുന്ന നിലവിളികളാണ് ചില കഥകളെങ്കിൽ തീക്ഷ്ണമായ പൊട്ടിത്തെറികളാണ് മറ്റു ചിലവ.നർമത്തിന്റെയും പരിഹാസത്തിന്റെയും ഇഴപാകിയ കഥകളും വർമയുടെ കഥാപ്രപഞ്ചത്തിൽ നിന്നു കണ്ടെടുക്കാനാവും.

ആർദ്രമായ മനസിന്റെ ഉടമ കൂടിയാണ് ഈ എഴുത്തുകാരൻ എന്ന് അദ്ദേഹത്തിന്റെ ഒാരോ കഥകളിലൂടെയും കടന്നുപോകുന്പോൾ നമുക്കു ബോധ്യമാകും.

എന്തിനു വേണ്ടി  എഴുതുന്നു? 

എഴുതാതിരിക്കാൻ കഴിയാത്തതുകൊണ്ട്. ഉപജീവനമാർഗം പത്രപ്രവർത്തനമായതിനാൽ അതിലെ എഴുത്തുകൾ ധാരാളമായി ചെയ്യേണ്ടതുണ്ട്. പക്ഷേ, ഒരു നല്ല കഥയെഴുതി കഴിയുന്പോൾ കിട്ടുന്ന തൃപ്തി റിപ്പോർട്ടിങ്ങിൽ നിന്ന് കിട്ടുന്ന തൃപ്തിയേക്കാളും എത്രയോ ഉയരത്തിലാണ്. എനിക്കു സമൂഹത്തോടു സംസാരിക്കാനുള്ള മാധ്യമവും എഴുത്തു തന്നെയാണ്.

മലയാളത്തിൽ സജീവമായി എഴുതുന്ന പലരും പത്രപ്രവർത്തകർ തന്നെയാണ്. താങ്കളുടെ ജീവചരിത്രക്കുറിപ്പിൽ  കഥയെഴുത്തിന് ദീർഘകാലത്തെ ഇടവേള നൽകി എന്നു കാണുന്നു. ഒാരോ വാർത്തയ്ക്കുള്ളിലും ഒാരോ കഥ  ഒളിച്ചിരിപ്പുണ്ടെന്ന് അറിയാവുന്ന താങ്കൾ എന്തിനാണ് ഈ ഒളിച്ചേ‘ാട്ടം നടത്തിയത്?

വാർത്തയ്ക്ക് ന്യൂസ് സ്റ്റോറി എന്നാണു  പറയുക. ഒാരോ വാർത്തയും ഒാരോ കഥയാണ്. പക്ഷേ, പത്രത്തിലെഴുതുന്ന ഇത്തരം കഥകൾക്ക് 24 മണിക്കൂറിനപ്പുറം ആയുസില്ല. കാലത്തെ അതിജീവിക്കുന്ന എഴുത്താണു നമ്മുടെ സ്വപ്നം.അതുകൊണ്ടാണ് ന്യൂസ് സ്റ്റോറിയിൽ തൃപ്തിപ്പെടാതെ ഷോർട്സ്റ്റോറി എഴുതുന്നത്. പക്ഷേ, ഷോർട് സ്റ്റോറി എഴുതാനിരിക്കുന്പോൾ  ഒരു ന്യൂസ് സ്റ്റോറി റൈറ്റർ ( ജേണലിസ്റ്റ്) വലിയ വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്.  കാരണം  ഭാഷ എന്ന ഒരേ ആയുധം കൊണ്ടു തന്നെയാണ് രണ്ടു നിർമിതിയും നടത്തേണ്ടത്. ഈ രണ്ട് എഴുത്തുവഴികളും   തമ്മിലുള്ള താൽപ്പര്യ സംഘട്ടനം വളരെ വലുതാണ്. ഒരു പത്രപ്രവർത്തകന് കവിയോ കഥാകൃത്തോ നോവലിസ്റ്റോ ഒക്കെയാകണമെങ്കിൽ  എഴുത്തിന്റെ നിമിഷങ്ങളിലെങ്കിലും അയാൾ പത്രപ്രവർത്തകനല്ലാതാകണം.തിരിച്ച‘ും.  റിപ്പോർട്ടിങ്ങിൽ സജീവമായി നിന്ന കാലത്ത് കഥയെഴുത്തിൽ നിന്നു മാറി നിന്നത് ഇതു കൊണ്ടാണ്.

അരുൺ:  താങ്കളുടെ കഥകളിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ടവ ചെന്താമരക്കൊക്ക, മലപ്പാന്പൻ, ഡോണപോള, ഇരട്ട തുടങ്ങിയവയാണ്. കഥകളിൽ വിപുലമായ പ്രമേയവൈവിധ്യം ഉണ്ടെങ്കിൽ കൂടി  കൂടുതലായി കടന്നുവരുന്നത് പരിസ്ഥിതി തകർ‘ച്ചയിലുള്ള  ആശങ്കയും ജീവിതാസക്തികളോടുള്ള പ്രതികരണവും ഒക്കെയാണല്ലോ?

വർമ: സ്കൂളിലും കോളജിലും  പഠിക്കുന്ന കാലത്തു   ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. പത്രപ്രവർത്തകനായപ്പോഴും പ്രധാനപ്പെട്ട എഴുത്തുകളും പ്രവർത്തനവുമൊക്കെ പരിസ്ഥിതി സംരക്ഷണ വിഷയത്തിലായിരുന്നു.ആദിവാസി ക്ഷേമവും മുൻഗണനകളിലൊന്നാണ്. കഥയെഴുതാനിരിക്കുന്പോഴും ആ  വിഷയങ്ങൾ സ്വാധീനിക്കുക സ്വാഭാവികം.

അരുൺ: ചെന്താമരക്കൊക്കയിൽ ഒരു ബാറിലെ അടിയെക്കുറിച്ച‘ു പറയുന്നുണ്ടല്ലോ. അത് ശരിക്കും നടന്നതോ അതോ സങ്കൽപ്പമോ?

വർമ: കഥയിൽ ഭാവനയുടെ പ്രയോഗമുണ്ടെന്നതു ശരി തന്നെ.പക്ഷേ അതിൽ  പറയുന്ന ആസുരത ഞാൻ അനുഭവി‘ച്ചതു തന്നെ. എന്റെ ഒരു സുഹൃത്തും  ഞാനും അന്ന് അവരുടെ ഗുണ്ടായിസത്തിന് ഇരയായി.

അരുൺ: ടി .പത്മനാഭനെപ്പോലെ കഥകൾ മാത്രം എഴുതി കഴിയുകയാണല്ലോ. നോവൽ എഴുതുന്നില്ലേ?

വർമ: ടി. പത്മനാഭനുമായി താരതമ്യം ചെയ്യേണ്ടതില്ല. കഥ മാത്രമേ എഴുതൂ എന്ന് എനിക്കു നിർബന്ധവുമില്ല. ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്.

അരുൺ: ടി. പത്മനാഭനുമായി ഉപമിക്കണ്ട എന്നു പറയാൻ കാരണം? അദ്ദേഹത്തിന്റെ കഥകൾ ഇഷ്ടമല്ലാത്തതുകൊണ്ടാണോ?

വർമ:അയ്യോ,അല്ല.

അരുൺ: താങ്കളുടെ എഴുത്തു രീതി ഒന്നു പറയാമോ? ഒറ്റയിരിപ്പിന് കഥയെഴുതി പൂർത്തിയാക്കുമോ?

വർമ: കഥയെഴുത്ത്  വലിയ വേദനയാണ്. ഒരു വിഷയം മനസിൽ കയറിപ്പറ്റി പറിച്ചു  മാറ്റാനാവാതെ വന്നാലേ  എഴുതൂ.  ഇന്നൊരു കഥയെഴുതിക്കളയാം എന്നു വിചാരിച്ച‘ു  പോയിരുന്നു കഥയെഴുതാൻ പറ്റില്ല. ഒരു വിഷയം മനസിൽ കടന്നാൽ അത് അവിടെ കിടന്നു കുറെ ദിവസം കൊണ്ട് പരുവപ്പെടും. പിന്നെയാണ് എഴുതാൻ തുടങ്ങുക. നാലഞ്ചു തവണ ഇരുന്നാലേ ഒരു കഥയുടെ ആദ്യ കരട് പൂർത്തിയാകൂ. പിന്നെ മാറ്റി എഴുത്തു തുടങ്ങും. 40 ഉം 50 ഉം തവണ വരെ മാറ്റി എഴുതാറുണ്ട്. അതുകൊണ്ടു തന്നെ ഒരു വർഷത്തിൽ മൂന്നോ  നാലോ കഥയേ എഴുതാൻ കഴിയൂ.

അരുൺ: ഈ ചോദ്യം, കഥയെ കുറിച്ചല്ല. പേരിലെ ജാതിയെക്കുറിച്ച‘ാണ്. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുകയും ചെയ്യേണ്ടവരാണ് എഴുത്തുകാർ. പക്ഷേ, താങ്കൾ ഇപ്പോഴും വർമ, തന്പുരാൻ തുടങ്ങിയ സവർണ ജാതി സംജ്ഞകൾ പേരിനൊപ്പം കൊണ്ടു നടക്കുന്നു. ഒരു എഴുത്തുകാരന് ഈ ജാതി ചിന്ത ആശാസ്യമാണോ?

വർമ : ഒരാളുടെ പേരിൽ നിന്നല്ലല്ലോ, മനസിൽ നിന്നല്ലേ ജാതി പോകേണ്ടത്?പേരിൽ ജാതിസംജ്ഞകളില്ലാത്ത എത്രയോ മനുഷ്യർ( അവരിൽ എഴുത്തുകാരുമുണ്ട്) മനസു നിറെയ കൊടിയ ജാതി ചിന്തയും അതിൽ നിന്നുരുത്തിരിയുന്ന സ്പർധയുമായി ജീവിക്കുന്നുണ്ടിന്ന്.

അരുൺ: താങ്കളുടെ കഥയെഴുത്ത് കാവ്യാത്മകമാണ്. കഥയെഴുത്തിന് ഒരു പ്രത്യേകഭാഷാശൈലി അവലംബിക്കേണ്ടതുണ്ടോ?

വർമ: ഒരു കഥയും മറ്റൊരു കഥ പോലെയാകരുതെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുത്ത്.എങ്കിലും ഒാരോ എഴുത്തുകാരനിലും  അവന്റേതായ ഒരു ശൈലി ക്രമേണ ഉരുത്തിരിയും.അല്ലാതെ മന:പൂർവം ഒരു പ്രത്യേക  ഭാഷാശൈലി സ്വീകരിക്കുകയല്ല ചെയ്യുന്നത്.വേറൊന്നുള്ളത്  പ്രമേയത്തിനിണങ്ങുന്ന ഭാഷാശൈലി സ്വീകരിക്കുക എന്നതാണ്. അക്കാര്യത്തിൽ മിക്ക എഴുത്തുകാരും ബോധപൂർവമായ ശദ്ധ്ര വയ്ക്കാറുണ്ട്.

അരുൺ: താങ്കളുടെ പല കഥകളിലും പെൺകഥാപാത്രങ്ങൾ അവരുടെ വിവിധ ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്.പക്ഷേ, ആൺകഥാപാത്രങ്ങൾ പൊതുവെ രണ്ടു ഭാവമേ കാണിക്കുന്നുള്ളൂ.ഒന്നുകിൽ മദ്യപന്മാർ. അല്ലെങ്കിൽ പരസ്ത്രീ ബന്ധമുള്ളവർ.എന്താ അങ്ങനെ?

വർമ: ഞാൻ എഴുത്തുകാരൻ മാത്രമാണ്. നിരൂപകനല്ല. കഥ വായിച്ചിട്ട്  ഏതുതരത്തിലുള്ള നിഗമനത്തിലും എത്തിേച്ചരാൻ  വായനക്കാരനും സ്വാതന്ത്യ്രമുണ്ട്.

അരുൺ: പുരുഷ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്പോൾ സ്വന്തം അനുഭവം മാത്രം മനസിൽ വരുന്നതിന്റെ ബലഹീനതയാണോ ഇത്?

വർമ: ഒരു കാര്യം ശരിയാണ്.എഴുതാനായാലും വെറുതെ  കണ്ടാസ്വദിക്കാനായാലും എതിർലിംഗം എന്ന പ്രകൃതി നിയമമനുസരിച്ച് നമ്മൾ ശദ്ധ്രിക്കുക സ്ത്രീകളെയാണ്.ചുറ്റുപാടുമുള്ള മുഴുവൻ സ്ത്രീകളെയും നമ്മൾ കൂലംകഷമായി ശദ്ധ്രിക്കും. പക്ഷേ, പുരുഷന്റെ  കാര്യത്തിൽ,    അത്രയ്ക്കങ്ങോട്ട് ശദ്ധ്രിക്കുന്നുണ്ടാവില്ല.

അരുൺ: താങ്കളുടെ കഥകളെ മലയാളത്തിലെ പുസ്തക നിരൂപകർ എങ്ങനെയാണു വിലയിരുത്തുന്നത്?

വർമ: അത് അവരോടു ചോദിക്കണം.

അരുൺ: താങ്കൾ  നിരൂപകർക്ക് വില കൽപ്പിക്കുന്നുണ്ടോ?

വർമ: തീർച്ചയായും.യഥാർഥ നിരൂപകർക്കു മാത്രമേ സാഹിത്യത്തെ അതിന്റെ സ്വീകാര്യതയിൽ മുൻപന്തിയിൽ നിലനിർത്താനാവൂ.

അരുൺ: ഡോണപോള  എന്ന കഥയെക്കുറി‘ച്ചാണ്. ഇതിലെ നായകൻ നാരങ്ങാവിൽപ്പനക്കാരിയെ കാണുന്നതു മുതൽ അയാളിലെ കാമം തുടങ്ങുന്നു.അവർ ഒരുമിച്ചു  യാത്രചെയ്യുന്പോൾ ഡോണയുടെയും പോളിന്റെയും തീവ്രപ്രണയത്തിന്റെ  കഥ പറയുന്നു. പക്ഷേ ആ പ്രണയകഥ തമാശരൂപേണയാണ്  പറഞ്ഞിരിക്കുന്നത്. ഒരു സംശയം. അവൾ അവനോട്  കഥ പറയുന്നതു മുതൽ കഥയുടെ ഗതി നായകനിലൂടെയല്ലേ പോകേണ്ടിയിരുന്നത്.  മനസിൽ കാമം മാത്രമുള്ള ഒരാൾക്ക് എത്ര വിശുദ്ധമായ പ്രണയവും പരിഹാസത്തോടെയല്ലേ  കേൾക്കാൻ കഴിയൂ?

വർമ: യൌവനത്തിൽ നിൽക്കുന്ന  പെൺകുട്ടിയാണ് പ്രണയത്തിന്റെ കഥ പറയുന്നത്. അവൾ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവളാണ്. അപ്പോൾ അവളുടെ സ്വരത്തിൽ പരിഹാസം കടന്നു വരുകയില്ല. പ്രണയത്തെ ഉദാത്തവത്ക്കരിച്ചും  ഇടയ്ക്കൊരു ചിരിയോടെയുമൊക്കെയല്ലേ അവൾക്കു പറയാനാവൂ.അങ്ങനെ അവൾ പറയുന്നതുകൊണ്ടാണ് ക്വൊട്ടേഷൻ ഗുണ്ടയുടെ മനസു മാറ്റാൻ അവൾക്കു കഴിയുന്നത്.അയാളിലെ കാമം നിർമല സ്നേഹമോ  ശുദ്ധ പ്രണയമോ ഒക്കെയായി മാറുന്നത് അവളുടെ സംഭാഷണവും സാമീപ്യവും അയാളിൽ  ഉണ്ടാക്കുന്ന സ്വാധീനത്താലാണ്.

അരുൺ: മലയാളത്തിലെ ഒരു കൂട്ടം  എഴുത്തുകാർ  ഫേസ്ബുക്കിൽ കിടന്ന് മസിലു പെരുപ്പിക്കാൻ ശമ്രിക്കുകയാണ്.ഇത് എഴുത്തിന്റെ ശക്തി കുറയ്ക്കും എന്നു പറഞ്ഞാൽ അഭിപ്രായം എന്താണ്?

വർമ: അച്ചടി മാധ്യമങ്ങളെപ്പോലെ തന്നെ ശക്തമാണിപ്പോൾ ഇലക്ട്രോണിക് മാധ്യമങ്ങൾ. അടുത്ത ഘട്ടമായ സോഷ്യൽ മീഡിയയും ശക്തിയാർജിച്ച‘ു കഴിഞ്ഞു.  അതിനെ തള്ളിപ്പറയുന്നത്  വിവേകമല്ല. സ്ക്രീനിങ്ങോ എഡിറ്റിങ്ങോ ഇല്ലാതെ ഫേസ്ബുക്കിൽ ചില രചനകൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് അതിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ രചനകളെ കുറിച്ച‘ും ഈ സംശയം. പക്ഷേ, ഫേസ്ബുക്കിലും ചില ഗംഭീര സൃഷ്ടികൾ വരുന്നുണ്ട്.

അരുൺ: റിയാലിറ്റിഷോ എന്ന സമാഹാരത്തെക്കുറിച്ച‘ാണ്. അതിൽ എട്ടു കഥകളാണല്ലോ.പ്രോഗ്രസ് കാർഡ് എന്ന പേരിൽ പ്രിയപ്പെട്ട എട്ടു കഥാകൃത്തുക്കൾ അതിന് മാർക്കിട്ട് അനുബന്ധമായി ചേർത്തിട്ടുണ്ട്.എല്ലാ പേരും മുഴുവൻ മാർക്കും തന്നിരിക്കുന്നു. അങ്ങനെ ഒരു അനുബന്ധം ചേർത്തത് സ്വന്തം കഥകളിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണോ?
മറ്റൊന്നുകൂടി.  മഴയുടെ കല്ല്യാണം എന്ന കഥ തീർത്തും ഒരു ഫാന്റസിയാണ്. വായനക്കാരനെ  ഫാന്റസിയുടെ ലോകത്ത് പാറി നടക്കാൻ അനുവദിക്കാതെ കെ.രേഖയും ഡോ. ആർ. ഭദ്രനും പിൻകുറിപ്പിലൂടെയും പഠനത്തിലൂടെയും പിടിച്ച‘‘ുകെട്ടുന്നു. അതൊഴിവാക്കാമായിരുന്നില്ലേ?

വർമ: കഥകളിൽ മാത്രമല്ല  പുസ്തകത്തിനും  പുതുമ വേണമെന്ന തോന്നലുകൊണ്ടാണ് പ്രോഗ്രസ് കാർഡ് എന്ന ഭാഗം ചേർത്തത്. എനിക്കു പ്രിയപ്പെട്ട യുവ കഥാകൃത്തുക്കൾ എന്റെ കഥ വായിച്ച‘‘്  വിലയിരുത്തുകയാണതിൽ. മാർക്കിടലൊന്നുമില്ല. കഥാകൃത്തുക്കളുടെ കഥാനിരൂപണം എന്നേ ഉദ്ദേശി‘ച്ചുള്ളൂ.  പക്ഷേ അരുൺ ഉന്നയിച്ച   സംശയം  പലരും അന്ന് ശക്തമായിത്തന്നെ പറയുകയുണ്ടായി. കഥാകൃത്തിനും കഥയ്ക്കുമിടയിൽ ഇടനിലക്കാരെ നിർത്തിയത് ശരിയായില്ല എന്ന മട്ടിലായിരുന്നു  വിമർശനങ്ങൾ. റിയാലിറ്റി ഷോയ്ക്കു ശേഷം പ്രസിദ്ധീകരിച്ച ചെന്താമരക്കൊക്കയിൽ അവതാരികയോ പഠനമോ ഒന്നും വേണ്ടെന്നു വച്ചത്. കഥകൾ  വായനക്കാരനോടു നേരിട്ട് സംവദിക്കട്ടെ  എന്നു വിചാരിച്ച‘ു.

അരുൺ: മലയാളിക്ക് ഇപ്പോഴും വായിക്കാൻ മനസുണ്ട്. ഉദാഹരണത്തിന് ബന്യാമിന്റെ ആടുജീവിതം,  പെരുന്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്നീ  നോവലുകൾക്ക്   അന്പതിലധികം പതിപ്പുകളും അതിനെല്ലാം വായനക്കാരുമുണ്ടായി.നല്ല പുസ്തകങ്ങൾ എഴുത്തുകാരിൽ നിന്നുണ്ടാകാത്തതു കൊണ്ടാണോ ഇവിടെ വായനക്കാർ പുസ്തകത്തിൽ നിന്നകന്നു പോകുന്നത്. അല്ലെങ്കിൽ താങ്കളുടെ കഥയിൽ പറയുംപോലെ, പുസ്തകം വായിച്ച ശേഷം എഴുത്തുകാരന്റെ മുഖത്തു നോക്കി വായനക്കാരൻ പോടാ പുല്ലേ എന്നു  വിളിക്കുന്നത്?

വർമ: മലയാളിക്ക് വായനാശീലം കൂടിയിട്ടുണ്ട്. ഇന്നത്തെ  വാനക്കാരന് എഴുത്തുകാരനേക്കാൾ ബുദ്ധിയും അറിവും ഉണ്ട്. അതുകൊണ്ട് അവൻ വളരെ കൃത്യമായി തിരഞ്ഞെടുക്കുന്നു.പണ്ട് എഴുത്തുകാരന് ഉണ്ടായിരുന്ന താരപദവി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.അതിന്റെ കാരണവും വായനക്കാരന്റെ നിലവാരം ഉയർന്നതു തന്നെ.പ്രബുദ്ധനായ വായനക്കാരനെ തൃപ്തിപ്പെടുത്തുന്ന വിധം എഴുതുക എന്നത് എഴുത്തുകാർ നേരിടുന്ന വലിയ വെല്ലവിളിയാണ്.  മനുഷ്യന്റെ യഥാർഥമായ അവസ്ഥകളും ജീവിതത്തിന്റെ സങ്കീർണതകളും മുന്പെന്നത്തേക്കാളും എഴുത്തിനു യോഗ്യമാണിന്ന്.പക്ഷേ, അതിന്റെ തീവ്രത എഴുത്തിൽപ്രതിഫലിക്കാതെ വരുന്പോൾ വായനക്കാരൻ എഴുത്തുകാരനെ ഉപേക്ഷിക്കാം.ആ  രണ്ടു കൃതികളുടെ അത്ഭുതകരമായ വിൽപ്പന സാഹിത്യരംഗത്തു നിൽക്കുന്ന എല്ലാവർക്കും സന്തോഷകരമാണ്. ആത്മവിശ്വാസം പകരുന്നതാണ്. ആടുജീവിതത്തിന് ജനങ്ങൾ നൽകിയ വിസ്മയകരമായ സ്വീകരണം മലയാളത്തിൽ നോവൽ സാഹിത്യത്തിന്റെ നവോദയത്തിനു തന്നെ നിമിത്തമായി. എത്രയോ പുതിയ നോവലുകളുണ്ടായി. അവയ്ക്കൊക്കെയും നല്ല സ്വീകരണവും ലഭിക്കുന്നു. സങ്കീർത്തനത്തിന്റെ വിജയത്തിനു ശേഷം കുറെക്കാലം നോവൽ രംഗത്തുണ്ടായിരുന്ന മാന്ദ്യം മാറിയത് ആടുജീവിതം പുറത്തുവന്ന ശേഷമാണ്.വായനക്കാരനെ പുസ്തകത്തിലേക്ക് അടുപ്പിക്കാൻ ആ കൃതി സഹായിച്ചു.ഇനിയും ഇടവേളകളിൽ ഇത്തരം കൃതികൾ സംഭവി‘ച്ചുകൊണ്ടിരിക്കും.

Thursday, 2 January 2014

മലയാള കഥയിലെ മുന്നേറ്റം

An interview by Dr. R. Bhadran published in Kumkumam Monthly in December 2012 issue

ഡോ. ആർ. ഭദ്രൻ/ രവിവർമ തമ്പുരാൻ

പത്രപ്രവർത്തകനായ രവിവർമ തമ്പുരാൻ മലയാള ചെറുകഥയിൽ പുതിയ ദിശാസൂചികൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധേയമായ ചില കഥകളാണ് ഈ സ്ഥാനാരോഹണത്തിലേക്കു വർമയെ നയിച്ചത്. മകൾ, കെ.ബി.നിള, ഡോണാപോള, സന്തുഷ്ടകുടുംബം, മലപ്പാമ്പൻ, ഹോചിമിൻ തുടങ്ങി ഒരു ഡസനിലധികം കഥകളിലൂടെയാണ് ഈ മുന്നേറ്റം കഥാകൃത്ത് നടത്തിയിരിക്കുന്നത്. കഥയെഴുത്തുവഴിയുടെ നാനാപ്രകാരമുള്ള വൈവിധ്യത്തിന്റെ ജൈത്രയാത്ര കൂടിയാണത്. നമുക്കു ചുറ്റുമുള്ള  യാഥാർഥ്യങ്ങളിൽ നിന്നും ചെറുകഥയുടെ ശിൽപ്പവും ജീവിതവും കണ്ടെത്തുകയായിരുന്നു ഈ കഥാകൃത്ത്. രാഷ്ട്രീയം, പ്രണയം, ലൈംഗികത, ദാമ്പത്യം, പരിസ്ഥിതി, പാർശ്വവത്കരണം തുടങ്ങിയ വിഷയങ്ങൾ നവമായ ആഖ്യാനശിൽപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട്  മലയാളത്തിനായി നേടുകയാണ് വർമ. നമ്മുടെ പൊതുധാരാ വാരികകളിലൂടെയും തുരങ്കത്തിനുള്ളിലെ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക എന്നീ ചെറുകഥാ സമാഹാരങ്ങളിലൂടെയും ആണ് രവിവർമ കഥയുടെ മുന്നേറ്റങ്ങൾക്ക് അരങ്ങൊരുക്കിയത്. പുനത്തിൽ കുഞ്ഞബ്ദുള്ള, ബന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദീൻ പൊയ്ത്തുംകടവ്, ഇന്ദുമേനോൻ, കെ. ആർ. മീര, സുസ്മേഷ് ചന്ത്രോത്ത്, ബി. മുരളി തുടങ്ങി മലയാളത്തിലെ മികച്ച‘ എഴുത്തുകാർ തന്നെ ഇതിന് അടിവരയിടുകയും ചെയ്തു കഴിഞ്ഞു. നവതരംഗങ്ങളെ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുന്ന മലയാള നിരൂപണകലയെ അതിവർത്തിച്ചു കൊണ്ടാണ് ഈ എഴുത്തുകാരൻ പോരാടിവിജയിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

മനുഷ്യാനുഭവങ്ങളുടെ വൈയാകരണനായ രവിവർമയിൽ നിന്ന് മലയാള കഥയ്ക്ക് എണ്ണംപറഞ്ഞ കഥകൾ ഇനിയും ലഭിക്കും എന്നതിന് എഴുതിക്കഴിഞ്ഞ കഥകൾ തന്നെ ഉദാഹരണമാണ്.മൂന്നു കഥാസമാഹാരങ്ങളിലൂടെ മലയാള കഥാപ്രപഞ്ചത്തിൽ അടയാളപ്പെട്ടു കഴിഞ്ഞ വർമയെ അദ്ദേഹത്തിന്റെ കഥാലോകത്തുവച്ചുതന്നെ അഭിമുഖീകരിക്കുകയാണിവിടെ. ഈ പരീക്ഷയിൽ രാഷ്ട്രീയ, സാഹിത്യ, സാമൂഹിക പ്രാധാന്യമുള്ള ഒരുപാടു വെളിപ്പെടുത്തലുകൾ മലയാള സാംസ്കാരികലോകത്തേക്ക് സഞ്ചരിക്കുന്നു. തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാളത്തിന്റെ സാമൂഹികജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തുകയും രാഷ്ട്രീയമായി വായിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്ന എഴുത്തുകാർക്കൊപ്പമാണ് രവിവർമ തമ്പുരാനും.  അദ്ദേഹത്തിന്റെ  കഥാലോകം നമുക്കു നേർക്കുനേർ വരുന്നു.

 ചോദ്യം: കഥയെഴുത്തിന്റെ രണ്ടാം വരവിലെ എട്ടുവർഷത്തിനിടയിൽ  വർമയുടേതായി മൂന്നു സമാഹാരങ്ങളും 27 കഥകളുമാണുള്ളത്. കഥയെഴുതാൻ ഇത്രയധികം സമയമെടുക്കുന്നത് ശരിക്കും ഒരു ബലഹീനതയല്ലേ?

ഉത്തരം: അങ്ങനെ വിചാരിച്ചാലും വിരോധമില്ല. ഒാരോ കഥയെഴുതാൻ തുടങ്ങുമ്പോഴും ആശങ്ക, ആ  കഥ മറ്റെവിടെയെങ്കിലും എഴുതപ്പെട്ട കഥയുമായി സാമ്യമുള്ളതായിരിക്കുമോ എന്നതാണ്. മറ്റുള്ളവരുടെ കഥയുമായി മാത്രമല്ല എന്റെ തന്നെ മുൻകഥകളുമായി ഒരു സാമ്യവും ഒരു കഥയ്ക്കും ഉണ്ടാകരുതേ എന്നൊരു ജാഗ്രത എപ്പോഴുമുണ്ട്. ഒരു കഥ വായിക്കുമ്പോൾ ഓ, ഇത്  മറ്റേതുപോലുണ്ടല്ലോ എന്ന്   വായനക്കാരനു തോന്നിയാൽ എഴുത്തുകാരൻ പരാജയപ്പെട്ടുവെന്നാണർഥം. ഒരു പുതിയ കഥ എഴുതണമെങ്കിൽ എനിക്ക് എന്റെ തന്നെ മുൻ കഥകൾ മറക്കേണ്ടതുണ്ട്.

ചോദ്യം: ‘‘എഴുത്ത് എന്നും എനിക്ക് മാനസികപീഡനമാണ്. എഴുത്തിനു മുമ്പും പിമ്പും ഈ അവസ്ഥയാണ്. കഥയെഴുതി ഉടനെ പ്രസിദ്ധീകരണത്തിനയയ്ക്കുന്ന ശീലം ഇല്ലായിരുന്നു. എഴുതിക്കഴിഞ്ഞാലും  വീണ്ടും വായിച്ച് വെട്ടിത്തിരുത്തി പകർപ്പെടുക്കാൻ ചിലപ്പോൾ രണ്ടു മൂന്നു മാസമൊക്കെ വേണ്ടി വരാറുണ്ട്.’’ തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്ന കഥയെക്കുറിച്ച് എം. സുകുമാരൻ ഇങ്ങനെ എഴുതുകയുണ്ടായി.താങ്കളുടെ കഥാരചനാരീതിയെയും പുതുക്കിപ്പണിതെടുക്കലിനെയും കുറിച്ച്......

ഉത്തരം: എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ആണ് എം. സുകുമാരൻ. സുഭാഷ്ചന്ദ്രൻ ഉൾപ്പെടെ യുവതലമുറയിലെ ചില എഴുത്തുകാരും ഈ രീതി പിന്തുടരുന്നുണ്ട്. കഥകളിൽ മേദസ് ഉണ്ടാവാൻ പാടില്ല. അത് എന്റെ കഥയായാലും മറ്റുള്ളവരുടെ കഥയായാലും. മേദസ് ഉള്ള കഥകൾ വായിക്കുമ്പോൾ വ്യായാമം ചെയ്യാതെ ചുമ്മാതിരുന്നു തിന്ന് ശരീരം മുഴുവൻ മാംസം തൂങ്ങിനിൽക്കുന്ന പൊണ്ണത്തടിയന്മാരെയാണ് ഓർമ വരുക. അത്തരം കഥകൾ രണ്ടു ഖണ്ഡികയ്ക്കപ്പുറം വായിക്കാൻ കഴിയില്ല. മേദസ് ഉള്ള കഥകൾ എല്ലാവരാലും പരിത്യജിക്കപ്പെടും.  മനസിൽ ഒരു കഥാബീജത്തിനു മുളപൊട്ടിയാൽ അടാപിടീന്ന് അതങ്ങ് എഴുതാൻ കഴിയില്ല. മനസിൽ മുളച്ച ബീജവുമായി അങ്ങനെ നടക്കും. ഒരുമാസമോ രണ്ടു മാസമോ ഒക്കെ. ഒരു വർഷം വരെ കൊണ്ടു നടന്ന പ്രമേയങ്ങളുമുണ്ട്. മനസിൽ കിടന്നു പരുവപ്പെട്ട് എഴുതാറായി എന്നു തോന്നിയാൽ കംപ്യൂട്ടറിൽ പുതിയൊരു ഫയൽ തുറന്ന് എഴുത്തു തുടങ്ങും. ഒറ്റയടിക്ക് ഒരു കഥ എഴുതിപ്പൂർത്തിയാക്കാൻ എനിക്കു പറ്റില്ല. ആദ്യ കരട് പൂർത്തിയാക്കാൻ തന്നെ പല ദിവസമായി പല പ്രാവശ്യം ഇരിക്കും. ആദ്യകരട് തയാറായാൽ പിന്നെ മാറ്റി എഴുത്താണ്. മുപ്പതും നാൽപ്പതും തവണ വരെ മാറ്റി എഴുതാറുണ്ട്. ഇങ്ങനെ പലവട്ടം മാറ്റി എഴുതിക്കഴിയുമ്പോഴാണ് തൃപ്തിയാവുക. ഒരു കഥ എഴുതി തൃപ്തിവന്നാൽ,  ഏറ്റവും അടുത്തമൂന്നോ നാലോ  സുഹൃത്തുക്കൾക്ക്  ഇ മെയിൽ ആയി അയച്ചുകൊടുക്കും. അവർ പറയുന്ന അഭിപ്രായം  കൂടി മനസിൽ വച്ചുകൊണ്ടുള്ള മാറ്റി എഴുത്താണ് പിന്നെ. രണ്ടാം ഘട്ടം മാറ്റി എഴുത്തും പല തവണ സംഭവിക്കാറുണ്ട്. എന്റെ കഥ അതിന്റെ പൂർണത നേടുന്നത് മാറ്റി എഴുത്തിലാണ്. ക്ഷീരബല  നൂറ്റൊന്ന് ആവർത്തിക്കുന്നതുപോലെ. ഒരു കഥ അന്തിമരൂപമെത്താൻ നാലും അഞ്ചും മാസം എടുക്കാറുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് എഴുതിയ കഥകൾ ഇല്ലെന്നല്ല. പക്ഷേ, അവ അച്ചടിച്ചു വരുമ്പോൾ നിരാശ തോന്നും. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നല്ലോ എന്നും.

ചോദ്യം: വർമയുടെ കഥകളുടെ ആദ്യവായനക്കാർ ആരാണ്. നേരത്തെ പറഞ്ഞല്ലോ, അഭിപ്രായം തേടി ചിലർക്ക് അയക്കാറുണ്ടെന്ന്.

ഉത്തരം: മിക്ക കഥകളും എന്റെ ഭാര്യയും മകനും ആണ് ആദ്യം വായിക്കുക. പക്ഷേ മാറ്റി എഴുതാനുള്ള അഭിപ്രായം തേടി അയയ്ക്കുന്നത് സുഹൃത്തുക്കൾക്കാണ്. കഥയെഴുത്തിന്റെ രണ്ടാം ഘട്ടത്തിലെ പല കാലങ്ങളിൽ പലരാണ് ആദ്യവായനക്കാരായിട്ടുളളത്. അവരിൽ പലരും മനോരമയിലെ സഹപ്രവർത്തകരുമാണ്. കെ.ആർ. മീര, കെ. ഹരികൃഷ്ണൻ, ബി. മുരളി, ടോണി ജോസ്, ജയൻ ശിവപുരം,  കെ. മോഹൻലാൽ, എം.കെ. വിനോദ്കുമാർ എന്നിവരൊക്കെയാണ് ആദ്യ സമയങ്ങളിൽ അഭിപ്രായം പറഞ്ഞു സഹായിച്ചത്. ഇപ്പോൾ, കുറെക്കാലമായി എന്റെ എഴുത്തിന് ശക്തിപകരുന്ന ആദ്യവായനക്കാർ മനോരമയുടെ ജയ്പൂർ ചീഫ് റിപ്പോർട്ടറും കഥാകൃത്തും കവിയുമൊക്കെയായ വി. ജയദേവ്, സമകാലിക മലയാളം വാരികയിലെ ഗിരീഷ് ജനാർദ്ദനൻ, ഗോത്രഭൂമി പത്രാധിപർ രാജേന്ദ്രപ്രസാദ്, കേളികൊട്ട് ബ്ലോഗ്‌ മാഗസിനിലെ ജി.നിധീഷ്, കവി ഇടക്കുളങ്ങര ഗോപൻ തുടങ്ങിയവരാണ്. താങ്കളും ചില കഥകളുടെ ആദ്യവായനക്കാരനായിട്ടുണ്ടല്ലോ. ചില പ്രത്യേക വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ ആ വിഷയത്തിൽ അവഗാഹമുള്ളവരെക്കൊണ്ടു കൂടി വായിപ്പിക്കാറുണ്ട്. ആ പേരുകൾ കൂടി പറഞ്ഞാൽ ലിസ്റ്റ് ഇനിയും നീളും. എന്തായാലും കഥയെഴുത്ത് തികച്ചും സ്വകാര്യമായ ഒരു ഏർപ്പാടാണെന്നു പറയാൻ എനിക്കു കഴിയില്ല.  സൗഹൃദങ്ങളുടെ പങ്കുവയ്പ്പും ആഘോഷവും ഒക്കെക്കൂടിയാണ് എനിക്കത്.

ചോദ്യം: വിവാദം സൃഷ്ടിച്ച കഥയാണ് ‘ഹോചിമിൻ’. താങ്കളുടെ ആദ്യ സമാഹാരമായ ‘തുരങ്കത്തിനുള്ളിൽ ജീവിതം’ പ്രകാശനം ചെയ്യാമെന്ന് സമ്മതിച്ചിരുന്ന അന്നത്തെ മന്ത്രി ജി. സുധാകരൻ അവസാന നിമിഷം പിന്മാറിയത് ഈ കഥ മൂലമാണെന്ന്  ഒരു സംസാരമുണ്ടായിരുന്നല്ലോ

ഉത്തരം: മന്ത്രിയാകുന്നതിനു വളരെ മുമ്പ്‌  എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു ജി. സുധാകരൻ. അതുകൊണ്ടു കൂടിയാണ്, അല്ലാതെ മന്ത്രിയെന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹത്തെ പ്രകാശനത്തിനു ക്ഷണിച്ചത്. ദേവസ്വം മന്ത്രിയായിരുന്ന അദ്ദേഹം പത്തനംതിട്ടയിൽ നടന്ന പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ വേണ്ടിത്തന്നെയാണ് ഒപ്പം ചേർത്തൊരു ശബരിമല സന്ദർശനവും കൂടി നിശ്ചയിച്ചത്. ശബരിമല കയറിയ അദ്ദേഹം തിരിച്ചിറങ്ങാൻ വൈകും എന്ന ന്യായം പറഞ്ഞ് തന്ത്രത്തിൽ പ്രകാശനച്ചടങ്ങിൽ നിന്നു മുങ്ങി. പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധകഥയുണ്ടെന്ന് തലേദിവസം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു. ദിവസങ്ങൾക്കു ശേഷം പത്തനംതിട്ടയിലെ ഒരു യുവസിപിഎം നേതാവ് എന്നെ നേരിട്ടുകണ്ട് മന്ത്രിയുടെ ഖേദം അറിയിക്കുകയുണ്ടായി. ‘ഹോചിമിൻ’ എന്ന കഥ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നു മന്ത്രിക്കു ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്നും മന്ത്രിയോടു പിണക്കം തോന്നരുതെന്നുമൊക്കെ ആ നേതാവ് പറഞ്ഞു. ഞാൻ ഒരൊറ്റകാര്യം മാത്രമേ പറഞ്ഞുള്ളൂ. മന്ത്രി വരാതിരുന്നതിൽ ഒരു തെറ്റുമില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ പ്രശ്നം ആണെന്നു പറഞ്ഞാൽ എനിക്കു മനസിലാകും. പക്ഷേ, ‘ഹോചിമിൻ’ എന്ന കഥയിൽ പറഞ്ഞിരിക്കുന്നതു സത്യമോ വ്യാജമോ എന്ന് അദ്ദേഹം വിയറ്റ്നാമിൽ തന്നെ ഒന്നു പോയി നോക്കുന്നത് നന്നായിരിക്കും. ഞാൻ വിയറ്റ്നാമിൽ പോകുകയും അവിടെ ചുറ്റിയടിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കണ്ട, ഞാൻ അനുഭവിച്ച വിയറ്റ്നാമാണ് ആ കഥയിൽ പകർത്തിയിരിക്കുന്നത്. അതിൽ പരാമർശിക്കുന്ന മുഖ്യ കഥാപാത്രം യഥാർഥത്തിൽ ഞാൻ നേരിട്ടു കണ്ടു സംസാരിച്ച ആളാണ്. അവിടത്തെ ഹോൻകിയെം തടാകക്കരയിൽ ഒരു വൈകുന്നേരം ഞാൻ കാറ്റുകൊണ്ടിരിക്കുമ്പോൾ ഏതാനും ഡോളറുകൾ തന്നു സഹായിക്കാമോ എന്നു ചോദിച്ചുകൊണ്ട് എന്നെ സമീപിച്ച ഒരു യുവാവാണ് അത്. അയാളോട് വിശദമായി സംസാരിച്ചു കിട്ടിയ വിവരങ്ങളാണ് കഥയിൽ ഉള്ളത്. പൂർണതയ്ക്കു വേണ്ടി കുറച്ചു വിയറ്റ്നാം ചരിത്രം കൂടി തപ്പിയെടുത്തു ചേർത്തു എന്നു മാത്രം. കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരം കിട്ടുമ്പോൾ എങ്ങനെ വഷളാകുന്നു എന്ന് ഞാൻ വിശദീകരിക്കുന്നത്, അത് എനിക്കു നേരിട്ടു ബോധ്യപ്പെടുന്നതുകൊണ്ടാണ്. അതു പറയുന്നതുകൊണ്ട് ഞാനോ എന്റെ കഥകളോ കമ്യൂണിസ്റ്റ് വിരുദ്ധം എന്ന പറയുന്നതു ശരിയല്ല. വിമർശനങ്ങളെ ഭയപ്പെടുന്നവർ എങ്ങനെ കമ്യൂണിസ്റ്റ് ആകും. സ്വന്തം ജീവിതത്തിൽ വെള്ളം ചേർക്കാത്ത, രാഷ്ട്രീയ ജീവിതത്തിൽ അൽപ്പം പോലും കറ പുരണ്ടിട്ടില്ലാത്ത ശുദ്ധ കമ്യൂണിസ്റ്റ് ആണ് ജി. സുധാകരൻ എന്ന അംഗീകരിച്ചുകൊണ്ട് പറയട്ടെ, അന്ന് അദ്ദേഹം കാണിച്ചത് മഹാമോശമായിപ്പോയി. കമ്യൂണിസ്റ്റ് മൌലികവാദത്തിന്റെ പിടിയിൽ അദ്ദേഹവും പെട്ടു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഒന്നു കൂടി പറയട്ടെ, കേരളത്തിന്റെ സാമൂഹികവും മതപരവും രാഷ്ട്രീയവുമായ ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ സിപിഎമ്മും കോൺഗ്രസും തുല്യശക്തികളായി നിൽക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതിൽ ഏതു പാർട്ടി ക്ഷീണിച്ചാലും കേരളം വിഷമിക്കും. ഈ രണ്ടു പാർട്ടികളും ക്ഷീണിച്ചതിന്റെ തിക്തഫലമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്.

ചോദ്യം: ‘‘തന്റെ അനുഭവമേഖലയ്ക്ക് മൊത്തത്തിൽ കഥാകാരൻ നൽകുന്ന അർഥാന്തരന്യാസമാണ് തുരങ്കത്തിനുള്ളിൽ ജീവിതം. യാഥാർഥ്യങ്ങൾ കഥയായി മാറുന്നതും കഥകൾ യാഥാർഥ്യമായി മാറുന്നതുമായ ഒരനുഭവരസം ഈ രചനകൾ നമുക്കു നൽകുന്നുണ്ട്.’’ മൂന്നാമത്തെ കഥാസമാഹാരത്തിന്റെ മികവിൽ തലയുയർത്തി നിൽക്കുമ്പോൾ ആദ്യകഥാസമാഹാരത്തെക്കുറിച്ച്  മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റ് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞ മേൽപ്പറഞ്ഞ നിരീക്ഷണത്തെ താങ്കൾ ഇപ്പോൾ എങ്ങനെ പുനരനുഭവിക്കുന്നു.?


ഉത്തരം: ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നന്മ കൊണ്ടാണ് ആദ്യ സമാഹാരത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്. ആ അഭിപ്രായത്തെ നന്ദിയോടെയും സ്നേഹത്തോടെയും  മാത്രമേ  എനിക്കോർക്കാൻ കഴിയൂ. ഡോക്ടറുടെ ഈ വാചകം അന്നും ഇന്നും എനിക്ക് ഒരു വിസ്മയമാണ്. കാരണം ആദ്യ സമാഹാരത്തിന് അവതാരിക എഴുതുമ്പോൾ എനിക്ക് ഡോക്ടരെ നേരിട്ട് പരിചയമില്ലായിരുന്നു. റയിൻബോ ബുക്സ് ഉടമയായിരുന്ന പരേതനായ രാജേഷ്കുമാർ ആണ് അവതാരിക എഴുതാൻ കഥകൾ ഡോക്ടർക്ക് അയച്ചുകൊടുത്തത്. അദ്ദേഹത്തെ വിളിച്ച് ഓരോ കഥയും ഞാൻ അനുഭവിച്ച ജീവിതത്തിന്റെ സ്പർശമുള്ളതാണെന്നു പറയണമെന്നു  വിചാരിച്ചെങ്കിലും  ചമ്മൽ കാരണം വിളിച്ചില്ല. പക്ഷേ, വളരെ കാച്ചിക്കുറുക്കി അദ്ദേഹം എഴുതിയ അവതാരികക്ക് ഒരു കടലിന്റെ ആഴവും ഒരു താമരപ്പൊയ്കയുടെ സൗന്ദര്യവും ഉണ്ടായിരുന്നു. എന്റെ എല്ലാ കഥകളും  ഞാനോ ഏറ്റവും അടുത്തവരോ അനുഭവിച്ചിട്ടുള്ളതാണ്. പൂർണമായും ഭാവന ചെയ്ത് ഒരു കഥയും ഞാൻ എഴുതിയിട്ടില്ല. ആത്മാംശം ചിലതിൽ കൂടും, ചിലതിൽ കുറയും എന്നു മാത്രം. ആ സത്യമാണ് ഡോക്ടറുടെ ആ വാചകത്തിൽ അടക്കം ചെയ്തിട്ടുള്ളത്.ഡോ. പുനത്തിലിന് നൂറു നന്ദി.

ചോദ്യം: കഥയെഴുത്ത് താങ്കൾക്ക്  വാർത്തകളിൽ നിന്നുള്ള മോചനം ആണെന്ന ഡോ. പുനത്തിലിന്റെ നിരീക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു?

ഉത്തരം: ഡോക്ടറുടെ നിരീക്ഷണം ഭാഗികമായി ശരിയാണ്. വാർത്തയുടെയും കഥയുടെയും ലോകങ്ങൾ രണ്ടും രണ്ടാണ്. ഇവയെ പൊരുത്തപ്പെടുത്തിക്കൊണ്ടു പോവുക വലിയ പ്രയാസവും. കഥയിൽ മുന്നേറുമ്പോൾ പത്രപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിൽ മുന്നേറുമ്പോൾ കഥയിലും ക്ഷീണിക്കുക സ്വാഭാവികമാണ്. എങ്കിലും കഥയെഴുത്ത് എനിക്കു വലിയ ആശ്വാസമാണ്. ഈ ഇരട്ട ജീവിതത്തിനിടയിൽ ഏതെങ്കിലും ഒന്നിനെ തള്ളിപ്പറയാൻ ഞാൻ തയാറല്ല. കാരണം വാർത്തകളുടെ ലോകമാണ് എന്റെ ചോറ്. കഥയെഴുതി മാത്രം ഒരാൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ടാവോ ഫിലോസഫി പറയുന്നത് എക്സിസ്റ്റൻസ് ഈസ് ദ് മദർ എന്നാണ്. നിലനിൽപ്പാണ് പ്രധാനം. നിലനിന്നെങ്കിലേ കഥയും നോവലും കവിതയുമൊക്കെ എഴുതാനാവൂ. അതിനാൽ എന്നെ നിലനിർത്തുന്ന വാർത്താലോകത്തെ ആദരവോടെയേ  നോക്കിക്കാണാനാവൂ. അതിന്റെ അകംപൊരുളുകൾ എന്തു തന്നെയായാലും.

 ചോദ്യം: പുത്തൻ സാമ്പത്തിക നയങ്ങൾ നമ്മുടെ സംസ്കാരത്തെ  സെലിബ്രേറ്റിങ്  കൾച്ചർ ആക്കുന്നതിനെതിരെയും  പുതുകാലം ഉന്നയിക്കുന്ന ലൈംഗികവത്കരണത്തിനെതിരെയും പല കഥകൾ താങ്കൾ  എഴുതിയിട്ടുണ്ട്. ‘റിയാലിറ്റി ഷോ’, ‘ആക്രി’ തുടങ്ങിയ കഥകൾ ഓർമ വരുന്നു.

ഉത്തരം: പുത്തൻ സാമ്പത്തിക നയം, ആഗോളവത്കരണം എന്നിവ  കൊച്ചുകേരളത്തിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. ആഗോളവത്കരണത്തിന്റെയും വിവരസാങ്കേതിക വിസ്ഫോടനത്തിന്റെയുമൊക്കെ എണ്ണമില്ലാത്ത നേട്ടങ്ങളെയും സാധ്യതകളെയും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ആഗോളവത്കരണത്തിന്റെ ഫലമായുണ്ടായ ഭൗതിക പുരോഗതിയും സൗകര്യങ്ങളുടെ കുതിച്ചുചാട്ടവുമൊക്കെ മനുഷ്യരുടെ ബാഹ്യജീവിതത്തെ  വലിയൊരു പ്രദർശനനഗരിപോലെ വർണാഭമാക്കിയിട്ടുണ്ടെങ്കിലും  അത് മനുഷ്യമനസുകളുടെ വലുപ്പം വല്ലാതെ കുറച്ചുകളഞ്ഞു. അടിസ്ഥാനസൗകര്യ വികസനമെന്ന പേരിൽ എട്ടുവരിയോ പതിനാറുവരിയോ വീതി ഉള്ള ഹൈവേ നിർമിക്കുന്ന മനുഷ്യന്റെ ഉള്ളകത്തെ വഴി കൂടുതൽ മെലിഞ്ഞ കുണ്ടനിടവഴിയായിക്കൊണ്ടിരിക്കുന്നു. ആർത്തികളും ആസക്തികളും മൂല്യവിചാരങ്ങളെ തൂത്തെറിയുന്നു. പണമുണ്ടാക്കാൻ വേണ്ടി ഭീകരപ്രവർത്തകനോ ഭീകരപ്രവർത്തനത്തിനു ചൂട്ടുപിടിക്കുന്നവനോ ക്വൊട്ടേഷൻ ഗൂണ്ടയോ കൂട്ടിക്കൊടുപ്പുകാരനോ ഒക്കെയാകാൻ മലയാളിക്ക്  ഒരു മടിയുമില്ല. സ്ത്രീകൾക്കെതിരായ അതിക്രമം, മുതിർന്ന തലമുറയോടുള്ള അവഗണന, പരിസ്ഥിതി നശീകരണം ഇങ്ങനെ മലയാളി രാക്ഷസന്മാരാകുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ പറയാനുണ്ട്. ഇവയൊക്കെ ഒരു എഴുത്തുകാരനെ ഉത്ക്കണ്ഠാകുലനാക്കേണ്ടവ തന്നെയാണ്. എന്റെ കഥകളിലും ഇത്തരം പ്രശ്നങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. ‘റിയാലിറ്റി ഷോ’ എന്ന എന്റെ കഥ സ്ത്രീശരീരത്തെ   കൈമാറി ഉപയോഗിക്കുന്ന ചരക്കുവൽക്കരണത്തോടുള്ള പ്രതികരണമാണെങ്കിൽ ‘ആക്രി’ മുതിർന്ന തലമുറയെ അവഗണിക്കുന്നതിനോടുള്ള പ്രതിഷേധമാണ്.

ചോദ്യം: കാലത്തിന്റെ കൊടിയ തിന്മകൾക്കെതിരെ ജാഗ്രത്തായ ഒരു  മനസ് താങ്കൾക്കുണ്ട്. സത്യത്തിൽ പുതിയ സമ്പദ് വ്യവസ്ഥ നമ്മുടെ സമൂഹത്തിന്റെ വ്യാകരണങ്ങൾ തെറ്റിച്ചതിനെതിരെയുള്ള ജാഗ്രതയുമാണ് അത്. അതുകൊണ്ടാണല്ലോ ‘സംഭോഗം പോലും സ്പോൺസർ ചെയ്യുന്ന’, എല്ലാം വിപണിവത്കരിക്കുന്ന ഇക്കാലത്തെ നോക്കി താങ്കൾക്ക് ‘പോടാ പുല്ലേ’ ( റിയാലിറ്റി ഷോ) എന്നു പറയാൻ കഴിയുന്നത്?

ഉത്തരം: ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും കമ്പോള സമ്പദ് വ്യവസ്ഥയും ഒക്കെക്കൂടി ചേരുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി തുടങ്ങിയപ്പോൾ അന്നു ധനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെ എതിർത്തിരുന്നവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഏതാണ്ടൊക്കെ ശരിയായി വരികയാണ്. ശുഭാപ്തിവിശ്വാസം കൊണ്ടുമാത്രം സാമ്പത്തികപരിഷ്കാരങ്ങളെ പിന്തുണച്ചവർ പോലും ഇപ്പോൾ മനസ് തകർന്ന അവസ്ഥയിലാണ്. ഇടത്തരക്കാരനും പാവപ്പെട്ടവനും ജീവിക്കാൻ കഴിയാത്ത സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുന്നു. തുടങ്ങിവച്ച സാമ്പത്തിക പരിഷ്കാരങ്ങൾ തുടർന്നുകൊണ്ടുപോകാൻ രാജ്യം കൂടുതൽ കൂടുതലായി വിദേശികൾക്കു വിൽക്കുന്ന സ്ഥിതിയാണ് കാണുന്നത്. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ഇനി തിരിച്ചുപോകാനാവാത്ത വിധത്തിലുള്ള,  ഒരിക്കലും അഴിക്കാനാവാത്ത ഒരു ഊരാക്കുടുക്കിലാണ് നാം ഇപ്പോൾ. എനിക്കൊരു പറ്റു പറ്റി, ഇനി രക്ഷയില്ല എന്നു വിചാരിച്ചുകൊണ്ട് ചുമ്മാ നിന്നു കൊടുക്കുന്നവരുണ്ട്. അവരെ മനസിലാക്കാം. പക്ഷേ, തങ്ങൾ എന്തോ മഹത്തായ കാര്യം ചെയ്യുകയാണെന്ന തെറ്റിദ്ധാരണയിൽ നമ്മുടെ നാടിന്റെ നന്മകളെ ഭീകരപ്രവർത്തകനും രാജ്യദ്രോഹികൾക്കും വിഘടനവാദികൾക്കും വിദേശകുത്തകകൾക്കും മുമ്പിൽ അടിയറവച്ചു കേമത്തം നടിക്കുന്ന ഞാനടക്കമുള്ള പത്രാധിപ സമൂഹത്തോടും  പ്രസാധകന്മാരോടും നിരൂപകന്മാരോടും ബുദ്ധിജീവികളോടുമൊക്കെ  പറയാനുള്ളത് ഒന്നു മാത്രം. അതാണ് ആ പേരിൽ തന്നെ അങ്ങനെയൊരു കഥ എഴുതിയത്. പക്ഷേ, അത് വേണ്ടത്ര ശദ്ധ്രിക്കപ്പെടാതെ പോയി. സാഹിത്യത്തിലായാലും ഗോഡ്ഫാദർമാരില്ലാത്തവർക്ക് പച്ചപിടിക്കാനാവില്ല എന്ന് എനിക്ക് ബോധ്യമായപ്പോഴെഴുതിയ കഥയാണത്.

ചോദ്യം: ഭാഷയുടെ ഉള്ളടരുകൾ നന്നായി ഗ്രഹിച്ച താങ്കളുടെ ‘മകൾ’ എന്ന കഥയിലും മേൽപ്പറഞ്ഞ കാര്യങ്ങൾ നന്നായി ആവിഷ്കാരം നേടുന്നുണ്ടല്ലോ. പുതിയ കാലത്തെ പെൺകുട്ടികളെ പ്രശ്നവത്കരിക്കാൻ  കൂടിയുള്ള ശ്രമമല്ലേ അത്?

ഉത്തരം: കമ്പോളവത്കൃതസമൂഹത്തിൽ ജീവിക്കുന്നതിന്റെയാണോ എന്നറിയില്ല, പെൺകുട്ടികളായാലും ആൺകുട്ടികളായാലും ഇന്ന് അച്ഛനമ്മമാർക്ക് വലിയ ആശങ്കകളും ആകുലതകളും സമ്മാനിച്ചുകൊണ്ടാണ് വളർന്നുവരുന്നത്. പത്തോ ഇരുപതോ വർഷം മുമ്പ്‌ വരെ അച്ഛനമ്മമാരോട് മറുത്തു പറയുന്നതു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അച്ഛനമ്മമാരോട് തർക്കുത്തരം പറയാൻ ഭയന്നിരുന്നുവെങ്കിൽ  അതിനു കാരണം, തല്ലു കിട്ടും എന്നതു മാത്രമായിരുന്നില്ല. ഒരു തരം പാപബോധവും വേട്ടയാടിയിരുന്നു. മാനുഷികമൂല്യങ്ങൾക്കുമേൽ വിപണിമൂല്യങ്ങൾ ആധിപത്യം നേടിയതോടെ ഇത്തരം പാപബോധങ്ങളൊക്കെ നാടയഴിഞ്ഞുവീണു. ആത്മീയത നഷ്ടപ്പെട്ട മതങ്ങൾ അധിനിവേശ ദുരാഗ്രഹത്താൽ മനുഷ്യന്റെ മൂല്യബോധങ്ങളെ കരിച്ചുകളഞ്ഞു. മൊബൈൽഫോണും ഇന്റർനെറ്റും ഫേസ്ബുക്കും പുതുതലമുറ സൗഹൃദങ്ങളും എല്ലാം കൂടി, പ്രായപൂർത്തിയാവുന്ന പെൺമക്കൾ അച്ഛനമ്മമാരുടെ മനസിൽ കോരിയിടുന്ന തീ ഒട്ടും ചെറുതല്ല.  അച്ഛന്റെ സംരക്ഷണയിൽ പൊന്നോമനയായി വളർന്ന അമ്മയില്ലാത്തൊരു പെൺകുട്ടി പ്രായപൂർത്തിയാവുന്നതോടെ പിതാവിനെ വെറുക്കുകയും കൊലപ്പെടുത്തുന്നതിലേക്കു വരെ എത്തുകയും ചെയ്യുന്നതാണ് മകളുടെ പ്രമേയം.

 ചോദ്യം: നാളെയിലെ ഒരു മികച്ച കഥാകാരനെ ദൃശ്യപ്പെടുത്താൻ കഴിയുന്ന കഥകളാൽ സമ്പന്നമാണ് ‘റിയാലിറ്റി ഷോ’ എന്ന ഈ സമാഹാരം എന്ന് ബന്യാമിൻ എഴുതുകയുണ്ടായി.ഈ പ്രവചനത്തെ അക്ഷരാർഥത്തിൽ സാക്ഷാത്കരിച്ചുകൊണ്ടാണ് ‘ചെന്താമരക്കൊക്ക’ പുറത്തുവന്നിരിക്കുന്നത്. ഭാവിയുടെ ഗർഭത്തിൽ എന്തൊക്കെയാണ് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്?

ഉത്തരം: ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ കാര്യത്തിൽ വലിയ മുൻകൂർ ആസൂത്രണമൊന്നും നടത്തുന്ന ആളല്ല  ഞാൻ. നടത്തിയാൽ തന്നെ അത് വിജയിക്കണമെന്നുമില്ല. എങ്കിലും മൂന്നു നാലു കഥകളുടെ പ്രമേയം മനസിലുണ്ട്.  ലളിത കലാ അക്കാദമി ഒരു ലഘുജീവചരിത്രം തയാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില പ്രസാധകർ പുസ്തകങ്ങളും അനുഭവക്കുറിപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏതൊക്കെ സമയത്തു പൂർത്തിയാക്കിക്കൊടുക്കാൻ കഴിയും എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

ചോദ്യം: പരിസ്ഥിതി വിഷയങ്ങൾ താങ്കൾ അതീവ ഗൗരവമായി  കഥകളിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇക്കോ ഈസ്തറ്റിക്സ് കഥകളിൽ സൃഷ്ടിച്ച രചനകളായിരുന്നു അവയെല്ലാം. ചെന്താമരക്കൊക്ക, കെ. ബി. നിള എന്നീ കഥകൾ ഓർമ വരുന്നു. താങ്കളുടെ പരിസ്ഥിതി പ്രവർത്തന പശ്ചാത്തലം ഒന്നു വിവരിക്കാമോ?

ഉത്തരം: സ്കൂളിൽ  പഠിക്കുമ്പോൾ  ശാസ്ത്ര സാഹിത്യപരിഷത്തുമായി ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങിയതാണ്.ശാസ്ത്രകേരളം, യുറീക്ക മാസികകളും  ശാസ്ത്രകലാജാഥയും പരിഷത്തിന്റെ അനവധിയായ പുസ്തകങ്ങളും ഒക്കെയാണ് അക്കാലത്തു പലർക്കുമെന്ന പോലെ എനിക്കും പരിസ്ഥിതി അവബോധം പകർന്നു തന്നത്.  പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിയൊക്കെ ആയപ്പോൾ ഇടതുപക്ഷമെന്നോ തീവ്രഇടതുപക്ഷമെന്നോ ഒക്കെ വിളിക്കാവുന്ന വിചാരങ്ങളായിരുന്നു മനസു നിറയെ. അമ്പലം പൊളിക്കണം, പള്ളി പൊളിക്കണം, മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന എല്ലാ മതിലുകളും പൊളിക്കണം, മിശവ്രിവാഹങ്ങൾ വ്യാപകമാക്കിക്കൊണ്ട് സമൂഹത്തിൽ നിന്ന് ജാതിയും മതവും പറിച്ചെറിയണം എന്നൊക്കെയുള്ള വിചാരങ്ങൾ പുകയുകയായിരുന്നു മനസിൽ. ഒരു പാർട്ടിയുടെയും  മേൽക്കൂരയ്ക്കു കീഴെ നിൽക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും  മനസിലെ പുരോഗമനചിന്തകൾക്ക് പരിഷത്ത് തീ പകരുന്നുണ്ടായിരുന്നു. പക്ഷേ, ഡിഗ്രിക്കു ശേഷം പത്രപ്രവർത്തനം പഠിക്കാൻ ചേരുകയും പിന്നീട് ജോലിയിൽ പ്രവേശിക്കുകയുമൊക്കെ ചെയ്തപ്പോൾ പരിഷത്തിൽ പ്രവർത്തിക്കാൻ സമയമില്ലാതെയായി. പരിഷത്ത് സിപിഎമ്മിന്റെ പോഷകസംഘടനപോലെ ആയിത്തീരുന്നതാണ് പിന്നീട് കണ്ടത്. 

പത്രപ്രവർത്തകരുടെയിടയിൽ ചെറിയ തോതിൽ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ജയ്ജി പീറ്റർ ഫൌണ്ടേഷൻ എന്ന സംഘടന പതിനഞ്ചുവർഷമായി ഞങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, ആദിവാസി ക്ഷേമം എന്നിവയിൽ പ്രത്യേകമായ ഒരു താത്പര്യം പത്രത്തിലെ എന്റെ എഴുത്തുകൾക്ക് എന്നും ഉണ്ടായിരുന്നു. കുട്ടനാടിന്റെ പരിസ്ഥിതി തകർച്ചയെക്കുറിച്ചാണ് എന്റെ ‘കുട്ടനാട് കണ്ണീർത്തടം’ എന്ന പുസ്തകം. ‘പ്രളയം പെരുകുന്ന കുട്ടനാട്’ എന്ന പരമ്പരയ്ക്ക് കേരള പ്രസ് അക്കാദമിയുടെ പരിസ്ഥിതി റിപ്പോർട്ടിങ്ങിനുള്ള കെ.സി. സെബാസ്റ്റ്യൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പരിസ്ഥിതി സംരക്ഷണം മനസിൽ  കയറിക്കൂടിയിട്ടുള്ള ഒരാൾ കഥയഴുതാനിരുന്നാലും അത്തരം വിഷയങ്ങൾ കടന്നുവരുക സ്വാഭാവികം മാത്രം.

ചോദ്യം: ആരാധനാലയങ്ങൾ പൊളിച്ച് അന്ധവിശ്വാസം ഇല്ലാതാക്കണം  എന്ന തോന്നൽ ഇപ്പോഴുമുണ്ടോ?

ഉത്തരം: ടീനേജിൽ കമ്യൂണിസ്റ്റ് ആകാതിരിക്കുകയും ടീനേജിനു ശേഷം കമ്യൂണിസ്റ്റ് ആയി തുടരുകയും ചെയ്യുന്നവൻ മനുഷ്യനല്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.  അതെന്തോ ആകട്ടെ, നമുക്ക് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത, വീട്ടുകാർ എല്ലാം നടത്തിത്തരുന്ന പ്രായത്തിൽ ഒരാൾക്ക് യുക്തിവാദിയാകാൻ ഒരു പാടുമില്ല. പക്ഷേ, ഒറ്റയ്ക്കു ജീവിതം നയിക്കേണ്ടി വരുമ്പോൾ, നമ്മളെ ചുറ്റിപ്പറ്റി നാലോ അഞ്ചോ  പേർ (ഭാര്യയും മക്കളും അച്ഛനുമമ്മയും) കൂടിയുണ്ടാവുകയും ചെയ്യുമ്പോൾ യുക്തിവാദിയാവുക ദുഷ്കരം തന്നെ. ജീവിതത്തിന്റെ ഒത്ത മധ്യത്തിൽ നിൽക്കുന്ന എനിക്ക് മനസിന്റെ പല പ്രശ്നങ്ങൾക്കും ഇപ്പോൾ ഉത്തരം ദൈവമാണ്. ഇരുപത്തേഴാമത്തെയോ ഇരുപത്തെട്ടാമത്തെയോ വയസിൽ ശബരിമല റിപ്പോർട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയിൽ ഞാൻ അപ്രതീക്ഷിതമായി ദൈവവിശ്വാസത്തിലേക്കു മടങ്ങിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, സാറിനെന്നെ കണ്ടെത്തേണ്ടി വരിക ഏതെങ്കിലും മെന്റൽ അസൈലത്തിലായിരുന്നേനേ. ഞാനിപ്പോൾ കടുത്ത ദൈവവിശ്വാസിയാണ്. പക്ഷേ, അതുകൊണ്ട്  മതങ്ങളുടെയും ദേവസ്വം ബോർഡിന്റെയുമൊക്കെ തട്ടിപ്പുകൾ കാണാതെ പോകുന്നുമില്ല. ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ, പാഴ്സിയോ സിക്കോ ഏതു മതത്തിൽ പെട്ടവനായാലും മനുഷ്യന്റെ ആത്യന്തിക നന്മയിലാണിന്നെന്റെ പ്രതീക്ഷ.

ചോദ്യം:  മനുഷ്യനന്മയിലുള്ള ആത്യന്തികമായ വിശ്വാസമാണോ ഡോണാപോളാ എന്ന കഥയെഴുതുന്നതിലേക്കു നയിച്ചത്?

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, മലയാളി മനസുകളിൽ കുടിയേറിയിട്ടുള്ള നിഗ്രഹവാസന ഒരു എഴുത്തുകാരനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തേണ്ടതാണെന്ന്. ആദ്യമൊക്കെ എഴുതാനിരിക്കുമ്പോൾ കൂടുതലായി കടന്നുവന്നത് അത്തരം പ്രമേയങ്ങളാണ്. പക്ഷേ, പിന്നീട് എനിക്കതിൽ ഖേദം തോന്നിയിട്ടുണ്ട്. കഥയെഴുത്ത് ഒരു സാമൂഹികപ്രവർത്തനം കൂടിയാവാറുണ്ടല്ലോ  ചില സന്ദർഭങ്ങളിൽ. അപ്പോൾ, സമൂഹത്തെ പോസിറ്റീവ് ആയി ചിന്തിപ്പിക്കുന്ന രചനകളും ആവശ്യമാണ്. എല്ലാം തകർന്നു, എല്ലായിടത്തും ഇരുട്ടാണ്, ഇനിയില്ല പ്രകാശനാളങ്ങൾ എന്ന മട്ടിലൊക്കെ എഴുതിയാൽ വായിക്കാൻ ആളു കണ്ടേക്കും. പക്ഷേ അത്തരം രചനകൾ മാത്രമായാൽ സമൂഹം എഴുത്തുകാരന്റെയൊപ്പം ഇരുട്ടിന്റെ ഇരകളായിപ്പോകും. അതുകൊണ്ട് പ്രകാശം വിതറുന്ന കഥകളും നമുക്ക് ആവശ്യമാണ്. കാരൂരിന്റെ ‘മരപ്പാവകൾ’, ഉറൂബിന്റെ ‘രാച്ചിയമ്മ’, തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’, ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, എൻ. എസ്. മാധവന്റെ ‘വന്മരങ്ങൾ വീഴുമ്പോൾ’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘റോഡിൽ പാലിക്കേണ്ട നിയമങ്ങൾ’, സുസ്മേഷ് ചന്ത്രോത്തിന്റെ ‘മരണത്തിനും സ്വർണത്തിനും അരികെ’ തുടങ്ങിയ കഥകൾ എനിക്കോർമ്മ വരുന്നു. എന്റെ ഒരു ഗോവാ യാത്രയുടെ ഉപോത്പന്നമാണ് ‘ഡോണാപോളാ’ എന്ന  കഥ. ഗോവയിൽ എത്തും വരെ ആ സ്ഥലത്തെപ്പറ്റി എന്താണോ  മനസിൽ ഉണ്ടായിരുന്നത് ആ ധാരണ മുഴുവൻ മാറ്റിക്കളഞ്ഞു അവിടെയുണ്ടായിരുന്ന ദിവസങ്ങൾ. മലയാളികളുടെ കപട സദാചാരത്തിനും മുഖംമൂടിയണിഞ്ഞ ജീവിതത്തിനും മേലേ വിശ്വസ്തത, ആർത്തിയില്ലായ്മ, സഭ്യജീവിതം, സത്യസന്ധത  തുടങ്ങി ഒരുപാടു നന്മകൾ കൊടിപാറിച്ചു നിൽക്കുന്നതു നേരിൽ കാണിച്ചുതന്നു ആ ഗോവായാത്ര. അവിടെ കണ്ട ഒരു നാരങ്ങാവെള്ള കച്ചവടക്കാരി പെൺകുട്ടി എന്റെ മനസ് കീഴടക്കി.  പ്രണയവും ഇഷ്ടവുമൊക്കെ തട്ടിയെടുത്ത് ദിവസങ്ങളോളം  മനസിൽ ജീവനോടെ നിന്ന  ആ പെൺകുട്ടിയാണ് ആ കഥയെഴുതാനുള്ള പ്രചോദനം. ഒപ്പം നമ്മുടെ നാട്ടിലെ ക്വൊട്ടേഷൻ ഗുണ്ടകൾക്കു മാനസാന്തരം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചുവച്ചു. പല അടരുകളായി വായിക്കാവുന്ന കഥയാണ് ഡോണാപോള.

ചോദ്യം: വർമയുടെ കഥകൾക്ക് ബുദ്ധിപരതയുടെ ഒരു മാനമുണ്ട്. ഇത് കഥയ്ക്ക് ദോഷം ചെയ്യുന്നു എന്ന ഒരു നിരീക്ഷണം ഉയരുന്നുണ്ട്.

ഉത്തരം: ആ നിരീക്ഷണം ശരിയല്ല. ബുദ്ധിപരതയുടെ തലം ഇല്ലാതായാൽ കഥ പൈങ്കിളിയുടെ ഗണത്തിലാണ് പെടുക. എനിക്കെന്നല്ല, ഒരു വിധപ്പെട്ട ലോകത്തിലെ ഏതു കഥാകൃത്തിനും മുന്നിൽ ഉള്ള പ്രമേയങ്ങൾ സൂക്ഷ്മാർഥത്തിൽ പറഞ്ഞാൽ വിരലിലെണ്ണാൻ മാത്രമേ കാണൂ. സ്നേഹം, പ്രണയം, കാമം, പക, നിസഹായത..... . കഥ പറച്ചിൽ ആരംഭിച്ച കാലം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഇപ്പറഞ്ഞ വിഷയങ്ങൾ വീണ്ടും എഴുതുമ്പോൾ ഭാഷാപരമായോ ശിൽപ്പപരമായോ ബുദ്ധിപരമായോ പുതുമകളില്ലെങ്കിൽ അത് നേരെ ചെന്നു പതിക്കുക പൈങ്കിളി സാഹിത്യത്തിന്റെ കൊട്ടയിലായിരിക്കും. പൈങ്കിളി എന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യം മോശം എന്നൊന്നും  ഞാൻ പറയുകയില്ല.പക്ഷേ, അവയ്ക്ക് കാലത്തെ അതിജീവിക്കാൻ കഴിയില്ല. കാലത്തെ അതിജീവിക്കുന്ന കഥകളെഴുതണം എന്നാണ് എന്റെ  ആഗ്രഹം.  ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒന്നാംനിര കഥാകൃത്തുക്കളുടെ രചനകളിൽ ബുദ്ധിപരമായ വ്യായാമം എന്നോ ഉപന്യാസം എന്നോ ഒക്കെ ആക്ഷേപമുള്ളത് ആനന്ദിന്റെ കഥകളെക്കുറിച്ചാണ്. എന്റെ കഥകൾ ഉപന്യാസമാണെന്ന് ആരും പറയില്ല. സ്വന്തം രചനകളെ പൈങ്കിളിത്തത്തിൽ നിന്നും ഉപന്യാസത്തത്തിൽ നിന്നുമൊക്കെ രക്ഷിച്ചുനിർത്താനുള്ള ബാധ്യത എഴുത്തുകാരനുണ്ട്.

ചോദ്യം: സമകാലീനമായ ജീവിതത്തെക്കുറിച്ചുള്ള ചില നിർണായക നിരീക്ഷണങ്ങൾ വർമയുടെ കഥകളുടെ ഉള്ളാകാശത്തിലൂടെ മിന്നിമറയുന്നുണ്ടെന്ന് ‘ചെന്താമരക്കൊക്ക’ എന്ന സമാഹാരത്തെക്കുറിച്ചുള്ള നിരൂപണത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, എന്റെ ഭൂരിപക്ഷം കഥകളും സ്വന്തം അനുഭവങ്ങളാണ്. പൂർണമായോ ഭാഗികമായോ അനുഭവിച്ചത്. പിന്നെ, പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് ഓരോ നിമിഷത്തെയും ജീവിതം വർത്തമാനസംഭവങ്ങളുടെ നടുക്കാണ്. ഈ രണ്ടു കാരണത്താലും  സമകാലീനജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്റെ എഴുത്തിൽ കടന്നുവരുന്നതിൽ അതിശയിക്കേണ്ടതില്ല.

ചോദ്യം: മുന്നോക്ക സമുദായത്തിലെ ദരിദ്ര മനുഷ്യരുടെ ദയനീയചിത്രം ‘പൂണൂൽ കല്ല്യാണം’ എന്ന കഥയിൽ കലാഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട്. ലളിതാംബിക അന്തർജനവും അതു പ്രമേയമാക്കിയിട്ടുണ്ട്. മനുഷ്യരുടെ യാതന എവിടെയുണ്ടോ അവിടെ ഓടിയെത്തുക എന്നത് കലാകാരന്റെ ദൗത്യമാണ് എന്ന അർഥത്തിലാണ് പൂണൂൽ കല്ല്യാണം ഞങ്ങൾ വായിച്ചത്.

ഉത്തരം: വേദനിക്കുന്ന, പട്ടിണി കിടക്കുന്ന, സമൂഹത്തിലെ അധീശശക്തികളാൽ ചവിട്ടിയരയ്ക്കപ്പെടുന്ന മനുഷ്യരുടെ ശബ്ദമാവണം എഴുത്തുകാരൻ എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. വി.ടി. ഭട്ടതിരിപ്പാടും ചങ്ങമ്പുഴയും വയലാറും പി.കേശവദേവും തകഴിയും ബഷീറുമൊക്കെ അതതു കാലത്ത് വേദനിക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾ അവതരിപ്പിച്ചവരാണ്. 65 വർഷം മുമ്പ്‌, സ്വാതന്ത്യ്രം കിട്ടുമ്പോൾ കേരളത്തിലെ സമൂഹം ഇങ്ങനെയായിരുന്നില്ല. ബ്രാഹ്മണർ, ക്ഷത്രിയർ, നായർ തുടങ്ങി സവർണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സമുദായങ്ങളുടെ മേധാവിത്തം, അയിത്തം, തൊട്ടുകൂടായ്മ എന്നിവയാൽ സമൂഹത്തിലെ ഒരു വിഭാഗം മേൽജാതിക്കാരും മറുവിഭാഗം കീഴ്ജാതിക്കാരുമായിരുന്നു. കീഴ്ജാതിക്കാരുടെ മേൽ മേൽജാതിക്കാരുടെ കുതിരകയറ്റം പതിവുസംഭവമായിരുന്നു. നല്ല തൊഴിലില്ലാതെ, ജീവിക്കാൻ ആവശ്യമായ പണമില്ലാതെ, അഭിപ്രായ സ്വാതന്ത്യ്രമില്ലാതെ കീഴ്ജാതിക്കാർ ശ്വാസം മുട്ടി.  അവരുടെ ജീവിതം ദുരിതപൂർണവും നരകതുല്യവുമായിരുന്നു. ശരിക്കും ആടുമാടുകളെപ്പോലെ എന്നൊക്കെ പറഞ്ഞാൽ അതിശയമില്ല. എന്നാൽ  സ്വാതന്ത്ര്യാനന്തര  സർക്കാരുകളുടെ ബഹുവിധ നടപടികളും  ഭരണഘടന നൽകിയ സംരക്ഷണവും കമ്യൂണിസ്റ്റ് പാർട്ടികളുടെയും ശ്രീനാരായണ സന്ദേശങ്ങളുടെയും പ്രവർത്തനവും മൂലം ഇന്ത്യയിൽ ഏറ്റവുമധികം സാമൂഹിക പരിഷ്കരണം നടന്ന സംസ്ഥാനമായി കേരളം മാറി.  അന്നു കേരളത്തിലെ പിന്നോക്കം നിന്ന ജനവിഭാഗങ്ങളിൽ ഗണ്യമായൊരു കൂട്ടർ  ഇന്ന് സമൂഹത്തിന്റെ മേൽത്തട്ടിലാണ്. ഭൂപരിഷ്കരണം, ജാതിസംവരണം തുടങ്ങി ബഹുവിധമായ സർക്കാർ നടപടികൾ മൂലം പഴയ കാലത്തെ പ്രതാപികളിൽ നല്ലൊരു ശതമാനം ഇന്നു ഗതിയില്ലാതെ കഴിയുന്നു. കേരളീയസമൂഹം ഒരുവട്ടം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കരണം മറിയലിൽ പാർശ്വവത്കരിക്കപ്പെട്ട്, മാധ്യമങ്ങളാലും രാഷ്ട്രീയക്കാരാലും സാംസ്കാരികനായകരാലും സർക്കാരുകളാലും ഒക്കെ അവഗണിക്കപ്പെട്ടും  പരിഹസിക്കപ്പെട്ടും ജീവിതത്തിന്റെ കയ്പുനീർ കുടിക്കുന്ന വർഗമാണ് ഇന്നത്തെ സവർണൻ.  എ.കെ.ആന്റണിയും വെള്ളാപ്പള്ളി നടേശനുമൊക്കെ ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന്   ഇതുവരെ സവർണരുടെ ദയനീയാവസ്ഥ വേണ്ടവിധത്തിൽ മനസിലായിട്ടില്ല.  എന്റെ അഭിപ്രായത്തിൽ ആദിവാസികളും സവർണദരിദ്രരുമാണ് ഇന്നു കേരളത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്. രണ്ടു കൂട്ടരുടെയും ദൈന്യം ഒരേ കാൻവാസിൽ അവതരിപ്പിക്കാനുള്ള  ശ്രമമായിരുന്നു പൂണൂൽ കല്ല്യാണം.

ചോദ്യം: പ്രായം കൊണ്ട് മലയാള കഥയിൽ താങ്കൾ താമസിച്ചാണ് അടയാളപ്പെടുന്നത്. ഇപ്പോൾ മലയാള ചെറുകഥയിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത് താങ്കളേക്കാൾ ചെറുപ്പമായവരാണല്ലോ?

ഉത്തരം: ഇപ്പോൾ  മലയാള ചെറുകഥാരംഗം ഭരിക്കുന്നത്ചെറുപ്പക്കാരുടെ വലിയൊരു നിരയാണ്.മലയാള കഥാലോകം പ്രകാശമാനമായിരിക്കുന്നത് ഈ ചെറുപ്പക്കാരുടെ രചനകളാലാണ്.  ഞാൻ നന്നേ ചെറുപ്പത്തിൽ എഴുതിത്തുടങ്ങിയ ആളാണ്. അഞ്ചാം ക്ലാസിലോ ആറിലോ ഒക്കെ പഠിക്കുമ്പോൾ തന്നെ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലും കഥ മാസികയിലും മലയാള മനോരമ ഞായറാഴ്ചപ്പതിപ്പിലും  കഥകൾ അച്ചടിച്ചുവന്നിട്ടുണ്ട്. സ്കൂൾ, കോളജ് പ്രായത്തിൽ ഞാൻ മുഖ്യപത്രാധിപരായി കയ്യെഴുത്തുമാസിക നടത്തിയിട്ടുണ്ട്. ശരിക്കും പത്രപ്രവർത്തനം പഠിക്കാൻ ചേർന്നതിന്റെ ഉദ്ദേശ്യം തന്നെ പത്രത്തിൽ ജോലി ചെയ്യുമ്പോൾ കഥകൾ പെട്ടെന്ന് അച്ചടിച്ചുവരുമല്ലോ എന്ന വിചാരമാണ്. പക്ഷേ യഥാർഥത്തിൽ പത്രപ്രവർത്തനം തുടങ്ങിയപ്പോഴല്ലേ ഈ  ലക്ഷ്യം കയ്യെത്തും ദൂരത്തൊന്നുമല്ല എന്നു മനസിലായത്. രണ്ടു വള്ളത്തിൽ കാലുവച്ചു സഞ്ചരിക്കും പോലെയാണ് വാർത്തയെഴുത്തും കഥയെഴുത്തും എന്നു തോന്നിയപ്പോൾ ഏതാണ്ട് 25- 26 വയസിൽ  കഥയെഴുത്തു നിർത്തി. പത്രപ്രവർത്തനത്തിൽ പൂർണശ്രദ്ധ കൊടുത്തു. പിന്നീട് കഥയെഴുത്തു പുനരാരംഭിച്ചത് 2004 -2005 ലാണ്. അപ്പോഴേക്കും എനിക്ക് 38-  39 വയസായി. പ്രായം വച്ചു നോക്കിയാൽ കഥയെഴുത്തിൽ എസ്റ്റാബ്ലിഷ് ചെയ്യേണ്ടിയിരുന്ന എന്റെ പ്രൈം ടൈം അങ്ങനെ നഷ്ടമായി. അടയാളപ്പെടാൻ താമസിച്ചല്ലോ എന്നു പറഞ്ഞതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത്. എങ്കിലും ഇപ്പോൾ എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. എനിക്കു സമൂഹത്തോടു ചിലതു പറയാനുണ്ട്. അതുകൊണ്ട് എഴുത്തിൽ നിന്ന് ഇനിയൊരു മടക്കമില്ല.

 ചോദ്യം: ചെന്താമരക്കൊക്ക എന്ന സമാഹാരം പുറത്തുവന്നതിനു ശേഷമാണ് അകം മാസികയിൽ ( 2012 ഓഗസറ്റ്)  താങ്കളുടെ ആറന്മുള വിമാനത്താവളം എന്ന കഥ പ്രസിദ്ധീകരിച്ചുവന്നത്. മറ്റു പല കഥയിലുമെന്നപോലെ ലൈംഗികത ഇക്കഥയിലും കടന്നു വരുന്നുണ്ട്. ഇക്കഥയിൽ പരോക്ഷമായി ലൈംഗിക വൈകൃതം പോലും പരാമർശിക്കപ്പെടുന്നു. മലയാള കഥയിലെ ഏതു പാരമ്പര്യത്തെയാണ് താങ്കൾ പിന്തുടരുന്നത്. ഒരു വിമാനത്താവളത്തിന്റെ പേര് ( നെടുമ്പാശേരി) തലക്കെട്ടാക്കി ബന്യാമിൻ എഴുതിയ കഥയിൽ കാര്യങ്ങൾ വേറെ വിധമാണല്ലോ സംഭവിക്കുന്നത്?

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, എഴുത്തിൽ ഒരു പാരമ്പര്യത്തെയും പിന്തുടരാനിടയാവരുതേ എന്നാണ് എന്റെ പ്രാർഥന. ലൈംഗികത  കഥയിൽ മന:പൂർവം ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, എഴുതപ്പെടുന്ന കഥയുടെ പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ലൈംഗികത ഏതളവുവരെയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. കഥയിൽ ലൈംഗികത ഉപയോഗിക്കുന്ന കാര്യത്തിൽ എന്റെ സമീപനത്തോടു ചേർന്നു നിൽക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ നല്ലൊരു ശതമാനം. കഥയിലായാലും സിനിമയിലായാലും നാടകത്തിലായാലും ലേഖനങ്ങളിലായാലും തുറന്നെഴുത്തിന്റെ കാലമാണിത്. നൊബേൽ സമ്മാന ജേതാക്കളായ ഓർഹാൻ പാമുക്കിന്റെ ‘ദ് മ്യൂസിയം ഓഫ് ഇന്നസെൻസ്’,  മരിയോ വർഗാസ് യോസയുടെ ‘ഫീസ്റ്റ് ഓഫ് ദ് ഗോട്ട്’ എന്നിവ വായിക്കണം. ഇവയടക്കം ലോകസാഹിത്യത്തിലെ പ്രമുഖമായ പല രചനകളിലും ലൈംഗികത കടന്നുവരുന്നുണ്ട്.മലയാളത്തിലിറങ്ങുന്ന സാഹിത്യത്തിലും ഇതിന്റെ അനുരണനങ്ങൾ സ്വാഭാവികം.  സ്നേഹം, പ്രണയം, ദേഷ്യം, സങ്കടം എന്നിവയൊക്കെപ്പോലെ തന്നെ മാനുഷികമായ ഒരു വികാരമോ ചോദനയോ ഒക്കെയാണ് ലൈംഗികതയും. മനുഷ്യജീവിതത്തിലെ അതിപ്രധാനമായ ആ ഭാവത്തെ മാറ്റിനിർത്തുമ്പോൾ നാം ചെയ്യുന്നത് ജീവിതത്തെ തന്നെ മാറ്റുകയാണ്. ജീവിതമില്ലെങ്കിൽ കഥയ്ക്കു ജീവനുമുണ്ടാകില്ല. വർഷങ്ങൾക്കു മുമ്പ്‌ മാധവിക്കുട്ടിയെപ്പോലെയുള്ളവർ തുറന്നെഴുത്തിലൂടെ മലയാളിയെ ഞെട്ടിച്ചതുകൊണ്ട് ഇന്ന്  അൽപ്പമൊക്കെ പച്ചയായി എഴുതിയാൽ ആരും ഞെട്ടാറുമില്ല.  ലൈംഗികത എന്റെ കഥകളിൽ പരസ്യമായി കടന്നു വരുന്നതിന് മറ്റൊരു ന്യായീകരണവും ഉണ്ട്. മലയാളി ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദാരിദ്ര്യം ലൈംഗിക ദാരിദ്ര്യമാണ്. എല്ലാ സൗകര്യങ്ങളുമുള്ളവർ പോലും , അതു പുരുഷനായാലും സ്ത്രീയായാലും ലൈംഗികമായി അസംതൃപ്തരാണ് കേരളത്തിൽ. മലയാളിയുടെ മുഖലക്ഷണമായ കാപട്യം ആണ് ഈ ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി എനിക്കു തോന്നുന്നത്. ഈ കൊടിയ ലൈംഗികദാരിദ്ര്യം മലയാളിയെ വല്ലാത്തൊരു തരം ലൈംഗിക അരാജകത്വത്തിലേക്കാണ് തള്ളിയിടുന്നത്. കേരളത്തിൽ ജീവിക്കുന്ന വർത്തമാനകാല മലയാളികളിൽ നല്ലൊരു പങ്കും അവരുടെ ലൈംഗിക അരാജകത്വത്തിനു ശമനം തേടി അലയുകയാണ്. മൊബൈലിൽ, ഫേസ്ബുക്കിൽ, യുട്യൂബിൽ, റയിൽവേ കംപാർട്മെന്റുകളിൽ, പൊതുനിരത്തിൽ, ബസിൽ ഒക്കെ... മനുഷ്യന്റെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ നാലാണ്. ആഹാരം, നീഹാരം, മൈഥുനം, നിദ്ര. ആഹാരം കഴിക്കുക, വിസർജിക്കുക, ഇണ ചേരുക, ഉറങ്ങുക. ഈ നാല് ആവശ്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് മനുഷ്യന്റെ അഭ്യാസം മുഴുവൻ. തൃപ്തികരമായ വിധത്തിൽ ഇണചേരാൻ കഴിയാതെപോകുന്ന മനുഷ്യർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. പെരുകി വരുന്ന കുറ്റകൃത്യങ്ങളുടെ വേരുകൾ ചികഞ്ഞു ചെല്ലുമ്പോൾ എവിടെയെങ്കിലും ലൈംഗികതയുടെ ഒരു ഘടകം ഒളിച്ചിരിക്കുന്നതു കാണാം. വർത്തമാന സമൂഹത്തെ നോക്കി കഥയെഴുതുന്ന ഒരാളിന്റെ പേനയിൽ ലൈംഗികത കടന്നു വരുന്നതെങ്ങനെയെന്നു മനസിലാക്കാൻ ഇത്രയൊക്കെ വിശദീകരണം പോരേ? പിന്നൊരു കാര്യം. എന്നെ സംബന്ധിച്ചിടത്തോളം  കഥ സ്വകാര്യമായി വായിക്കാനുള്ള സംഗതിയാണ്. ആളെ വിളിച്ചുകൂട്ടിയിരുത്തി എല്ലാവർക്കും വേണ്ടി പരസ്യമായി കഥ ഉച്ചത്തിൽ വായിക്കുന്ന പതിവ് നമ്മുടെ നാട്ടിലില്ല. കഥകൾ സംവദിക്കുന്നത് അത് വായിക്കുന്ന ഒാരോ വായനക്കാരനോടുമാണ്. പൊതുവേദികളിൽ ഒരുപാടുപേർ കേൾക്കെ പ്രസംഗിക്കുമ്പോൾ ഒരിക്കൽപോലും എന്റെ നാവിൽ ലൈംഗികത കടന്നുവരാറില്ല. ബന്യാമിന്റെ നെടുമ്പാശേരി മനുഷ്യനന്മയുടെ കൊടിയടയാളമാണ് പാറിക്കുന്നത്. അക്കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. പക്ഷേ, രണ്ടിന്റെയും പ്രമേയം രണ്ടാണ്. മലയാളികളുടെ പുതിയ തലമുറയിൽ ദാമ്പത്യജീവിതം നിസാരകാരണങ്ങളുടെ പേരിൽ തകരുന്നതിന്റെ നേർക്കുള്ള വിമർശനമാണ് എന്റെ കഥ. കഥ ആവശ്യപ്പെടുന്ന ലൈംഗികതയും പ്രകൃതിവിരുദ്ധ സൂചനകളുമൊക്കെയേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. കഥയെഴുത്തിന്റെ കാര്യത്തിൽ ഇന്നും ഞാനൊരു വിദ്യാർഥിയാണ്.  ഓരോ കഥാതന്തു മനസിൽ വരുമ്പോഴും എനിക്കു ഭയമാണ്. എന്റമ്മേ, ഞാനിതെങ്ങനെ എഴുതി ഫലിപ്പിക്കും എന്നൊരു പേടി. ആദ്യമായി കഥയെഴുതാനിരിക്കുന്ന സ്കൂൾ കുട്ടിയുടേതുപോലൊരു പകപ്പ്. ഒരു വെപ്രാളം. എങ്കിലും ഞാൻ വീണ്ടും എഴുതാനിരിക്കും. അതാണ് ഈ മാധ്യമം എനിക്കു നൽകുന്ന പ്രചോദനം.

ചോദ്യം: ‘വീടുമാറ്റം’ എന്ന കഥ ഒരു പക്ഷേ, താങ്കൾ ലക്ഷ്യം വച്ച കേവലം വീടുമാറ്റം എന്ന ഏകമുഖമായ അവസ്ഥയിൽ നിന്നു മാറുകയും വ്യത്യസ്തമായ വായനാസാധ്യതകൾ ചിലതൊക്കെ ചർച്ച ചെയ്യുകയും ചെയ്യുന്നു. എന്തു പറയുന്നു?

ഉത്തരം: വീടുമാറ്റത്തിൽ ഞാൻ ചർച്ച ചെയ്യാനുദ്ദേശിച്ച പ്രധാന സംഗതി ഇതാണ്. വീട് ഒരു നിർജീവ വസ്തുവല്ല. കല്ല്, മരം, സിമന്റ്, മണൽ തുടങ്ങിയ നിർജീവ വസ്തുക്കൾ കൊണ്ടാണ് വീട് നിർമിക്കുന്നതെങ്കിലും ജീവനുള്ള മനുഷ്യൻ  താമസിക്കുന്നതോടെ വീടിനും ജീവൻ വയ്ക്കുന്നു.  പുറത്തു പോകുമ്പോൾ ഉള്ളിലേക്കു പിടിച്ചുവലിക്കുന്നതും  ഒഴിഞ്ഞുപോകേണ്ടിവരുമ്പോൾ കണ്ണു നനയിക്കുന്നതുമായ ആ ജൈവബന്ധം ആണ് എനിക്കു വിശദീകരിക്കേണ്ടിയിരുന്നത്.

ചോദ്യം: ‘‘ഞൊടിയിട മാത്രം നീളമുള്ളൊരു സുഖത്തിന്റെ തുഞ്ചത്തു വീഴുന്നത് ഭീതിയുടെ കെട്ടുകളാണ്. വന്യമൃഗങ്ങൾ ക്രിക്കറ്റ് കളിക്കുന്ന കൊടുങ്കാട്ടിൽ വഴിതെറ്റിപ്പോകുന്ന  യാത്രികന്റെ വേവലാതികളാണ്. ഇതൊക്കെയാണെങ്കിലും നമ്മൾ വീണ്ടും വീണ്ടും ആ കാട്ടിലേക്കു പൊയ്ക്കൊണ്ടിരിക്കും.’’  എന്ന അപാരമായ ഒരു സങ്കൽപ്പം മനുഷ്യന്റെ അപഥ സഞ്ചാരങ്ങളെ സൂചിപ്പിക്കാൻ താങ്കൾ ‘ഇരട്ട’എന്ന കഥയിൽ നടത്തിയിട്ടുണ്ട്. ദാമ്പത്യബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളും കാപട്യങ്ങളും ആണ് ‘ഇരട്ട’ എന്ന കഥയിലെ  പ്രശ്നഭൂമിക. ദാമ്പത്യം ചില കഥകളിൽ താങ്കൾ അപഗ്രഥന വിധേയമാക്കുന്നുണ്ടല്ലോ. ഒന്നു വിശദീകരിക്കാമോ? ഒന്നു കൂടി.  ‘ ഇരട്ട’ ഒരു സൈക്കോളജിക്കൽ കഥയായി വായിക്കാൻ കഴിയും. അങ്ങനെ ഉദ്ദേശിച്ചിരുന്നോ?

ഉത്തരം:  സ്വത്തിന്റെ സംരക്ഷണത്തിനാണ് നമ്മുടെ മുൻഗാമികൾ  ദാമ്പത്യം എന്ന ചട്ടക്കൂടുണ്ടാക്കിയത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. പുരുഷനും സ്ത്രീക്കും ശാരീരികവേഴ്ച നടത്താനോ പ്രണയിക്കാനോ പ്രത്യുത്പാദനം നടത്താനോ ഒന്നും ദാമ്പത്യത്തിന്റെ ആവശ്യമില്ല. പ്രകൃതിയുടെ നിയമത്തിലും ഭാര്യാഭർതൃബന്ധം ഇല്ല. ജൈവികമായ ന്യായീകരണം ഒട്ടുമില്ലാത്ത ദാമ്പത്യത്തിന് പിന്നെന്തു  പ്രസക്തി എന്ന് ആലോചിക്കുമ്പോഴാണ് സാമ്പത്തികസുരക്ഷയും സ്വത്ത് സംരക്ഷണവുമൊക്കെ കടന്നുവരുന്നത്. അതിന്റെ വ്യാഖ്യാനങ്ങളെന്തായാലും കീഴ്വഴക്കങ്ങളുടെയും പ്രായോഗികതകളുടെയും പേരിൽ നമ്മൾ കടുത്ത ബലപ്രയോഗത്തിലൂടെ നിലനിർത്തുന്നതായതുകൊണ്ടാണ് ദാമ്പത്യബന്ധത്തിൽ നിന്ന് ഇടയ്ക്കെങ്കിലും ഒളിച്ചോടണം എന്ന് സ്ത്രീക്കു പുരുഷനും തോന്നുന്നത്. അത്തരം ഒളിച്ചോട്ടങ്ങൾ വലിയ അപമാനമായിത്തന്നെയാണ് സമൂഹം കാണുന്നത്. സദാചാരവിരുദ്ധം, ആക്ഷേപകരം, ലജ്ജാവഹം എന്നൊക്കെ പറഞ്ഞാലും തരം കിട്ടിയാൽ സ്ത്രീയും പുരുഷനും ദാമ്പത്യത്തിന്റെ ചട്ടക്കൂടിനു പുറത്തുചാടും. നമ്മുടെ മനസിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന സദാചാര ബോധവും മൂല്യബോധവുമൊക്കെ വളരെ വലുതാണെങ്കിൽ പാപബോധം പിന്നാലെ കൂടി വേട്ടയാടും. അതോടെ ഉള്ള സ്വസ്ഥത കൂടി നഷ്ടമാകും. ഒരാൾ മനോരോഗിയോ കുറ്റവാളിയോ ഒക്കെയാകാൻ അതു മതി. ‘ഇരട്ട’ എന്ന കഥ ചർച്ച ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളാണ്. സൈക്കോളജിക്കൽ കഥയായി എഴുതണം എന്ന് ഉദ്ദേശിച്ചൊന്നുമല്ല എഴുത്തു തുടങ്ങിയത്. എഴുതി തീർന്നപ്പോൾ അത്തരം ചില ഘടകങ്ങൾ കൂടി വന്നു എന്നേയുള്ളൂ.

ചോദ്യം: ആദ്യസമാഹാരത്തിലെ ‘സന്തുഷ്ടകുടുംബം’ എന്ന കഥയും ദാമ്പത്യത്തിലെ ഒളിച്ചോട്ടമാണല്ലോ ചർച്ച ചെയ്യുന്നത്.

ഉത്തരം: ‘ഇരട്ട’യിൽ യഥാർഥത്തിൽ പുരുഷൻ അപഥസഞ്ചാരം നടത്തുന്നുണ്ട്. ആ അപഥസഞ്ചാരം  അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് കഥ ചർച്ച ചെയ്യുന്നത്. ‘സന്തുഷ്ടകുടുംബ’ത്തിൽ പുരുഷനോ സ്ത്രീയോ യഥാർഥത്തിൽ മറ്റൊരാളുടെ ശരീരം തേടിപ്പോകുന്നില്ല. അതുകൊണ്ടുതന്നെ വളരെ സന്തുഷ്ടമാണ് അവരുടെ കുടുംബജീവിതം. പക്ഷേ അത്ര സന്തുഷ്ടിയുള്ളപ്പോഴും കിടപ്പറയിൽ സ്വന്തം ജീവിതപങ്കാളിയുമായി നടത്തുന്ന രതിയെ ഇരുവരും അവരുടെ മനസിലുള്ള ഇഷ്ട ഇണയുമായി നടത്തുന്ന രതിയായി സങ്കൽപ്പിക്കുന്നു. ആർക്കും പരുക്കില്ലാത്ത ഒരു ഇടപാടാണെങ്കിലും  അവിടെയും ദാമ്പത്യം എന്ന കെട്ടുപാട്  ആത്മീയമായി പൊളിയുന്നുണ്ട്.

ചോദ്യം: അപ്പോൾ ഈ എഴുത്തുകാരൻ  കുടുംബസംവിധാനത്തിന് എതിരാണോ?

ഉത്തരം: ഒരിക്കലുമല്ല. ഭാരതത്തിന്റെ അമൂല്യസമ്പത്താണ് ഇവിടെത്തെ കുടുംബസംവിധാനം. അതൊരിക്കലും തകരാൻ പാടില്ല. ആശയപരമായി അതിനോടു യോജിക്കുമ്പോഴും കുടുംബസംവിധാനത്തിന്റെ സുരക്ഷിതത്വം അനുഭവിച്ചുകൊണ്ടു  മലയാളി നടത്തുന്ന  വേലി ചാട്ടങ്ങളെക്കുറിച്ചും എഴുതണ്ടേ?

ചോദ്യം: മിനിസ്ക്രീനുകൾ ചതിയുടെ ഇടങ്ങളായി മാറുന്നതിനെക്കുറിച്ചുള്ള താങ്കളുടെ ‘റിയാലിറ്റി ഷോ’ നമ്മുടെ ഇടയിൽ വലിയ തോതിൽ ചർച്ച ചെയ്യേണ്ടിയിരുന്ന ഒരു കഥയാണ്. എന്തുകൊണ്ടോ അതുണ്ടായില്ല.

ഉത്തരം: അതിനു ഞാൻ ഉത്തരവാദിയല്ല. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ തലപ്പത്തിരിക്കുന്നവരിൽ പലരും ഇന്ന് സാഹിത്യത്തെ എന്തോ മൂന്നാംകിട സംഗതിയായാണ് കാണുന്നത്. സമൂഹത്തെ മാറ്റിമറിക്കാനും പുനർനിർമിക്കാനുമൊക്കെ സാഹിത്യത്തിനുള്ള ശക്തി അവർ തിരിച്ചറിയാതെ പോകുന്നോ എന്നു സംശയം. അതുകൊണ്ടു തന്നെ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഡസ്കുകളിൽ കിട്ടുന്ന സാഹിത്യരചനകൾ വേണ്ട ഗൗരവത്തിൽ പരിശോധിക്കപ്പെടുന്നില്ല. അയച്ചുകിട്ടുന്ന ഓരോ രചനയും വേണ്ടവിധം വായിച്ചുവിലയിരുത്താൻ അവർക്കു നേരം കിട്ടുന്നില്ല.  പത്രാധിപന്മാർ  അസൈൻ ചെയ്യുന്ന വിഷയങ്ങൾ മാത്രം  എഴുതുന്ന ആൾക്കാരായി നിരൂപകന്മാരും തരം താണു. ബന്യാമിന്റെ ‘ആടുജീവിതം’ വേണ്ട സമയത്ത് ചർച്ച ചെയ്യപ്പെടാതെ പോയത്  നമ്മുടെ സാഹിത്യ പത്രാധിപന്മാരുടെയും നിരൂപകന്മാരുടെയും  പരാജയമാണെന്നു ഞാൻ പറയും.  ആ നോവലിനെ നിരൂപകർ ശ്രദ്ധിക്കുന്നത്  ജനം രണ്ടുകൈകൊണ്ടും സ്വീകരിച്ച് വായിക്കുകയും അവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്ത ശേഷമല്ലേ. ആടുജീവിതത്തിനു മുമ്പും ബന്യാമിൻ ചില നല്ല രചനകൾ നിർവഹിച്ചിട്ടുണ്ട്. അവയുമൊന്നും മലയാളി അന്ന്  വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടില്ല. മറ്റു പല എഴുത്തുകാർക്കും ഈ ദുർഗതിയുണ്ടായിട്ടുണ്ട്.

ചോദ്യം: എം.ടി കൂടല്ലൂർ ജീവിതം എഴുതും പോലെ താങ്കളും ഏബ്രഹാം മാത്യുവും വിനോദ് ഇളകൊള്ളൂരുമൊക്കെ മധ്യതിരുവിതാംകൂർ ജീവിതമാണ് അടയാളപ്പെടുത്തുന്നത്. ഒട്ടും ആഴമില്ലാത്ത ഉള്ളു പൊള്ളയായ ചില മധ്യതിരുവിതാംകൂർ ജീവിത സന്ദർഭങ്ങൾ  നിങ്ങളൊക്കെ വിമർശനവിധേയമാക്കുന്നുണ്ട്. വർമയുടെ ‘മഹത്വം അത്യുന്നതങ്ങളിൽ’ എന്ന കഥയിലെ വഴിമുടക്കി ഏലിയാമ്മ മലയാള കഥയിലെ ഒരനശ്വര കഥാപാത്രമാകാനുള്ള യോഗ്യത നേടുന്നുണ്ട്. എന്തു പറയുന്നു?

ഉത്തരം: മലബാറുകാർ പറയുന്നൊരു തമാശയുണ്ട്. ഗുരുവായൂരപ്പൻ നിൽക്കുകയാണ്. ശബരിമലയിൽ അയ്യപ്പൻ ഇരിക്കുന്നു. തിരുവനന്തപുരത്ത് ശ്രീ പത്മനാഭൻ  കിടക്കുന്നു. ഗുരുവായൂരപ്പനു ധൈര്യമായി നിൽക്കാം. കാരണം ആരും കാലുവാരില്ല. അയ്യപ്പനു നിൽക്കാൻ പേടിയാണ്. ആരെങ്കിലും കാലു വാരിയാലോ?  ശ്രീപത്മനാഭനു നിൽക്കാനും ഇരിക്കാനും പേടിയാണ്. കാലുവാരലുകാരുടെ ആധിക്യം അത്രയ്ക്കാണവിടെ. അതുകൊണ്ട് പാവം കിടക്കുന്നു! സംഗതി മലബാറുകാരുടെ തിരുവിതാംകൂർ വിരോധത്തിൽ നിന്ന് ഉടലെടുത്തതാകാമെങ്കിലും ഈ പറച്ചിലിൽ ചില്ലറ കാര്യമൊക്കെയില്ലേ എന്നു ചിലപ്പോൾ തോന്നാറുണ്ട്. ഞാൻ കൂടി ഉൾപ്പെടുന്ന മധ്യതിരുവിതാംകൂർ ജീവിതം ഭൗതികനേട്ടങ്ങൾക്കു വേണ്ടി മാനുഷികമൂല്യങ്ങളെ ഞെരിച്ചുകളയുന്നുവോ എന്നു സംശയിക്കണം. അത്തരം തോന്നലുകൾ ആണ് മഹത്വം അത്യുന്നതങ്ങളിൽ പോലുള്ള കഥകൾ എഴുതാനുള്ള പ്രേരണ. വിമർശനബുദ്ധ്യാ ഇതു പറഞ്ഞെങ്കിലും കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ മധ്യതിരുവിതാംകൂറിന്റെ സംഭാവനകൾ കണ്ടില്ലെന്നു നടിക്കാനും പാടില്ല.

ചോദ്യം: കാലത്തെ വളരെ മുന്നോട്ടു നീക്കി എച്ച്. ജി. വെൽസ് ഒരു സയൻസ് ഫിക്ഷൻ ഭാവന ചെയ്തെടുത്തിട്ടുണ്ട്. ‘ചെന്താമരക്കൊക്ക’ വായിച്ചപ്പോൾ ആ ഒരു കാലദർശനം ഓർത്തു പോയി. കാലത്തെ ഒരുപാടു വർഷങ്ങൾ മുന്നോട്ടു നീക്കി ഭാവന ചെയ്യുന്ന ഈ കഥ മലയാളത്തെ സംബന്ധിച്ചിടത്തോളം പുതിയതും അന്വേഷണാത്മകവും എന്നാൽ ഭാവനാത്മകവുമായ  ഒരു കാലദർശനം അവതരിപ്പിക്കുന്നുണ്ട്. എന്തു പറയുന്നു?

ഉത്തരം:  കേരളം നേരിടുന്ന കടുത്ത പരിസ്ഥിതി പ്രതിസന്ധിയും ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരകളായ മലയാളികൾ ചെയ്തുകൂട്ടുന്ന ക്രൂരതകളും 75 വർഷം കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കും എന്നൊന്നു ഭാവന ചെയ്തു നോക്കിയതാണ് ‘ചെന്താമരക്കൊക്ക’ എന്ന കഥ.വായനക്കാർ വളരെ നല്ല അഭിപ്രായം പറയുക കൂടി ചെയ്തതിനാൽ എനിക്ക് വളരെയേറെ തൃപ്തി തോന്നി.

ചോദ്യം: അക്ബർ കക്കട്ടിലിന്റെ ‘ഫെയ്സ്ബുക്ക്’മാതൃഭൂമി ആഴ്ചപ്പതിപ്പിലും ( ഓഗസ്റ്റ് എട്ട്, 2012) വർമയുടെ ‘ഫെയ്സ് ബുക്ക്’  കലാകൌമുദി ഓണപ്പതിപ്പിലും ( 2012) വായിച്ചു. രണ്ടു കഥകളും  മികച്ചവ തന്നെ. താങ്കളുടെ കഥ അത്യപൂർവമായ മാനവികാനുഭവത്തിലൂടെയാണ് കടന്നു പോകുന്നത്. കഥയിൽ ഉപയോഗിച്ച ഫാന്റസി കഥയ്ക്ക് വലിയ ഭംഗിയാണ് കൊടുക്കുന്നത്. കഥ പല നിലയിലാണ് കത്തിക്കയറുന്നത്. ഈ കഥയുടെ എഴുത്തനുഭവം ഒന്നു പങ്കുവയ്ക്കാമോ?

ഉത്തരം: പുതിയ കാലത്തിന്റെ മാധ്യമമായ ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നും എനിക്ക് തെല്ലും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ,  സുഹൃത്ത് ജി. നിധീഷ് ‘ആക്രി’ എന്ന എന്റെ കഥ ഫേസ് ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഷെയർ ചെയ്തപ്പോൾ  ലഭിച്ച കമന്റുകളും ലൈക്കുകളും വളരെ കൂടുതലാണ്. നിധീഷിന്റെയും കവി ഇടക്കുളങ്ങര ഗോപന്റെയും നിർബന്ധത്തിൽ പിന്നീട് ഞാൻ ഫേസ് ബുക്കിൽ അക്കൌണ്ട് എടുത്തു. ഫേസ് ബുക്കിൽ കുറച്ചുദിവസം ചെലവഴിച്ചപ്പോഴാണ് അതിന്റെ അപാരമായ സാധ്യതകളും അതിലെ ചതിക്കുഴികളും എനിക്ക് ബോധ്യമായത്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ കഥയാണ് എന്റെ ‘ഫേസ് ബുക്ക്’. കക്കട്ടിൽ എഴുതിയ ഫേസ് ബുക്കും എന്റെ ഫേസ് ബുക്കും കൈകാര്യം ചെയ്യുന്നതു തികച്ചും വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ്. കഥയുടെ പേര് ഒഴിച്ചാൽ മറ്റൊരു സാമ്യവുമില്ല.

OOOO



Saturday, 28 December 2013

ആത്മഗതം



വിസ്മയങ്ങൾ നമ്മെ തേടി വരുന്നത് തികച്ചും അവിചാരിതമായിട്ടായിരിക്കും. അതുകൊണ്ടാണല്ലോ വിസ്മയം എന്നു വിളിക്കുന്നത്.അത്തരത്തിലൊരു വിസ്മയത്തിന്റെ പുറത്താണ് ഇന്ന് ഈ രവിവാരപുലരിയിൽ ഞാൻ. അരുൺ ആർഷ എന്ന അതിപ്രശസ്തനല്ലാത്ത എഴുത്തുകാരന്റെ 'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന നോവലാണ് ഈ വിസ്മയം സമ്മാനിച്ചത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം  അരുൺ  ഈ പുസ്തകം അയക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഓരോ വാചകത്തിലും ജിജ്ഞാസയുടെ കാന്തമുനകൾ ഉറപ്പിച്ച ഒരു മനോഹരരചനയായിരിക്കും എന്ന്. ഹിറ്റ്ലറുടെ ജൂതവേട്ടയുടെ നാളുകളിൽ ഇരകളുടെ പ്രതിനിധിയായി, അതിശക്തമായി ചെറുത്തുനിന്ന ഒരു ജൂതപോരാളിയുടെ സംഘർഷനിർഭരമായ ജീവിതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് അരുൺ. നോവലിന്റെ സമസ്തഭംഗികളോടെയും നമുക്കിതു വായിക്കാം. വായന തുടങ്ങിയാൽ പൂർത്തിയാക്കാതെ പുസ്തകം താഴെ വയ്ക്കാൻ കഴിയാത്ത അനുഭവം.ഇതിനു മുമ്പ്‌ ഈ അനുഭവമുണ്ടായത് ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' വായിച്ചപ്പോഴാണ്. ഓഷ്‌വിറ്റ്സ് വായന പൂർത്തിയാക്കുമ്പോൾ മറ്റൊരു വൈരുദ്ധ്യം നമ്മെ വിസ്മയിപ്പിക്കും. ഒരു കാലത്തെ ഇരകളെ മറ്റൊരു കാലത്തെ വേട്ടക്കാരാക്കുന്ന ചരിത്രത്തിന്റെ ക്രൂരവിനോദമാണത്. ഹിറ്റ്ലറുടെ കാലത്ത് രാക്ഷസീയമായി പീഡിപ്പിക്കപ്പെട്ട, കോൺസൺട്രേഷൻ ക്യാംപുകളിലെ ഗ്യാസ് ചേംബറുകളിൽ ജീവനപഹരിക്കപ്പെട്ട ഒരു കോടിയിലധികം ജൂതരുടെ പിൻഗാമികളാണ് ഇന്ന് ഹിറ്റ്ലറെ ലജ്ജിപ്പിക്കുംവിധം പലസ്തീനിൽ മനുഷ്യവേട്ട നടത്തുന്നത്.അന്നത്തെ ഇരകൾ ഇന്നു വേട്ടക്കാരാവുന്നു.ചരിത്രം നാണിക്കട്ടെ.

അരുണിന്റെ നോവൽ വായിച്ചുതീരുമ്പോൾ എന്റെ മുന്നിലൂടെ 2013 ഉം എരിഞ്ഞുതീരുകയാണ്. വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ സന്തോഷം തന്ന വർഷമാണ്. ചെന്താമരക്കൊക്ക എന്ന മൂന്നാമത്തെ സമാഹാരത്തിനു ശേഷം ഏതാനും  കഥകളും ഒരു നോവലും പൂർത്തിയാക്കാൻ എന്റെയൊപ്പം നിന്ന വർഷമാണ് 2013. നോവൽ, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലൂടെ അടുത്ത വർഷമാദ്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. അടുത്ത സമാഹാരവും വൈകാതെയുണ്ടാകും.

യോസയുടെ 'ഫീസ്റ്റ് ഓഫ് ദ ഗോട്ട്' മേശപ്പുറത്തിരുന്ന്  മൌനമായും പാമുക്കിന്റെ 'മ്യൂസിയം ഓഫ് ഇന്നസെൻസ്' അർത്ഥഗർഭമായും എന്നോടു സംസാരിച്ച വർഷമാണ് 2013. ഒ. ഹെൻറി പല തവണ  പുനർവായനയിൽ കുടുക്കി. സുസ്മേഷ് ചന്ത്രോത്തിന്റെ 'പേപ്പർ ലോഡ്ജും' കെ.ആർ.മീരയുടെ 'ആരാച്ചാരും' രാജീവ് ശിവശങ്കറിന്റെ 'തമോവേദവും' പൂർത്തിയാക്കി. ഇ.സന്തോഷ്കുമാറിന്റെ 'അന്ധകാരനഴിയും' യു.കെ.കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപ'വും വായിക്കാനെടുത്തു വച്ച സമയത്താണ്  അപ്രതീക്ഷിതമായി ഓഷ്‌വിറ്റ്സിലെ പോരാളി വന്ന് ഞെട്ടിച്ചിരിക്കുന്നത്.

അതിപ്രശസ്തരല്ലാത്തവരുടെ രചനകൾ സന്തോഷം പകർന്ന 2013 ലെ മറ്റു ചില അനുഭവങ്ങളും ഉണ്ട്. സിയാഫ് അബ്ദുൽ ഖാദറിന്റെ 'ആപ്പിൾ', കെ.ആർ മനോരാജിന്റെ 'ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക', സുരേഷ് വർമയുടെ 'ഗാന്ധി ചിക്കൻസ്', എന്നീ കഥാസമാഹാരങ്ങളും  ഇടക്കുളങ്ങര ഗോപന്റെ 'കൊല്ലിസൈക്കിൾ' എന്ന കവിതാ സമാഹാരവും അക്കൂട്ടത്തിൽ പെടുന്നു. ഒറ്റക്കഥകളിലൂടെ ജി.നിധീഷ് (ടാക്കീസും ടിപ്പണിയും), ഹർഷ മോഹൻ (മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ), ലാസർ ഷൈൻ (സാർറിയലിസം), അബിൻ ജോസഫ് (താജ്മഹൽ പണിയാനുള്ള എളുപ്പവഴികൾ), അമൽ (ക്ഷീരധാരകള്‌) തുടങ്ങിയവരും വിസ്മയങ്ങൾ തന്നു.

മനോഹരമായി കവിതയും കഥയും നോവലും ഒക്കെ എഴുതി 2013 ന്റെ ആകാശത്ത് നക്ഷത്രങ്ങളായ വേറെയും മലയാളികൾ ഉണ്ടാവുമെന്നുറപ്പ്. എന്റെ ഹ്രസ്വമായ  വായനാലോകത്തിലൂടെ  കടന്നുവന്ന് മന്ദമാരുതനും കൊടുങ്കാറ്റുമൊക്കെയുയർത്തിയവരെ മാത്രമാണ് പരാമർശിച്ചത്. 2013നു നന്ദി. ഇത്രയേറെ പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തി തന്നതിന്. പ്രശസ്തർക്ക് പ്രശംസ ആവശ്യമില്ലാത്തിനാൽ എഴുത്തിലൂടെ വിസ്മയിപ്പിച്ച അതിപ്രശസ്തരല്ലാത്ത  എല്ലാ എഴുത്തുകാർക്കും ആദരവിന്റെ രവിവാരാംശസകൾ.

O

Tuesday, 17 December 2013

ചെന്താമരക്കൊക്ക


മുറിച്ച് തരമാക്കിയിട്ടില്ലാത്ത വലിയൊരു വെള്ളമുണ്ട് ചുരുൾനിവർത്തി വിരിച്ചപോലെ കിടന്ന കടപ്ര ബീച്ചിലെ തരിപ്പഞ്ചാര മണൽ രണ്ടുകയ്യിലും കോരിയെടുത്ത് ലീനയുടെ മടിയിലേക്ക് എറിയുമ്പോൾ ജോജി പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഇരുകയ്യും കൂട്ടിയടിച്ചുകൊണ്ടുള്ള ജോജിയുടെ ചിരി കണ്ടപ്പോൾ ലീനയ്ക്ക് ദേഷ്യം വന്നു. നന്നായി വെളുത്തിട്ടാണ് ലീന. ദേഷ്യം ആ വെളുപ്പിനെ ചുവപ്പിച്ചു. ചുവപ്പിൽ ഇരുണ്ട മുഖത്തോടെ അവൾ ഇടതുവലതുകൈകൾ ചേർത്തു പിടിച്ചൊരു മുറമുണ്ടാക്കി അതിൽ  മണ്ണുവാരി ജോജിയുടെ മുഖത്തേക്ക് എറിഞ്ഞു. 

ഇറുക്കിയടച്ചെങ്കിലും ദാ, അതിനു മുമ്പേതന്നെ മണലിൽ കുറെ കണ്ണിൽ ചെന്നു വീണൊരു ചുഴലിക്കാറ്റുണ്ടാക്കി. കാഴ്ച പോയി അവൻ നിന്നു തപ്പി. കാൽ കുഴഞ്ഞു. അവന്റെ സംഭ്രമം കണ്ടപ്പോൾ  വലിയ രസം തോന്നിയതിനാൽ അവൾ  ഉയർന്ന ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു. ചുവപ്പു മാഞ്ഞു മുഖം പഴയതിലും വെളുത്തുവിളഞ്ഞു.

‘ഗ്ലൂക്കോമാ...ഗ്ലൂക്കോമാ...’’

അവൾ  ഉച്ചത്തിൽ കൈകൊട്ടി ആർത്തുതുള്ളി. ജോജിയുടെ കണ്ണിൽ ദേഷ്യത്തിന്റെ  തിരമാലകൾ അലറിയുയർന്നു. പക്ഷേ ആ സമയത്ത് അതിലും വലിയ ഒരു തിര വന്ന് രണ്ടുപേരുടെയും മേലേ കടന്ന് അപ്പുറം ചാടിയതിനാൽ ഇരുവരും നനഞ്ഞു കുഴഞ്ഞു. തിരയുടെ ശക്തിയിൽ  മറിഞ്ഞുവീണപ്പോൾ  രക്ഷാമാർഗമായി പരസ്പരം കെട്ടിപ്പിടിച്ചുപോയതോടെ ജോജിയുടെ ദേഷ്യം അലിഞ്ഞുപോയി. ഇനി വീട്ടിലേക്കു പോയേക്കാമെന്നു തീരുമാനിച്ച് രണ്ടുപേരും എഴുന്നേറ്റു. വിമാനത്തിലേക്കു നടക്കുമ്പോൾ ലീന പറഞ്ഞു.

‘‘കടലുകേറി  മൊത്തം  മുങ്ങിപ്പോന്നേനു മുമ്പ്‌, അതായത്  ഗ്രാൻഡ്പായുടെ  കാലത്ത്, കുട്ടനാട്ടിൽ ഞങ്ങക്കു റിസോർട്ടുണ്ടാരുന്നു. മൂന്നാലു ഹൗസ്‌ബോട്ടും. ആ കാലമെങ്ങാനുമാരുന്നെങ്കി നമക്കിന്ന് അവിടെ ഹൗസ്‌ബോട്ടിലോ റിസോർട്ടിലോ കെടന്ന് അർമാദിക്കാമാരുന്നു.  കൊതിയുടെ നെഞ്ചത്തു  പിടിച്ച് ആനന്ദിക്കാമാ...  അല്ലേലും കൊതിയല്ലേ നമ്മടെയൊക്കെയൊരു ഏനക്കേട്.’’

‘‘ഹൗസ്‌ബോട്ടോ. എന്തു കുന്തമാ അത്.’’

ജോജി മനസിലാവായ്ക വെളിപ്പെടുത്തി. ഭൂമിയിൽ പിറന്നിട്ട് മൂന്നു ദിവസമാകുന്നതേയുള്ളൂ. ഇളംമനസുമായി അവൻ ലീനയുടെ അരക്കെട്ടിനെ ചുറ്റി സ്വന്തം  കൈമുറുക്കി. നെഞ്ചിൻകൂടു തകർക്കുംവണ്ണം അവൾ തിരികെയും.

എർത്ത്ഷിപ്പിന്റെ പത്താമത്തെ ഭൗമയാത്രയിലാണ് ജോജിക്കു ടിക്കറ്റ് കിട്ടിയത്. ഗുരുത്വാകർഷണത്തിന്റെ വലയത്തിലേക്ക് ആ കൂമ്പൻ വണ്ടി തുളഞ്ഞുകയറുമ്പോൾ അവന്റെ വയർ കൊളുത്തിപ്പിടിച്ചു. അസഹനീയമായിരുന്നു വേദന. അതു ഭേദമാകാൻ  രണ്ടു ദിവസമെടുത്തു. അതും ലീനയുടെ കുഴമ്പുപിടിത്തത്തിന്റെ സുഖം പറ്റിയശേഷം. അവൾ ചാങ്ങേത്ത് വൈദ്യശാലയിലെ ഡോ. വിപിൻ പറഞ്ഞ മാതിരി  ധന്വന്തരം കുഴമ്പെടുത്ത് ഒരൽപ്പം ചൂടാക്കി വലതുകയ്യിലൊഴിച്ച ശേഷം വലതുകയ്യും ഇടതുകയ്യും ചേർത്തു കൂട്ടിത്തിരുമ്മി  വയറിന്റെ മാംസമടക്കുകളിലേക്ക്  തേച്ചു പിടിപ്പിക്കുമ്പോൾ അവൻ കിടന്നു പുളയും. സ്നിഗ്ധത പുരണ്ടു കിടക്കുന്ന അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവൻ പതുക്കെ തടവിനോക്കും.  എന്നിട്ട്, തന്റെ കൈകളേക്കാൾ കട്ടിയാണല്ലോ അവ എന്നോർത്ത് അതിശയിക്കും. ഈ കട്ടക്കയ്യിൽ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയില്ല.ഞാൻ ഈ കയ്യിൽ ഉമ്മ വയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ അവളുടെ കയ്യെടുത്ത് കക്ഷത്തിലേക്ക് കയറ്റിവയ്ക്കും. ആദ്യമൊക്കെ അവൾ അത്ഭുതപ്പെടുകയായിരുന്നു. ഇവനെന്താ ഇങ്ങനെ? തന്നെപ്പോലൊരു സുന്ദരശിൽപ്പത്തെ അരികിൽ ആരുമില്ലാതെ കിട്ടിയിട്ടും ചെറുക്കൻ ഒരു ചുണ്ണാമ്പും ചെയ്യുന്നില്ലല്ലോ എന്നോർത്ത്.

രണ്ടാം ദിവസമാണ് ജോജി ആ രഹസ്യം വെളിപ്പെടുത്തിയത്. ലീനയുടെ കയ്യുടെ കടുപ്പം അവനെ ഭയപ്പെടുത്തുന്നു. ആ ശരീരഭാഗഗ്നത്ത് ഉമ്മ വയ്ക്കുന്നതു മൂലം തന്റെ ഇളതായ മൂക്ക് ചതഞ്ഞുപോകുമോ എന്നാണ് അവന്റെ ഉത്കണ്ഠ. പൂർണമായും ശീതീകരിച്ച ഒരു അപരഗ്രഹഗൃഹത്തിൽ ജനിച്ചു വളർന്ന് ഇരുപത്തഞ്ചാം വയസിൽ മാത്രം ഭൂമിയുടെ ഉഷ്ണത്തിലേക്കു കെട്ടിയിറക്കപ്പെട്ടവന്റെ ഭീതികളിൽ ലീനയുടെ വെളുത്തു മൃദുവായ കൈത്തലം ശിലാതലമായി മുഴച്ചു നിന്നു.

ജോജി വന്നത് എർത്ത്ഷിപ്പിന്റെ റിയൂണിയൻ മിഷനിലെ അംഗമായാണ്. ഒപ്പം പത്തു പേരുമുണ്ട്. മറ്റുള്ളവരെല്ലാം ഇതുപോലെ അവരവരുടെ ബന്ധുക്കളെ തപ്പിപ്പോയിരിക്കുകയാണ്. ആറുമാസമാണ് മിഷൻ കാലം. ചന്ദ്രനിലെ മനുഷ്യവാസത്തിന്റെ ജൂബിലി പ്രമാണിച്ചുള്ള കാര്യപരിപാടികളിലൊന്നാണ് ഭൂമിയിലെ തങ്ങളുടെ വേരുതേടിയുള്ള അന്വേഷണം. പ്രഥമസംരംഭം വിജയിച്ചാൽ പിന്നെ ചന്ദ്രനും ഭൂമിക്കുമിടയിൽ സ്ഥിരമായ പോക്കുവരവും വാർത്താവിനിമയ, വ്യാപാര വാണിജ്യ ബന്ധങ്ങളുമൊക്കെ ചാന്ദ്രസമൂഹത്തിന്റെ പദ്ധതികളിലുണ്ട്. മറ്റുള്ളവർ ഭൂമിയിലെ ബന്ധുക്കളെ കണ്ടെത്തിയോ എന്തോ? എന്തായാലും ജോജി മണ്ണിലിറങ്ങി എട്ടാം മണിക്കൂറിൽ വല്ല്യപ്പച്ചന്റെ കുഞ്ഞുപെങ്ങടെ ചെറുമക്കളെ കണ്ടെത്തുക തന്നെ ചെയ്തു.

ചെന്താമരക്കൊക്കയ്ക്ക് തെക്കു പടിഞ്ഞാറായി നീണ്ടുപരന്നു കിടന്ന വലിയൊരു മൈതാനത്താണ് പെൻഗ്വിന്റെ ശരീരത്തെ ഓർമിപ്പിക്കുന്ന എർത്ത്ഷിപ്പ്‌ ലാൻഡ് ചെയ്തത്. പത്തു തലമുറ മുൻപു വരെയുള്ള ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ജനറ്റിക് സെൻസറുമായാണ് സംഘത്തിലെ ഒാരോരുത്തരും വന്നിരിക്കുന്നത്.

ലീനയുടെ അപ്പനാണ് ആ തീരുമാനമെടുത്തത്. സ്വന്തം രക്തമല്ലേ. പോരാത്തതിന് ചന്ദ്രനിൽ നിന്നുള്ള വരവും. ജോജി തിരികെ പോകുംവരെ ഒരാൾ എപ്പഴും കൂടെ വേണം. കുടുംബകൂട്ടായ്മയിൽ പുള്ളിക്കാരൻ വിഷയം അവതരിപ്പിച്ചു.

‘‘പയ്യൻ നമ്മടെ ബന്ധുവാണെന്നതൊന്നുമല്ല കാര്യം. നമക്കും എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെടണ്ടേ? ഇവനാണെങ്കി, കേട്ടിട്ട് അവിടെ കാര്യമായ സ്വാധീനമുള്ളയാളാണെന്നു  തോന്നുന്നു. തിരികെ പോകുമ്പോൾ അവനിഷ്ടപ്പെട്ട ഒരാളെ കൊണ്ടുപോയാ മതി. പിന്നെ ഒാരോരുത്തരോരോരുത്തർക്കായി അങ്ങോട്ടു കടക്കാം. മുൻതലമുറക്കാരൊക്കെ ഗൾഫിലും അമേരിക്കേലുമൊക്കെ പോയി അടക്കിമേഞ്ഞത് ഈ തരത്തിലല്ലേ.ഇനിയിപ്പോ അങ്ങോട്ടൊന്നും പോയിട്ടു കാര്യമില്ലാത്തതിനാൽ ആകെയുള്ളൊരു പോംവഴി ഇതു മാത്രം.ചെക്കനെ വളയ്ക്കാൻ ഏറ്റവും പറ്റുക സെക്സി കേരള മൽസരമൊക്കെ ജയിച്ചു നിൽക്കുന്ന ലീനയ്ക്കു തന്നെയാവും.’’

ലീനയ്ക്കും ആ നിർദേശം ഇഷ്ടമായി. ഭൂമിയിലുള്ള വായിനോക്കികളെയൊക്കെ കണ്ടും കൊണ്ടും മടുത്തുകഴിഞ്ഞു. ഒരു മാറ്റം ആരാണിഷ്ടപ്പെടാത്തത്. അങ്ങനെയാണ് ജോജിയെ അവളങ്ങ് ഏറ്റെടുത്തത്. പക്ഷേ ഒരൊറ്റ പ്രശ്നമേയുള്ളൂ.അവന്റെ പലപ്പോഴത്തെയും പെരുമാറ്റം ഒരു വിവരോമില്ലാത്തവരെപ്പോലെയാണ്. എങ്കിലും, അവൻ ലോകം കണ്ടു തുടങ്ങിയിട്ടല്ലേയുള്ളൂ എന്നോർക്കുമ്പോൾ അവളങ്ങു ക്ഷമിക്കും.അവനെ കൊല്ലാത്തതിന് ഒരു ന്യായം കൂടി അവൾ ആലോചിച്ചുവച്ചു. ആറുമാസം കഴിയുമ്പോൾ അവന്റെയൊപ്പം പോകണ്ടതല്ലേ. അവിടെ ചെന്നുകഴിഞ്ഞാൽ പിന്നെ കെഴങ്ങനെയങ്ങു തീർത്താലും കൊഴപ്പമില്ല.

ചാന്ദ്രയാത്രയെക്കുറിച്ചുള്ള  നിറപ്പകിട്ടാർന്ന സ്വപ്നത്തിന്റെ രതിസുഖമനുഭവിച്ചുകൊണ്ട് ലീന ചെന്നു വിമാനത്തിൽ കയറി. സീറ്റ്ബെൽറ്റിട്ടു. ജോജിയെ അരികിൽ പിടിച്ചിരുത്തി അവനെയും ബെൽറ്റിടീപ്പിച്ചു. ചെന്താമരക്കൊക്കയിലെ ഫ്ളാറ്റിൽ നിന്ന് ചെറുവിമാനത്തിലാണ് ലീന കടപ്പുറത്തെത്തിയത്. കാറിൽ പുറപ്പെട്ടാൽ എത്താൻ മൂന്നുദിവസം പിടിക്കും. ദൂരം നൂറു കിലോമീറ്ററേയുള്ളൂ. പക്ഷേ, കരവഴികളിലൂടെ മുന്നേറുക ദുഷ്കരം.  എഴുപത്തയ്യായിരം രൂപ മുടക്കിയാൽ മതിയെന്നായതോടെ എല്ലാവരും കാറിലേ പുറത്തിറങ്ങൂ എന്നതാണ് സ്ഥിതി.  നടന്നു പോകുന്നവർ തീരെയില്ല. പണ്ടൊക്കെ ഓട്ടോറിക്ഷയിലോ ബൈക്കിലോ പോയിരുന്നവർ പോലും യാത്ര കാറിലാക്കുന്നു. റോഡുകൾ ഒരു നൂറ്റാണ്ടായി  ഒട്ടും വലുതായിട്ടില്ലാത്തതിനാൽ ഈ വാഹനപ്രളയം സദാ കൂടിക്കുരുങ്ങിക്കിടപ്പാണ്. ഇടത്തരക്കാരൊക്കെ യാത്ര ചെറുവിമാനത്തിലാക്കിയിരിക്കുന്നു. വീട്ടുമുറ്റത്തോ ടെറസിലോ ഒക്കെ ലാൻഡ് ചെയ്യാവുന്ന കുഞ്ഞുവിമാനത്തിൽ രണ്ടാൾക്കേ കയറാൻ പറ്റൂ എന്നതുമാത്രമാണ് ഒരു പോരായ്മ.

ഇത്തരം കുഞ്ഞൻ വിമാനങ്ങൾ വാങ്ങുന്നവരും ഇപ്പോൾ ഭൂമിക്കൊരു ഭാരമാണ്. ഒരായുസിൽ തീർക്കാനാവാത്ത ബാങ്ക് വായ്പയുടെ ഒരു പ്രത്യേക ഘട്ടത്തിൽ ആത്മഹത്യയാണ് നാട്ടാചാരം.

ഉയരത്തിൽ പറക്കുമ്പോൾ വിമാനം ഓട്ടോപൈലറ്റിലിട്ടശേഷം ലീന ജോജിയെ ഒന്നു മാനഭംഗപ്പെടുത്താൻ ശമ്രിച്ചുനോക്കി. അവന്റെ ചെറുത്തുനിൽപ്പ് കാരണം വിമാനം ഒരു പ്രാവശ്യം മൂക്കുകുത്താൻ പോയപ്പോഴാണ് അവളൊന്ന് അടങ്ങിയത്. ഇന്നു വീട്ടിലെത്തുംമുമ്പേ നിന്റെ ചാരിത്ര്യം ഞാൻ എടുത്തിരിക്കും എന്നു ചിരിച്ചുകൊണ്ട് അവൾ വിമാനം  അടൂരിലെ സെൻട്രൽ ബാറിന്റെ ടെറസിൽ ലാൻഡ് ചെയ്യിച്ചു. അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ ബാറിലേക്കോടി. ഗ്രാനൈറ്റ് മേശയ്ക്കരികിൽ തോക്കുമായി നിവർന്നു നിന്നിരുന്ന ബെയറർ അത് അവന്റെ മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് എന്തു വേണമെന്നു ചോദിച്ചു.

‘‘രണ്ടു ജിംലെറ്റ്.’’ അവൾ പറഞ്ഞു.

ജോജി പെട്ടെന്നെഴുന്നേറ്റ് ബെയററുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ‘‘അയ്യോ എനിക്കു റെഡ് വൈൻ മതി.’’

പറഞ്ഞു തീരുംമുമ്പ്‌ ജോജിയുടെ വലതുകരണത്ത് കനമുള്ളൊരു പ്രഹരം വന്നു പതിച്ചു. തോക്കുധാരിയുടെ വകയാണ്. കൂടം കൊണ്ട് അടിച്ചാലെന്നപോലെ ജോജിയുടെ കണ്ണിൽ നിന്നു തീ വമിച്ചു. അടികൊണ്ട് വീണ ജോജിയെ അയാൾ തലങ്ങും വിലങ്ങും ചവിട്ടി. അപ്പോഴേക്കും  മൂന്നു നാലു ഹോട്ടൽ ജോലിക്കാർ കൂടി  പാഞ്ഞടുത്ത് അവരുടെ നിലയിൽ വേറെയും പ്രയോഗങ്ങൾ നടത്തി. ഒരാൾ മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നെങ്കിൽ മറ്റൊരാൾ ബെൽറ്റുകൊണ്ട്  വയറ്റത്ത് ആഞ്ഞടിക്കുകയായിരുന്നു.  അവൻ പരിക്ഷീണനായി എന്നുറപ്പായപ്പോൾ ഹോട്ടൽ ജോലിക്കാരെല്ലാവരും പിൻവാങ്ങി അവരവരുടെ പഴയസ്ഥാനങ്ങളെ പഴയമട്ടിൽ കൂളായി അലങ്കരിച്ചു. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ ലീന പ്രാകിക്കൊണ്ട് ജോജിയെ താങ്ങിപ്പിടിച്ചെഴുന്നേൽപ്പിച്ചു. കസേരയിൽ ഇരുത്തിക്കൊണ്ട് അവളിങ്ങനെ പരിഹസിച്ചു.

‘‘മണ്ടൻ. റെഡ് വൈൻ വിൽക്കാനാണോ ഇവർ ബാറും തുറന്നിരിക്കുന്നത്. അതിവിടത്തെ മാടക്കടകളിലൊക്കെ വയറുനിറയെ കിട്ടും. ബാറിൽ വന്ന് റെഡ് വൈൻ ചോദിച്ചാൽ അവർക്കു ദേഷ്യം വരാതിരിക്കുമോ? എന്തായാലും ഭൂമിയിലുള്ള കാലത്തേക്ക് ഇതൊരു പാഠമായിരിക്കട്ടെ.’’

ഞരങ്ങിക്കൊണ്ട് അവൻ ഇത്രയും പറഞ്ഞൊപ്പിച്ചു. ‘‘ജിംലെറ്റ് ഒന്നും കഴിച്ച് എനിക്കു ശീലമില്ല. എനിക്കെന്നല്ല അവിടെ  ആർക്കും. ഞങ്ങൾ വെള്ളം ഉണ്ടാക്കുന്നത് എന്തുമാത്രം കഷ്ടപ്പെട്ടാണെന്നറിയാമോ? അപ്പോൾ അതു വെറുതെ കളയാൻ  ആർക്കാണു കഴിയുക.റെഡ് വൈൻ പോലും കഴിക്കുക റിട്ടയർ ചെയ്തവർ മാത്രമാണ്. അതും പിഴ അടച്ചുകൊണ്ട്.’’

ലീനയ്ക്കു ക്ഷമ നഷ്ടപ്പെട്ടു.അവന്റെയൊരു ചന്ദ്രൻ!! അവൾ അവന്റെ മുഖത്തേക്കു കാർക്കിച്ചു തുപ്പി. ആ തുപ്പൽ കഴുകിക്കളയാൻ അവൻ വാഷ്ബേസിൻ തപ്പി നടക്കുന്ന നേരം കൊണ്ട് അവൾ പടപടേന്ന് മൂന്നു ജിംലെറ്റ് തെരുതെരെ വിഴുങ്ങി ദേഷ്യം തീർത്തു.

ചെന്താമരക്കൊക്കയിലെ കൊക്ക സർവകലാശാലയുടെ ലൈബ്രറിയിൽ നിരനിരയായി സൂക്ഷിച്ചിട്ടുള്ള കംപ്യൂട്ടറുകൾക്കു നടുവിലെ പുഷ്ബാക്ക് കസേരയിൽ ചാരിക്കിടന്ന് പാംടോപ്പിൽ എന്തോ വായിച്ചുകൊണ്ടിരുന്ന ജഗന്നാഥന്റെ മുന്നിൽ  ചെന്നുനിന്നു ലീന തൊണ്ട ഇരപ്പിച്ചു.

‘‘ഡി ബിച്ച്, എന്തു വേണം?’’

ജഗന്നാഥൻ അവളുടെ നെഞ്ചിൽ കുത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു. അവൾക്കൊരൽപം നൊന്തെങ്കിലും ചെറിയൊരു സുഖം കൂടി തോന്നിയതിനാൽ ഉടക്കാൻ നിന്നില്ല.

‘‘ഈ ബാസ്റ്റാർഡിന് ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയണമെന്ന്. ഇവൻ പറയുന്നു ഇവന്റെ കയ്യിലുള്ള ചില പുസ്തകങ്ങളിൽ ഇവിടമൊക്കെ വനമാണെന്ന്.’’

അതു കേട്ടതും ജഗന്നാഥൻ പത്തുമീറ്റർ നീളത്തിലൊരു നെടുവീർപ്പു പുറത്തു വിട്ടു. വർഷങ്ങളായി വായിച്ചുകൂട്ടിയ വിജ്ഞാനമൊക്കെ കേൾക്കാൻ ആദ്യമായൊരിരയെ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു അത്. ചരിത്രം അറിയാൻ ആഗ്രഹമോ അതിനോടു ബഹുമാനമോ ഒട്ടുമില്ലാത്തവരുടെ മുന്നിൽ ഒരു ചരിത്രഗവേഷകന് സ്ഥാനമെന്ത്?

ശരിക്കും ശബരിമലയ്ക്കും പൊന്നമ്പലമേടിനും ഇടയിലുള്ള വലിയൊരു മെട്രോ നഗഗ്നരമാണിന്നു ചെന്താമരക്കൊക്ക. ഭൂമിയുടെ ഊഷ്മാവ് കൂടുകയും  കാലാവസ്ഥയിൽ അട്ടിമറികളുണ്ടാവുകയും ചെയ്തുകൊണ്ടിരിക്കെ, കടലുയർന്ന് കരകളെ വിഴുങ്ങിക്കൊണ്ടിരിക്കെ,  എഡി 2020 ൽ ആ ഒരു വമ്പൻ സൂനാമിയും. കേരളമുൾപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറൻതീരം ഇരുപതു കിലോമീറ്ററിലധികം കടലെടുത്തു. മരിക്കാതെ ശേഷിച്ചവർ ജീവനും കൊണ്ട് ഓടുകയായിരുന്നു. കൂട്ടപ്പലായനം. തിങ്ങിനിറഞ്ഞ ജനവാസകേന്ദ്രങ്ങളും വറ്റിവരണ്ട പുഴകളും വെന്തുകിടന്ന ടാർ റോഡുകളുമൊക്കെ കാൽവേഗത്താൽ തരണം ചെയ്ത് അവരെത്തിയത് കൊടുംകാടുകളിൽ. അതിലൊരു കൂട്ടരാണ് ചെന്താമരക്കൊക്കയെ കണ്ടെത്തിയത്.

ആകാശത്തെ ചുംബിച്ചുനിന്ന നാങ്ക്, പുന്നപ്പ, വെടിപ്ലാവ്‌, ചോരപ്പാലി, വെള്ളപ്പൈൻ എന്നു തുടങ്ങി എണ്ണമില്ലാത്ത മഹാമരങ്ങളെ നിലംപതിപ്പിച്ചും ആനപുലികരടികടുവയാദികളെ ബോംബെറിഞ്ഞും വെടിവച്ചും ഇല്ലായ്മയാക്കിയും അവർ കൊക്കയിൽ പടർന്നു കയറി. മലതുരന്ന മണ്ണു നിറച്ച്  കൊക്കയെ സമതലമാക്കി.ചൂടിന്റെ ബലിയാടുകൾ  ചൂടുകൂട്ടാൻ മൽസരിച്ചു.  ഭൂമിക്കു സമാന്തരമായി മനുഷ്യരുടെ ശരീരോഷ്മാവിലുണ്ടായ വർധന അവരുടെ പ്രവൃത്തികളിലും പ്രതിഫലിച്ചു. ചെന്താമരക്കൊക്കയിൽ നിന്ന് നാട്ടിലിറങ്ങിയവർ  തെരുവുതോറും നടന്ന് മഹാത്മാഗഗ്നാന്ധിയുടെ പ്രതിമകൾ തകർത്തു. പകരം ഇദി അമീൻ, അഡോൾഫ് ഹിറ്റ്ലർ, പോൾ പോട്ട്, ജോർജ് ബുഷ് തുടങ്ങിയവരുടെ പൂർണകായ പ്രതിമകൾ നിർമിച്ചു  പ്രതിഷ്ഠിച്ചു. മനുഷ്യമാംസമായി ഇഷ്ടഭക്ഷണം. ആണിന്റെയും പെണ്ണിന്റെയും ഇളംശരീരങ്ങൾ കാണെക്കാണെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.ഹോട്ടലുകളിലെ തീൻമേശകളിൽ വിളമ്പിയ മാംസം സ്വന്തം മക്കളുടേതെന്നറിയാതെ കഴിച്ചവർ പോലുമുണ്ട്. ഇപ്പോഴിവർ ചന്ദ്രനിലേക്കും  ചൊവ്വയിലേക്കുമൊക്കെ  കുടിയേറാനൊരുങ്ങുകയാണ്. കോറ്റ്ഷി (Kochi) യിലെ രണ്ടു സ്വകാര്യ കമ്പനികൾ അടുത്തമാസം ചന്ദ്രനിലേക്കുള്ള ഷട്ടിൽ സർവീസ് ആരംഭിക്കുന്നു. കഴിവതും വേഗം ചെന്നെത്തുക. അവിടത്തുകാരെ കൊന്നിട്ടായാലും വേണ്ടില്ല,  സ്വന്തം മേച്ചിലിടങ്ങൾ കെട്ടിയുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പ്രബലമായ ചിന്ത. ആരാദ്യം എന്നതിനെച്ചൊല്ലിയുള്ള വാതുവയ്പുകൾ പോലും നടക്കുന്നു.

ജഗന്നാഥന്റെ വീശദീകരണം തുടരുമ്പോൾ ‘ചെറുക്കാ നീയിവിടെയിരിക്ക്’ എന്നു പറഞ്ഞ് ലീന പുറത്തേക്കൊന്നിറങ്ങി. വിവരണം ഒരു ഘട്ടത്തിൽ നിർത്തിയ ശേഷം ജഗന്നാഥൻ ഒരു ബോഡി ചിപ് എടുത്ത് ജോജിയുടെ ചെന്നിയിൽ പിടിപ്പിച്ചു. അപ്പോൾ കംപ്യൂട്ടർ സ്ക്രീനിലെന്ന പോലെ ദൃശ്യങ്ങൾ മതിയായ വിവരണത്തോടൊപ്പം അവന്റെ കണ്ണിൽ തെളിഞ്ഞു വരാൻ തുടങ്ങി. കാഴ്ചയിൽ അവൻ മുങ്ങിക്കിടന്നപ്പോൾ കയ്യൊന്നു നൊന്തു. ചെറിയൊരു നനവും. ചിപ്പ് ഊരി മാറ്റി നോക്കുമ്പോൾ ജഗന്നാഥനുണ്ട് കുനിഞ്ഞു കിടന്ന് ചോര പൊടിയുന്ന തന്റെ വലതു കണങ്കയ്യിൽ നക്കുന്നു. കയ്യിൽ വെളുത്തു തിളങ്ങുന്നൊരു സ്റ്റീൽ പിച്ചാത്തിയും. ജഗന്നാഥന്റെ കണ്ണുകൾ അപ്പോൾ ഒരു കടുവയുടേതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. നാസിക വികസിച്ചു നിന്നു.

ഭയം കാട്ടാനയെ പോലെ വളർന്നപ്പോൾ ജോജി ചാടിപ്പിടഞ്ഞ് എഴുന്നേറ്റു. ചെന്നിയിൽ പിടിപ്പിച്ചിരുന്ന ബോഡി ചിപ് ഊരിയെറിഞ്ഞു. കാലിന്റെ സ്പീഡ് 120 കിലോമീറ്ററിലാക്കി. ദൂരം കുറെ പിന്നിട്ടെന്നു തോന്നിയപ്പോഴാണ് വേഗം കുറച്ച് അൽപ്പമൊന്നു നിന്നത്. ലീന എവിടെയെന്നായി അപ്പോൾ വിചാരം. അവളുടെ തരംഗദൈർഘ്യത്തിലും ഫ്രീക്വൻസിയിലും സെൻസർ ട്യൂൺ ചെയ്തെടുത്ത് ആ സിഗ്നൽ നോക്കിയായി പിന്നത്തെ നടത്തം. നടന്നു നടന്ന് അണച്ചു ചെല്ലുമ്പോൾ ലീനയുണ്ട് കൊച്ചുപമ്പ ജംഗ്ഷനിൽ മലർന്നു കിടന്ന് കൈകാലിട്ടടിക്കുന്നു. അവളുടെ മേൽവസ്ത്രം കീറിപ്പറിച്ചെടുത്തു കളഞ്ഞിരുന്നു. അടിവസ്ത്രങ്ങളും സ്ഥാനം മാറി കിടന്നു. അരികിൽ മദ്യക്കുപ്പികളും ഗ്ലാസ്സുകളും നിരത്തിവച്ചിരുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി നിന്ന നാലു പേർ അട്ടഹസിക്കുന്നുണ്ടായിരുന്നു. പരസ്പരം തർക്കിക്കുകയും.

‘‘ഞാൻ മൂന്നു കഴിഞ്ഞു’’ എന്നൊരാൾ.

‘‘ഞാൻ നാലായി’’ എന്നു മറ്റൊരാൾ.

‘‘പോടാ അവിടുന്ന്, ഞാൻ അഞ്ചായി’’ എന്നു മൂന്നാമൻ.

‘‘എന്നാൽ നിങ്ങളെല്ലാം മാറി നിൽക്ക്, ഞാൻ നല്ലപ്പഴൊന്നു തുടങ്ങട്ടെ’’  എന്നു പറഞ്ഞ് ജീൻസിന്റെ ബെൽറ്റഴിക്കാൻ തുടങ്ങി നാലാമൻ.

കുറച്ചു ദൂരെ മാറി  ഒരു പറ്റമാളുകൾ ബൈനോക്കുലറുകൾ ഉപയോഗിച്ച് ഈ സംഭവങ്ങളെല്ലാം സൂക്ഷ്മമായി വീക്ഷിച്ച്  രസിച്ചുല്ലസിച്ചു  നിന്നിരുന്നു. ലീനയെ രക്ഷിക്കാൻ തനിക്കാവില്ലെന്നു ജോജിക്കു തോന്നി. അടിയന്തരഘട്ടത്തിൽ എർത്ഷിപ്പിലേക്കടുക്കാനുള്ള ടിഷ്യൂ സെൻസർ അവൻ പ്രവർത്തനക്ഷമമാക്കി. ഗതിവേഗം പലമടങ്ങായി.

രണ്ടു പേരെയും ഒരുമിച്ചു കാണാതായപ്പോൾ ലീനയുടെ അപ്പന് ആദ്യം ദേഷ്യമാണു തോന്നിയത്. ചെറുക്കനും പെണ്ണും കൂടി തങ്ങളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുന്നു എന്നയാൾ ചിന്തിച്ചു.  ഇരുവരെയും കയ്യോടെ പിടിക്കാൻ കുടുംബക്കാർ നാടു മുഴുവൻ വിന്യസിക്കപ്പെട്ടു.  അന്വേഷണത്തിന്റെ അടക്കംകൊല്ലി വലയുമായി അവർ നിരത്തിലിറങ്ങി. കീറിപ്പറിഞ്ഞ തുണികളുമായി ബോധരഹിതയായ നിലയിൽ ആദ്യം ലീനയെ കണ്ടെത്തി.  കുറച്ചകലെ മാറി കണ്ടതാകട്ടെ  ഒരു ഇളം തലയോട്ടിയും കുറെ  എല്ലിൻകഷണങ്ങളും. ആ എല്ലിൻതുണ്ടുകളിൽ  ഉപ്പും കുരുമുളകുപൊടിയും പറ്റിപ്പിടിച്ചിരുന്നു. കൊതി ഘനീഭവിച്ചു നിന്ന മിഴികൾ കൊണ്ട്  അവർ ആ കാഴ്ചയിലേക്കു നോക്കി.

O



നിതാഖാത്‌

പ്പൻ പീലിപ്പോസിന്റെ മൃതദേഹം ചരൽക്കല്ലുമൂഴിയിലെ വീട്ടിൽ നിന്നും പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ കൊണ്ടുപോയി വച്ച ശേഷം കൂടപ്പിറപ്പ്‌ ഷിബു പീലിപ്പോസ്‌ സൗദിയിൽ നിന്നു വരാനുള്ള കാത്തിരിപ്പാലാണ്‌ ഷൈജു. വലതു കൈപ്പത്തി കണ്ണുകൾക്ക്‌ മീതെ നെറ്റിമേൽ വളച്ചുപിടിച്ച്‌ മാനത്തേക്ക്‌ നോക്കിയ ഷൈജു പീലിപ്പോസ്‌ അറിയാതെ കണ്ണുകളടച്ചുപോയി. തിളയ്ക്കുന്ന വെയിലിന്റെ കുന്തമുനകൾ അയാളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറാൻ നടത്തിയ ശ്രമം അങ്ങനെ പരാജയപ്പെട്ടു. കാഴ്ച ഇരുണ്ടഗാധമായവസാനിച്ചെങ്കിലും കാതുകളിൽ ഒരു വിമാനത്തിന്റെ കറുത്ത ഇരമ്പം മുഴങ്ങി പ്രതിധ്വനിച്ചു നിന്നു.

ഷിബു വരുന്നുവെന്ന് കേട്ടാൽ പണ്ടൊക്കെ പെരുന്നാളിന്റെ അന്തരീക്ഷമായിരുന്നു വീട്ടിൽ. പക്ഷേ ഇത്തവണ ആ വരവ്‌ പ്രതീക്ഷിച്ചിരിക്കുന്ന ഓരോ നിമിഷവും ഒരു യുദ്ധരംഗത്തെ അനിശ്ചിതത്വവും ഉത്കണ്ഠകളും നിറഞ്ഞതാണല്ലോ എന്ന് ഷൈജുവിന്‌ വെറുതെ തോന്നി. രണ്ടാം ലോകമഹായുദ്ധം അപ്പോൾ ഒരു അണുബോംബിന്റെ വീര്യത്തോടെ വിചാരങ്ങളിലേക്ക്‌ പൊട്ടിവീണു. അതും വെറുതെ. അല്ലെങ്കിലും വിചാരങ്ങളൊക്കെ പലപ്പോഴുമങ്ങനെയാണ്‌. മുന്നറിയിപ്പൊന്നുമില്ലാതെ, സമയവും സാഹചര്യവും നോക്കാതെ അനുവാദം പോലും ചോദിക്കാതെ വെറുതെയങ്ങ്‌ ഞെടുപ്പറ്റുവീഴും. ജപ്പാനിൽ അമേരിക്ക അണുബോംബിട്ടതിന്റെ കേരളത്തിലെ പ്രത്യാഘാതം എന്തെന്ന് അന്നു ചോദിച്ചിരുന്നെങ്കിൽ ആഘാതമൊന്നുമല്ല, അനുഗ്രഹമാ എന്ന് മടിയില്ലാതെ പറഞ്ഞേനേ പീലിപ്പോസ്‌. ഇന്നു പക്ഷേ, ഷൈജുവിന്റെ മനസ്സിൽ ആഘാതം എന്ന വാക്കേ മുളച്ചുവരൂ. അയാൾക്ക്‌ അങ്ങനെ തോന്നാൻ പല കാരണമുണ്ട്‌. ഏറ്റവും പുതിയത്‌ ഇതാണെന്നു മാത്രം. മൂന്നു മക്കളിൽ രണ്ടുപേരും കഴിഞ്ഞ ദിവസം പള്ളിക്കൂടത്തിന്റെ മൈതാനത്ത്‌ മോഹാലസ്യപ്പെട്ടു വീണു. നട്ടുച്ചയ്ക്ക്‌ ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു അവർ. കൂടെയുള്ള കുട്ടികളുടെ വിളിച്ചുകൂവൽ കേട്ട്‌ ഓടിക്കൂടിയവർ താങ്ങിയെടുത്ത്‌ ഡോ.മാത്യൂ കുന്നുംപുറത്തിന്റെ ക്ലിനിക്കിലേക്കാണ്‌ നേരേ കൊണ്ടുപോയത്‌. ഡോക്ടർ പരിശോധിച്ചപ്പോഴല്ലേ പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചുവന്നകുമിളകൾ. ഡോക്ടർ പറഞ്ഞു.

"നേരെ ഇങ്ങോട്ടു കൊണ്ടുവന്നതു കൊണ്ട്‌ രക്ഷപ്പെട്ടു. കുറേനേരം കൂടി കിടന്നിരുന്നെങ്കിൽ തട്ടിപ്പോയേനേ. ഇതു സൂര്യാഘാതമാ."

പതിനഞ്ചുകാരനായ പീലിപ്പോസിനെയും അതിലും ചെറിയ, ആണും പെണ്ണുമായ 11 എണ്ണത്തിനേം ഈ 12 പിള്ളാരേയും പെറ്റു ക്ഷീണിച്ച ഭാര്യ സാറാമ്മയെയും കൊണ്ട്‌ വല്യപ്പച്ചൻ യോഹന്നാൻ 68 വർഷം മുമ്പാണ്‌ കുറവിലങ്ങാട്ടു നിന്നു പുറപ്പെട്ടത്‌. സഹോദരന്മാരും സുഹൃത്തുക്കളുമൊക്കെയായി നാൽപ്പതമ്പതു പേരെയും കൂട്ടത്തിൽ കൂട്ടി പള്ളികൾ താണ്ടിയും കരഞ്ഞപേക്ഷിച്ചും ഒരാഴ്ചയോളമെടുത്താണ്‌ യോഹന്നാന്റെ സാഹസികസമൂഹം കൊടുങ്കാട്ടിലെത്തിയത്‌. കാട്ടാനകളും കാട്ടുപന്നിയും മ്ലാവുകളുമൊക്കെ സദാ റോന്തു ചുറ്റുന്ന, കടുവയും പുലിയുമൊക്കെ ഇടയ്ക്കിടെ വന്നു മീശപിരിച്ചു പോകുന്ന കാടിനുമേൽ കോടാലിത്തലകൾ എറിഞ്ഞുപിടിപ്പിച്ചുകൊണ്ട്‌ മുന്നേറുമ്പോൾ യോഹന്നാന്റെയും കൂട്ടുകാരുടെയും മുഖങ്ങളിൽ കീഴ്പ്പെടുത്തുന്നവന്റെ വന്യമായ സംതൃപ്തിയും അട്ടഹാസഭരിതമായ ആനന്ദവും നിറഞ്ഞുനിന്നു. പകൽ പോലും സൂര്യരശ്മി വീണിട്ടില്ലാത്ത മണ്ണ്‌ സൂര്യന്റെ പുഞ്ചിരി നേരിട്ട്‌ ഒപ്പിയെടുത്തു. കുളയട്ടകൾ മദിച്ചുവാഴുന്ന ഈറൻ മണ്ണിൽ ചോരയൊലിപ്പിച്ച്‌ അവർ മുന്നേറി. രാവിന്റെ കൊടുംതണുപ്പും പകലിന്റെ ഇളംതണുപ്പും കീറച്ചാക്കുകൾ വാരിപ്പുതച്ച്‌ ആസ്വാദ്യമാക്കി. ദുർബലരായ ചിലർക്ക്‌ മലമ്പനിയും വയറിളക്കവുമൊക്കെ അധികരിച്ചപ്പോൽ പുല്ലുമേഞ്ഞുണ്ടാക്കിയ കൊച്ചുപള്ളിപ്പറമ്പിൽ ആദ്യകാല ശവശരീരങ്ങൾ മണ്ണോടുമണ്ണു ചേർന്നു.

എതിരുനിന്ന കാടിനെയും കാറ്റിനെയും കാലാവസ്ഥകളെയും ഇച്ഛയുടെ പെരുംചൂരൽ വിറപ്പിച്ചുകാട്ടിയും കൊന്നൊടുക്കി വെന്നു നേടാനുള്ള അധിനിവേശഭാവനകളുടെ വടിവാൾ വീശിയും അവർ വരുതിയിലാക്കി. വെട്ടിത്തെളിച്ചെടുത്ത നൂറേക്കറിൽ യോഹന്നാനും അതിൽ കുറവായ ഏക്കറുകളിൽ കൂട്ടുകാരും നെല്ലും വാഴയും കപ്പയും കുരുമുളകും ഒക്കെയായങ്ങ്‌ പടർന്നു വളർന്നു.

യോഹന്നാനച്ചായനെ മലമുകളിലെത്തിച്ച രക്ഷയുടെ കരങ്ങൾ തേടി കുറവിലങ്ങാട്ടുനിന്നും കടുത്തുരുത്തി പാലാകളിൽ നിന്നും പിന്നെയും പിന്നെയും കഠിനരായ അധ്വാനികൾ വരിവരിയായി വന്നുകൊണ്ടിരുന്നപ്പോൾ മെല്ലെ മെല്ലെ ചരൽക്കല്ലുമൂഴി എല്ലാം തികഞ്ഞ സ്വാശ്രയ കാർഷികോൽപ്പാദന ഗ്രാമമോ പട്ടണമോ ഒക്കയായി ഉയർന്നു. യോഹന്നാനും ആദ്യസംഘവും ചേർന്ന് കാട്ടുകല്ലുകളും മുളന്തടിയുമടുക്കിയുണ്ടാക്കിയ പുല്ലുപള്ളി ക്രമേണ ഓട്ടുപള്ളിയും വാർക്കപ്പള്ളിയുമൊക്കെയായി നിവർന്നു. പള്ളിക്കടുത്ത്‌ പള്ളിക്കൂടവും പോസ്റ്റ്‌ ഓഫീസും ആശുപത്രിയുമൊക്കെ നിരന്നു. പുതുപുത്തൻ വീടുകളും കടകളും വോട്ടുബൂത്തുമൊക്കെ വന്നപ്പോൾ കാട്ടുപച്ചയുടെ മൂടരിഞ്ഞ കറിപ്പച്ചയുടെ കടന്നുകയറ്റം ഹരിതവിപ്ലവമോ ആത്മസമർപ്പണമോ ഒക്കെയായി ശ്രേഷ്ഠമായി. കാണെക്കാണെ കുടിയേറ്റക്കാരുടെ എണ്ണം പെരുകിയപ്പോൾ അവർക്കായി പാർട്ടികളുണ്ടായി. എം.പിയും എംഎൽഎയും മന്ത്രിയുമൊക്കെ മലകയറി കാട്ടുപഞ്ചായത്തിലെത്തി. മലമ്പാതകൾ ടാർ പുതച്ച ഹൈവേകളായി. പിന്നാലെ ബസും കാറും ജീപ്പുമൊക്കെ ചുരം കയറിവന്നു. ആ ബസുകളിൽ ബാലകൃഷ്ണനും അബ്ദുള്ളയും സാദിരിക്കോയയുമൊക്കെ ചാക്കുകണക്കിന്‌ ഭാഗ്യാന്വേഷണവുമായി വന്നിറങ്ങി. പിന്നെയുമേറെക്കഴിഞ്ഞ്‌ മൊബൈൽ ഫോണും കംപ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലകയറിയെത്തുമ്പോഴേക്കും അന്നത്തെ പതിനഞ്ചുകാരൻ പീലിപ്പോസിനെ വാർദ്ധക്യം കൂട്ടുകാരനാക്കിയിരുന്നു.

യോഹന്നാൻ നട്ടുവളർത്തിയ ഭക്ഷ്യവിളകൾക്ക്‌ മേൽ റബ്ബർ വലിഞ്ഞു കയറുന്നത്‌ പീലിപ്പോസിന്റെ ഉത്സാഹത്തിലാണ്‌. റബറിന്റെ തൈകൾ നിറച്ച ജീപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നു വന്നിറങ്ങിയപ്പോഴാണ്‌ പീലിപ്പോസിന്‌ യോഹന്നാനുമായുള്ള ജനറേഷൻ ഗ്യാപ്പ്‌ ആദ്യമായി തെറിരൂപത്തിൽ കറ ചുരത്തുന്നതായി അനുഭവപ്പെട്ടതെങ്കിൽ മൺപിലാവിൽ കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്ത്‌ രാജവെമ്പാലയിറങ്ങിയപ്പോഴാണ്‌ ഷൈജു പീലിപ്പോസും പീലിപ്പോസും തമ്മിലുള്ള തലമുറവിടവ്‌ നാലുപേർ കേൾക്കെ വീട്ടുമുറ്റത്ത്‌ വീണു ചിതറിയത്‌. ഷൈജു പറഞ്ഞു.

"അപ്പാ കണ്ടില്ലേ, നാടും മാത്രമല്ല കാടും ഇപ്പോൾ ജീവിക്കാൻ പറ്റാതായിരിക്കുന്നു. ആരാ ഇതിനുത്തരവാദികൾ..?"

"ആരാ."

"വല്യപ്പച്ചൻ, അപ്പൻ, പിന്നെ ഞാനും.."

"അതെന്തുവാടാ നമ്മൾ എന്തോന്നു ചെയ്തെന്നാ?"

"നല്ല തണുപ്പും കാറ്റു മഴേം ഒക്കെയുള്ള നാടല്ലാരുന്നോ ഇത്‌. ലോകത്തിൽ മനുഷ്യവാസത്തിന്‌ ഏറ്റവും പറ്റിയ സ്ഥലം. അതുകൊണ്ടല്ലേ തോമാശ്ലീഹയും വാസ്കോഡഗാമയും ഹെർമൻ ഗുണ്ടർട്ടും അങ്ങനെയൊരുപാടു വിദേശികൾ വാലെവാലെ ഇവിടേക്കു വന്നത്‌."

"അതു നന്നായില്ലേ? ഒത്തിരിപ്പേർ രക്ഷിക്കപ്പെട്ടില്ലേ?"

"ഓ, എനിക്ക്‌ കരച്ചിൽ വരുന്നു. ഇതൊക്കെയാണോ എന്റപ്പാ രക്ഷ."

അപ്പോൾ ഒരു വേഴാമ്പൽ ഉച്ചത്തിൽ മലമുഴക്കിക്കൊണ്ട്‌ അവർക്കരികിലൂടെ പറന്നുപോയി. പിന്നാലെ ഒരു മയിൽ എവിടെ നിന്നോ പറന്നുവന്ന് അടുത്തൊരു ചില്ലയിൽ ഇരുന്നു കൊക്കി. ഷൈജുവിന്റെ മാത്രമല്ല പീലിപ്പോസിന്റെയും ഉടൽമരം വിയർപ്പുചില്ലകൾ വിടർത്തി ഊഷ്മാവിനാൽ കീറിമുറിക്കപ്പെട്ടു.

"കണ്ടില്ലേ, വേഴാമ്പലിനും രാജവെമ്പാലയ്ക്കും കാട്ടിൽ രക്ഷയില്ലാണ്ടായി. മരുക്കാട്ടിൽ വളരേണ്ട മയിൽ ഇതാ മഴക്കാട്ടിൽ തുള്ളിക്കളിക്കുന്നു. 24 മണിക്കൂറും തണുപ്പു പുതച്ചു കിടന്ന ഈ മലമുകളിൽ നമ്മൾ 68 വർഷം കൊണ്ട്‌ മരുഭൂമി പറിച്ചുനട്ടു. ചുട്ടുപൊള്ളുന്ന ഈ മണ്ണിലിപ്പോൾ കുടിക്കാൻ വെള്ളം പോലുമില്ലാതായില്ലേ? ഇതാണോ രക്ഷ."

"നീയെന്താ പുറംജാതിക്കാരനെപ്പോലെ സംസാരിക്കുന്നത്‌. ദൈവം നമുക്ക്‌ തന്ന അധികാരമാണ്‌ പ്രകൃതിയെ അനുഭവിച്ചു ജീവിക്കുകയെന്നത്‌. ദൈവസൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠത മനുഷ്യനു തന്നെ. അവന്റെ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ളതാണ്‌ മറ്റെല്ലാം - കാടും മരവും പക്ഷിയും മൃഗവുമൊക്കെ."

"അത്‌ നമ്മൾ ദൈവകൽപ്പനയെ തെറ്റായി മനസിലാക്കിയതുകൊണ്ടു പറ്റിയതാ അപ്പാ. പക്ഷികളേം മൃഗങ്ങളേം പുഴകളേം കാറ്റിനേം തീയേം മഴയേം പ്രകൃതിയിലുള്ള എന്തിനെയും മനുഷ്യനേക്കാൾ വളരെ ഉയരത്തിൽ, ദൈവമായി കാണുന്നവരാണ്‌ ഈ മണ്ണിന്റെ മക്കൾ. നമ്മുടെ പുസ്തകത്തിലും പറയുന്നത്‌ പ്രകൃതിയിലുള്ളവയെ എല്ലാം സംരക്ഷിക്കേണ്ടത്‌ മനുഷ്യന്റെ ചുമതലയാണെന്നാണ്‌. അപ്പൻ ഉൽപ്പത്തി പുസ്തകം നേരേ ചൊവ്വെ ഇതുവരെ വായിച്ചിട്ടില്ല. ആകാശത്തിലെ പറവകൾ, കാടപക്ഷി, യോനാപ്രവാചകന്റെ ആവണക്ക്‌ തുടങ്ങിയ ഉപമകളൊക്കെ പ്രകൃതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിക്കുന്നില്ലേ?"

"നിന്റെ വല്യപ്പച്ചനെ മുൻനിർത്തി ഞങ്ങളെല്ലാം കൂടി കാടു വെട്ടിത്തെളിച്ചെടുത്തതുകൊണ്ടാ ഇന്നിതൊക്കെ പറയാൻ നീ എന്റെ മുന്നിൽ നിൽക്കുന്നത്‌. അതുകൊണ്ടല്ലേ നോക്കെത്താദൂരം പരന്നുകിടക്കുന്ന കൃഷിഭൂമിയിലേക്കൊന്നു കണ്ണെറിയാൻ പോലും നിൽക്കാതെ നീ സൂപ്പർമാർക്കറ്റിൽ പോയി കുത്തിയിരിക്കുന്നത്‌. നിന്റെ ഇച്ചായൻ ഗൾഫിൽ ഭാഗ്യം പരതുമ്പോൾ ഇവിടെ ഈ മണ്ണിൽ എന്നെ സഹായിക്കുന്നത്‌ ബിഹാറിയാ."

അപ്പോൾ പ്രാകൃതഹിന്ദിയും ദേവനാഗരിയും ബംഗാളിയുമൊക്കെ പല പല പാറക്കെട്ടുകളിൽ നിന്നുള്ള പ്രതിധ്വനികളായി അവരെ വന്നു പൊതിഞ്ഞു.

"കാട്ടിൽ താമസിക്കേണ്ട ആനയും പന്നിയുമൊക്കെ ദിവസവും സ്വന്തം മണ്ണിന്മേലുള്ള അവകാശം വിളിച്ചു പറഞ്ഞുകൊണ്ട്‌ നമ്മുടെ കൃഷിഭൂമിയിലൂടെ കയറിയിറങ്ങുമ്പോൾ കൃഷിക്ക്‌ യഥേഷ്ടം വെള്ളം കൊണ്ടു തന്നിരുന്ന കാട്ടരുവികളെല്ലാം ഉറവ പോലുമില്ലാതെ വറ്റിപ്പോകുമ്പോൾ അപ്പനൊന്നോർത്തോ, ഇവിടെ നിന്നു മടക്കയാത്രയ്ക്കുള്ള സമയമായി നമുക്ക്‌. ഈ കാട്ടുമുക്കിൽ ഇനി നമുക്ക്‌ ചെയ്യാൻ ഒന്നുമില്ല. ഇവിടത്തെ എന്റെ വീതമൊന്നു വിറ്റു തരാമോ? എറണാകുളത്തൊരു ഫ്ലാറ്റ്‌ വാങ്ങണം."

അതുകേട്ടതും പീലിപ്പോസിന്റെ വയറ്റിൽ അള്ളിപ്പിടിക്കുന്നൊരു വേദന വന്നു കൊളുത്തി വലിച്ചു. വയറിനു മേലേ രണ്ടു കൈയും കൊണ്ട്‌ കുത്തിപ്പിടിച്ച്‌ പീലിപ്പോസ്‌ മണ്ണിലിരുന്നു. അപ്പന്റെ വേദന കണ്ടുനിൽക്കാനാവാതെ ഷൈജു ജീപ്പിൽ കയറ്റി നേരേ റാന്നിക്കു വിട്ടു.

"പുഷ്പഗിരീ പോവാ നല്ലത്‌." - റാന്നിയിൽ നിന്നു തള്ളി.

പുഷ്പഗിരിയിലെ പരിശോധനയുടെ ഫലം കിട്ടിയത്‌ പിറ്റേന്നാണ്‌.

"നേരേ ആർ സി സിയിലേക്ക്‌ പൊക്കോ." പുഷ്പഗിരിയിൽ നിന്നു തള്ളി.

ആർ സി സിയിലെ ഡോക്ടർ വാ പൊളിച്ചു. വായുവും വെള്ളവും ആഹാരവും എല്ലാം ശുദ്ധമായ, എണ്ണമില്ലാത്ത ഔഷധസസ്യങ്ങളുള്ള വനഭൂമിയിലും ജീവകോശങ്ങളിങ്ങനെ പിടിതരാതെ പൊട്ടിപ്പിളരുകയോ?

ഷൈജു ഡോക്ടർക്ക്‌ ക്ലാസ്സെടുത്തു : "കുടിയേറ്റവും കയ്യേറ്റവുമൊക്കെക്കൊണ്ട്‌ കേരളത്തിലെ വനം മൂന്നിലൊന്നായി കുറഞ്ഞപ്പോൾ, വഴിയരുകിൽ നിന്ന മരങ്ങളൊക്കെ വെട്ടി തീയിട്ടപ്പോൾ, ടാറിൽ മുക്കിയ റോഡുകൾ പെരുകിയപ്പോൾ നമ്മൾ ഭൂമിയുടെ ഉഷ്ണം കൂട്ടുകയായിരുന്നു. കാട്ടിൽ ജീവിച്ചിരുന്ന മൃഗങ്ങൾക്ക്‌ അതിനുള്ളിൽ വാസം വിഷമകരമായപ്പോഴാണ്‌ അവ നാടിറങ്ങാൻ തുടങ്ങിയത്‌. അവയ്ക്ക്‌ വിഷമിക്കാനിപ്പോൾ കാടുമില്ലാതായല്ലോ. ചെന്നുകയറി ഞങ്ങളോ, എൻഡോസൾഫാനും മാരകവിഷങ്ങൾ മറ്റുമൊക്കെ കൃഷിവിജയത്തിലേക്ക്‌ കുറുക്കുവഴികളാക്കുമ്പോൾ ജീവകോശങ്ങളെങ്കിലും ചെറുതായൊന്നു പിണങ്ങണ്ടേ? ഇങ്ങനെ കണക്കു തെറ്റിച്ചു പിളരാനും വളരാനുമൊക്കെയല്ലേ അവയ്ക്കു പറ്റൂ."

എറണാകുളത്തേക്ക്‌ പറിച്ചു നടുന്നതിനെക്കുറിച്ച്‌ ഷൈജു പറഞ്ഞത്‌ അപ്പനെ വിഷമിപ്പിക്കാനായിരുന്നില്ല. ഗൽഫിൽ നിന്നു ഷിബു പണം അയച്ചുകൊടുത്തിരുന്നു., അയാൾക്കു കൂടി ഒരു ഫ്ലാറ്റ്‌ ബുക്കു ചെയ്യാൻ. രണ്ടുപേരുടെയും മക്കൾ എറണാകുളത്തെ റസിഡൻഷ്യൽ സ്കൂളിൽ നേരത്തെ തന്നെ പഠനം തുടങ്ങിയിരുന്നു.

 ഉറക്കമരുന്നുകൾ താത്ക്കാലിക സമ്മാനമായി നൽകിയ മയക്കശാന്തത ആർ സി സി യിലെ വാർഡിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ വേദന തിങ്ങി വീർത്തുരുണ്ട വയറു തടവി പീലിപ്പോസ്‌ കരഞ്ഞു.

"മോനേ ഇവിടിങ്ങനെ കിടക്കുമ്പോൾ, എനിക്ക്‌ കാണാം, മഴുവും തോളിൽ വെച്ച്‌ വീണ്ടും ആളുകൾ വരിവരിയായി കയറിപ്പോകുന്നു. കാട്ടിനുള്ളിൽ നിന്നു വൻമരങ്ങൾ തലതല്ലി മറിഞ്ഞുവീഴുന്നു. ഞാൻ ഉച്ചത്തിലൊന്നു നിലവിളിക്കട്ടേ?"

കുമ്പസാരത്തിന്റെ ആ രാത്രി പീലിപ്പോസ്‌ വെളുപ്പിച്ചില്ല. അപ്പന്റെ മരണവാർത്ത പറയാൻ വിളിച്ചപ്പോഴാണ്‌ ഷിബു പറയുന്നത്‌. "ഒരാഴ്ച കൂടി ബോഡി മോർച്ചറി വെക്കണേ. ഞാൻ നിർത്തിയങ്ങ്‌ പോരുവാ. നിതാഖാത്‌ (സ്വദേശിവത്കരണം) പിടികൂടി."

അപ്പോൾ പീലിപ്പോസിന്റെ ഭാര്യ റാഹേൽ നെഞ്ചത്തടിച്ചുകൊണ്ട്‌ ചോദിച്ചു.

"എടാ നിങ്ങളു രണ്ടുപേരും വിറ്റേച്ച്‌ പോവാണെങ്കിൽ പിന്നെ അപ്പനെ മാത്രം എന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക്‌ ഇട്ടേക്കുന്നേ? ഒന്നുകിൽ അപ്പനെ കൂടി കൊണ്ടുപോ. അവിടെങ്ങാനും അടക്കാം. അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ പിള്ളാർക്കെങ്ങാനും പഠിക്കാൻ കൊടുക്ക്‌."

പട്ടണമായി വളർന്നുകൊണ്ടിരിക്കുന്ന ചരൽക്കല്ലുമൂഴി നിരപ്പിലേക്ക്‌ അന്നു വൈകിട്ട്‌ ഷൈജു പോകാനൊരുങ്ങിയത്‌ അടുത്ത ചില സുഹൃത്തുക്കളെ കാണാനാണ്‌. എന്നാൽ അതിനു മുമ്പേ റാഹേലമ്മയിൽ നിന്ന് വിവരം ചോർന്നു കിട്ടിയ അവർ വലിയൊരു കൂട്ടം ആളുകളുമായി ഷൈജുവിന്റെ വീട്ടിലേക്ക്‌ നടപ്പു തുടങ്ങിയിരുന്നു. വഴിമദ്ധ്യേ കണ്ടുമുട്ടിയപ്പോൾ അവരുടെ നേതാവ്‌ പറഞ്ഞു.

"എടാ ഷൈജു, നീയാ വെള്ളമങ്ങ്‌ വാങ്ങി വെച്ചേര്‌. നേരത്തെയെങ്ങാനുമായിരുന്നെങ്കിൽ ഞങ്ങളൊന്നും പറയത്തില്ലായിരുന്നു. പക്ഷേ, ഇപ്പഴിനി സമ്മതിക്കുന്ന പ്രശ്നമില്ല. ഗാഡ്ഗിലെന്നും പറഞ്ഞൊരു എന്തിരവൻ നമ്മളെയെല്ലാം അങ്ങ്‌ ഒലത്തിക്കളേമെന്നും പറഞ്ഞ്‌ എറങ്ങീട്ടൊണ്ട്‌. കുടെയേറ്റക്കാരാണു പോലും പശ്ചിമഘട്ടം മുടിച്ചത്‌. അവനും അവന്റെ മറ്റവന്മാരും കൂടിയിങ്ങ്‌ വരട്ട്‌. കാണിച്ചു കൊടുക്കുന്നുണ്ട്‌. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ പീലിപ്പോച്ചായനോ ഇല്ല. നിങ്ങൾ മക്കൾ കൂടി ഇവിടുന്നു പോയാൽ പിന്നെ എന്തോ പറഞ്ഞു നിൽക്കും."

അപ്പോൾ ഷൈജുവിന്റെ മനസ്‌ മറ്റൊരു യുദ്ധക്കളമായി. കാടിന്റേം അപ്പന്റേം ഉടലുകളെ എന്തു ചെയ്യും? സ്വന്തം വിയർപ്പു വീണു കുതിർന്ന ഈ പച്ചമണ്ണിലുറങ്ങാനാവില്ലേ അപ്പന്റെ അഭിലാഷം. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കാൻ തുടങ്ങിയ മണ്ണിൽ പൊരുതി നിൽക്കാനൊട്ടു വയ്യ താനും. ദൈവം അരൂപിയിലൂടെ തനിക്കു തരുന്ന കൽപനകൾക്കു വേണ്ടി ഷൈജു പ്രതീക്ഷയോടെ പ്രാർത്ഥനയിലേക്കു കടന്നു. 

O