Tuesday, 4 February 2014

മാക്കാച്ചിക്കാട

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നാഷണൽ ബുക് സ്റ്റാൾ വഴി ഉടൻ പ്രസിദ്ധീകരിക്കുന്ന ഭയങ്കരാമുടി എന്ന എന്റെ നോവലിൽ നിന്നുള്ള ഒരു അധ്യായം.
 ഈ ലക്കം കലാകൌമുദിയിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


29

മാക്കാച്ചിക്കാട


പത്രപ്രവർത്തകരുടെ  പരിസ്ഥിതി ക്യാംപിന് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ എത്തിയതാണ് ആസാദ്. ആദ്യത്തെ ദിവസം വൈകിട്ട് തട്ടേക്കാടിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഡോ. സുഗതന്റെ ാസ്. 1930ൽ ഡോ. സലിം അലി കണ്ടശേഷം കേരളത്തിലെ വനങ്ങളിൽ നിന്ന് അപ്രത്യക്ഷമായി എന്നു  കരുതപ്പെട്ടിരുന്ന മാക്കാച്ചിക്കാടയെ  പിന്നീട് കാണുന്നത് 1990ൽ  പക്ഷിനിരീക്ഷകൻ ഡോ. ആർ. സുഗതനാണ്. സലിം അലിയുടെ ശിഷ്യനായ സുഗതനും മാക്കാച്ചിക്കാടയെ  കണ്ടത് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ തന്നെ.
‘‘ കേരളത്തിലെ സന്പന്നമായ നിത്യഹരിത മഴക്കാടുകളിൽ തട്ടേക്കാട്ടു മാത്രം കാണുന്ന സിലോൺ ഫ്രോഗ്മൌത്ത് എന്ന മാക്കാച്ചിക്കാട  ലോകത്ത് പിന്നെയുള്ളത് ശ്രീലങ്കയിൽ കൂടി. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് തവളയുടെ മുഖമാണ്. മരങ്ങളുടെ ഇലച്ചാർത്ത് ഏറെയുള്ളതും അധികം ഉയരത്തിലല്ലാത്തതുമായ ശാഖകളിലോ മരത്തിൽ പടർന്നു വളരുന്ന ചെടികളിലോ കൂടുണ്ടാക്കുന്ന ഈ ഇനം പക്ഷികളിൽ  ഇണചേരാനുള്ള ആൺ കിളിയുടെ ക്ഷണം തവള കരയും പോലെ ‘ോക് ോക് ോക് ോക് ’എന്നു തന്നെ. ‘കൃഷ്്ഷ്്ഷ്്ഷ്്ഷ്്... ’എന്ന ശബ്ദവുമായി പെൺകിളികൾ പ്രതികരിക്കും. പകൽ ആണും രാത്രി പെണ്ണും അടയിരുന്നു മുട്ട വിരിയിക്കും.  ഉറക്കം  മരച്ചില്ലകളിൽ തലയുയർത്തിപ്പിടിച്ച‘ിരുന്ന്. ഇരിക്കുന്ന അന്തരീക്ഷത്തിന്റെ അഥവാ, ഇലകളുടെ നിറമായതിനാൽ മാക്കാച്ചിക്കാടയെ  കണ്ടെത്തുക  ദുഷ്കരം.  ’’
പെരിയാറിന്റെ കരയിൽ  മരച്ചില്ലകൾ പൊതിഞ്ഞു സൂക്ഷിക്കുന്ന ഡോർമിറ്ററിയിൽ  ഡോ. സുഗതന്റെ ാസ് കേട്ടിരിക്കുന്പോൾ  ആസാദിന് മാക്കാച്ചിക്കാടയോട് വല്ലാത്ത ഇഷ്ടം തോന്നി.    ഒപ്പം പങ്കെടുക്കുന്ന കൂട്ടുകാരി മൈമുനത്തിനെ താൻ വർഷങ്ങൾക്കു മുന്പേ മാക്കാച്ചി  എന്നു വിളിക്കുമായിരുന്നല്ലോ എന്ന് അവൻ ഒരു തമാശയോടെ ഒാർത്ത നിമിഷം തന്നെ മൈമുനത്ത് അവളുടെ പർദ്ദയിൽ നിന്നു പുറത്തേക്കു നീണ്ട് അവനൊരു നുള്ളു കൊടുത്തു. ഇതാണല്ലോ വേവ് ലെംഗ്ത് എന്ന് അപ്പോൾ ആസാദ് ചുമ്മാതെ ആലോചിച്ചു. രണ്ടുപേരുടെയും  കണ്ണുകൾ പുഞ്ചിരിപങ്കുവച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് ട്രക്കിങ്ങിനു പോവുകയായിരുന്നു 15 അംഗസംഘം. വഴികാട്ടി  വനംവകുപ്പിലെ വാച്ചർ  പോൾ. ഒാരോ  മരത്തെയും വള്ളിച്ചെടിയെയും തൊട്ടുഴിഞ്ഞ് പോൾ പരിചയപ്പെടുത്തി. ഇടയ്ക്കു കണ്ട പക്ഷികളെയും പറന്നു നിന്ന ശലഭങ്ങളെയും വലകെട്ടി  ഇരയെ  പ്രതീക്ഷിച്ചിരിക്കുന്ന ചിലന്തികളെയും അയാൾ  ഇനം പറഞ്ഞു വിവരിച്ചു.  രണ്ടര കിലോമീറ്ററോളം നടന്നു കഴിഞ്ഞപ്പോൾ പെട്ടെന്നു പോൾ വായ്ക്കു മുന്നിൽ വിരൽ വച്ച് ‘ശ് ’എന്ന് അടയാളം കാട്ടി.  ആസാദിനും മൈമുനത്തിനുമൊപ്പം   മുൻനിരയിലെ നാലഞ്ചുപേർ പെട്ടെന്ന് നിശബ്ദരായപ്പോൾ ‘‘ ഇവിടത്തന്നെ നിൽക്കണേ ’’ എന്നു പറഞ്ഞ്  പോൾ വേഗം നടപ്പാതയിൽ നിന്ന് കാട്ടിലേക്കു കയറി കുറ്റിക്കാട്  വകഞ്ഞ്  ഉള്ളിലേക്കു പോയി.. പിന്നിൽ പറഞ്ഞുപേക്ഷിച്ച  വർത്തമാനങ്ങൾ ആസാദിന്റെ ചെവിയിലേക്ക് ഇരച്ച‘ു. അപ്പോഴാണ് എത്ര വലിയ ശബ്ദത്തിൽ സംസാരിച്ചുകൊണ്ടാണ്   അത്രയും നേരം എല്ലാവരും നടന്നതെന്ന് അയാൾ ചിന്തിച്ചത്.  ഇതൊന്നുമറിയാതെ രൂപയുടെ വിലയിടിവിനെക്കുറിച്ചും സൌരോർജ കന്പനിക്കാർ നടത്തിയ തട്ടിപ്പിനെക്കുറിച്ചുമൊക്കെ   തർക്കിച്ചുകൊണ്ടു പിന്നിൽ നടന്നവരെ   നിശബ്ദരാക്കാൻ കുറച്ചു  സമയം കൂടി എടുത്തു. പൂർണനിശബ്ദത സൃഷ്ടിക്കാൻ ആസാദിനും അടയാളബഹളങ്ങൾ കാണിക്കേണ്ടി വന്നു.
മൌനത്തിൽ നിറഞ്ഞ സംഘം ആകാംക്ഷയോടെ  നിൽക്കുന്പോൾ കുറ്റിക്കാട്ടിൽ നിന്ന് പോളിന്റെ നിലവിളി കേട്ടു. എല്ലാവരും പേടിച്ചു. മൈമുനത്ത് തലയിൽ കൈവച്ചു.
‘‘ അള്ളാ, അയാക്കെന്തു പറ്റി? ’’
പോളിന്റെ നിലവിളി കേട്ടിടത്തേക്ക് ആസാദ്  ഒാടി. മൈമുനത്തും വേറെ രണ്ടു പേരും പിന്നാലെ വച്ചു പിടിച്ചു.
ആസാദ് ചെല്ലുന്പോൾ  മുറിവേറ്റ് അവശയായ ഒരു കിളിയെ പോൾ കയ്യിൽ എടുത്തു പിടിച്ചു നിൽക്കുന്നു.
‘‘ മഹാപാപികൾ. ആരാ ഈ പണി പറ്റിച്ചത്. ’’ പോളിന്റെ കണ്ണിൽ നിന്നു കണ്ണീരുതിരുന്നുണ്ടായിരുന്നു.
‘‘  എന്തു പറ്റി? ’’ആസാദ് ശബ്ദമുയർത്തി.
‘‘അതേയ്, ഇവിടെ മാക്കാച്ചിക്കാടയുടെ  ഒരു കൂട് ഉണ്ടായിരുന്നു. ട്രക്കിങ്ങിനു വരുന്നവരെ ഞങ്ങൾ സ്ഥിരം ഇവിടേക്കാ  കൊണ്ടു വരുന്നത്. കുറച്ചു  നാളായി ഇവിടെ കൂടു വച്ചിട്ട്.  ദേ ഇപ്പോൾ കൂടുമില്ല.പക്ഷീമില്ല.  ഈ കുഞ്ഞുമാത്രമുണ്ട് താഴെക്കിടക്കുന്നു. ആരോ വന്നു തള്ളേം തന്തേം  എടുത്തു കൊണ്ടു പോയതാവാം.’’
‘‘ അതെങ്ങനാ, കൂട്ടീന്ന് എടുത്തോണ്ടു പോവുക.  ’’
‘‘ ആർക്കറിയാം. എന്തായാലും  കുഞ്ഞിനു പരുക്കുണ്ട്. ’’
ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ പോളിന്റെ കയ്യിൽ നിന്ന് ആസാദ്  കിളിക്കുഞ്ഞിനെ വാങ്ങി. എന്നിട്ട് നടന്നു വന്ന വഴിയെ  അതിനെയും കൊണ്ട്  ഒാടി. ‘‘ എന്നതാ  സാറേ  ഈ കാണിക്കുന്നത് ’’ എന്നു പറഞ്ഞ് പോൾ പിന്നാലെ. ഒാട്ടത്തിനിടയിൽ തന്നെ ആസാദ് മൊബൈലിൽ റേഞ്ച് ഒാഫിസറെ വിളിക്കുന്നുണ്ടായിരുന്നു. ഒരു പാട് ഒാടണ്ടി വന്നില്ല. അതിനു മുന്പ് റേഞ്ച് ഒാഫിസറുടെ ജീപ്പ് ഇരച്ച‘ുവന്നു നിന്നു.  കാടക്കുഞ്ഞുമായി ജീപ്പ്  നേരെ  പക്ഷി ഡോക്ടറുടെ അടുക്കലേക്ക്. ഡോക്ടർ കാടയെ  പരിചരിക്കുന്പോൾ ആസാദിനു ശ്വാസം മുട്ടൽ തുടങ്ങി. കാട്ടിലൂടെ വെപ്രാളപ്പെട്ട്  വളരെ ദൂരം ഒാടിയപ്പോൾ ഉറ്റമിത്രമായ ആസ്മ പ്രതികരിച്ചതാണ്.  ആസാദുമായി  മനുഷ്യരുടെ ഡോക്ടറുടെ അടുത്തേക്കു ജീപ്പോടിക്കുകയായി പിന്നെ  റേഞ്ച് ഒാഫിസർ.ഡ്രൈവിങ്ങിനിടെ അദ്ദേഹം പറഞ്ഞു.
‘‘ഇതിപ്പോൾ രണ്ടു മൂന്നു തവണയായല്ലോ. മാക്കാച്ച‘ിക്കാടകളെ കാണാതാവുന്നത്. ആരായിരിക്കാം ഇതിനു പിന്നിൽ? ’’
ദിവസങ്ങൾക്കു ശേഷം നക്ഷത്ര ആമകളെയും  വെള്ളിമൂങ്ങകളെയും  മാക്കാച്ചിക്കാടകളെയും നെടുന്പാശേരി വിമാനത്താവളത്തിലൂടെ വിദേശത്തേക്കു കടത്തിക്കൊണ്ടു പോകാൻ വന്ന  നാലുപേരെ   പൊലീസ് അറസ്റ്റ് ചെയ്തു. അവരിൽ നിന്നു പിടിെ‘ച്ചടുത്ത  ജീവികളെ മഹസർ തയാറാക്കിയ ശേഷം വനം വകുപ്പിനു കൈമാറി. ഈ വന്യജീവിക്കള്ളക്കടത്തുകാർക്ക് രാജ്യാന്തര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലിൽ തെളിയുകയും കേസ് തീവ്രവാദ കേസുകളന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറുകയും ചെയ്തു.
കാടയുടെ ദുരന്തം ആഴ്ചപ്പതിപ്പിൽ എഴുതുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ആസാദ് ആ വിഷയം മൈമുനത്തിനോടു പോലും സംസാരിക്കാതെയായി. തട്ടേക്കാട് ശിൽപ്പശാലയെക്കുറിച്ചും  മാക്കാച്ചിക്കാടക്കടത്തിനെയും പറ്റി  അന്നത്തെ ക്യാംപിൽ പങ്കെടുത്ത മറ്റു പത്രപ്രവർത്തകരെല്ലാം അവരവരുടെ പ്രസിദ്ധീകരണങ്ങളിൽ വിശദമായി എഴുതിയെങ്കിലും ആസാദിന്റെ വാരികയിൽ അതെക്കുറിച്ച്  ഒരക്ഷരം പ്രസിദ്ധീകരിച്ചില്ല. സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന മാസിക കാടദുരന്തത്തെക്കുറിച്ച്  മൌനമവലംബിച്ചപ്പോൾ  പഴയകാല വായനക്കാർ കാരണമന്വേഷിച്ചു  കത്തെഴുതിയെങ്കിലും  തമസ്കരിക്കപ്പെട്ടു.
ഇതെക്കുറിച്ചു ചോദിച്ച  മൈമുനത്തിനോട് ആസാദ് ദേഷ്യപ്പെട്ടു. ‘‘ നീ വേണ്ടാത്തതൊന്നും തിരക്കണ്ട. എനിക്കു സൌകര്യമില്ല എഴുതാൻ. എന്താ പോരേ? ’’
മൈമുനത്തിനു ദേഷ്യം വന്നു.
‘‘ ഇതെന്തു കൂത്താ. നിനക്ക് എഴുതാൻ വയ്യെങ്കി വേണ്ട. അതിനു ഞാനെന്തു വേണം. എന്തിനാ എന്നോടു ചൂടാവുന്നേ? ’’
ആസാദിന് അബദ്ധം മനസിലായി. ‘‘ഏയ് ഞാൻ ദേഷ്യപ്പെട്ടത് നിന്നോടല്ല.നമ്മുടെ വാരിക എന്തോ അപരാധം കാണിച്ചൂന്നു  പറഞ്ഞു കത്തെഴുതുന്നവൻമാരോടുള്ള ദേഷ്യം തീർത്തൂന്നു മാത്രം. നീയങ്ങു ക്ഷമിക്ക്.’’
ആസാദിൽ ദേഷ്യം പിറവിയെടുത്തത് ഭയം അവന്റെ ഉപബോധവുമായി ഇണ ചേർന്നതുകൊണ്ടാണ്.  മനസിന്റെ ഗർഭത്തിലൊളിപ്പിച്ച‘ിരിക്കുന്ന ചില രഹസ്യഭ്രൂണങ്ങൾ  പുറത്തു ചാടുമോ  എന്ന ഭയം.അവ ആഴ്ചപ്പതിപ്പിന്റെ നടത്തിപ്പുകാരോ മൈമുനത്ത് തന്നെയുമോ കണ്ടേക്കുമോ  എന്ന ഭയം. ഈ അധ്യായം ഞാനിങ്ങനെ അവസാനിപ്പിക്കട്ടെ: ഭയം ഉത്കണ്ഠയെ മാത്രമല്ല ദേഷ്യത്തെയും പ്രസവിക്കും.

1 comment:

  1. ഭയം ദേഷ്യത്തെ ഉല്‍പ്പാദിപ്പിക്കും!

    ReplyDelete