Saturday 28 December 2013

ആത്മഗതം



വിസ്മയങ്ങൾ നമ്മെ തേടി വരുന്നത് തികച്ചും അവിചാരിതമായിട്ടായിരിക്കും. അതുകൊണ്ടാണല്ലോ വിസ്മയം എന്നു വിളിക്കുന്നത്.അത്തരത്തിലൊരു വിസ്മയത്തിന്റെ പുറത്താണ് ഇന്ന് ഈ രവിവാരപുലരിയിൽ ഞാൻ. അരുൺ ആർഷ എന്ന അതിപ്രശസ്തനല്ലാത്ത എഴുത്തുകാരന്റെ 'ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി' എന്ന നോവലാണ് ഈ വിസ്മയം സമ്മാനിച്ചത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം  അരുൺ  ഈ പുസ്തകം അയക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ഓരോ വാചകത്തിലും ജിജ്ഞാസയുടെ കാന്തമുനകൾ ഉറപ്പിച്ച ഒരു മനോഹരരചനയായിരിക്കും എന്ന്. ഹിറ്റ്ലറുടെ ജൂതവേട്ടയുടെ നാളുകളിൽ ഇരകളുടെ പ്രതിനിധിയായി, അതിശക്തമായി ചെറുത്തുനിന്ന ഒരു ജൂതപോരാളിയുടെ സംഘർഷനിർഭരമായ ജീവിതത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് അരുൺ. നോവലിന്റെ സമസ്തഭംഗികളോടെയും നമുക്കിതു വായിക്കാം. വായന തുടങ്ങിയാൽ പൂർത്തിയാക്കാതെ പുസ്തകം താഴെ വയ്ക്കാൻ കഴിയാത്ത അനുഭവം.ഇതിനു മുമ്പ്‌ ഈ അനുഭവമുണ്ടായത് ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' വായിച്ചപ്പോഴാണ്. ഓഷ്‌വിറ്റ്സ് വായന പൂർത്തിയാക്കുമ്പോൾ മറ്റൊരു വൈരുദ്ധ്യം നമ്മെ വിസ്മയിപ്പിക്കും. ഒരു കാലത്തെ ഇരകളെ മറ്റൊരു കാലത്തെ വേട്ടക്കാരാക്കുന്ന ചരിത്രത്തിന്റെ ക്രൂരവിനോദമാണത്. ഹിറ്റ്ലറുടെ കാലത്ത് രാക്ഷസീയമായി പീഡിപ്പിക്കപ്പെട്ട, കോൺസൺട്രേഷൻ ക്യാംപുകളിലെ ഗ്യാസ് ചേംബറുകളിൽ ജീവനപഹരിക്കപ്പെട്ട ഒരു കോടിയിലധികം ജൂതരുടെ പിൻഗാമികളാണ് ഇന്ന് ഹിറ്റ്ലറെ ലജ്ജിപ്പിക്കുംവിധം പലസ്തീനിൽ മനുഷ്യവേട്ട നടത്തുന്നത്.അന്നത്തെ ഇരകൾ ഇന്നു വേട്ടക്കാരാവുന്നു.ചരിത്രം നാണിക്കട്ടെ.

അരുണിന്റെ നോവൽ വായിച്ചുതീരുമ്പോൾ എന്റെ മുന്നിലൂടെ 2013 ഉം എരിഞ്ഞുതീരുകയാണ്. വായനയുടെയും എഴുത്തിന്റെയും കാര്യത്തിൽ സന്തോഷം തന്ന വർഷമാണ്. ചെന്താമരക്കൊക്ക എന്ന മൂന്നാമത്തെ സമാഹാരത്തിനു ശേഷം ഏതാനും  കഥകളും ഒരു നോവലും പൂർത്തിയാക്കാൻ എന്റെയൊപ്പം നിന്ന വർഷമാണ് 2013. നോവൽ, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലൂടെ അടുത്ത വർഷമാദ്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. അടുത്ത സമാഹാരവും വൈകാതെയുണ്ടാകും.

യോസയുടെ 'ഫീസ്റ്റ് ഓഫ് ദ ഗോട്ട്' മേശപ്പുറത്തിരുന്ന്  മൌനമായും പാമുക്കിന്റെ 'മ്യൂസിയം ഓഫ് ഇന്നസെൻസ്' അർത്ഥഗർഭമായും എന്നോടു സംസാരിച്ച വർഷമാണ് 2013. ഒ. ഹെൻറി പല തവണ  പുനർവായനയിൽ കുടുക്കി. സുസ്മേഷ് ചന്ത്രോത്തിന്റെ 'പേപ്പർ ലോഡ്ജും' കെ.ആർ.മീരയുടെ 'ആരാച്ചാരും' രാജീവ് ശിവശങ്കറിന്റെ 'തമോവേദവും' പൂർത്തിയാക്കി. ഇ.സന്തോഷ്കുമാറിന്റെ 'അന്ധകാരനഴിയും' യു.കെ.കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപ'വും വായിക്കാനെടുത്തു വച്ച സമയത്താണ്  അപ്രതീക്ഷിതമായി ഓഷ്‌വിറ്റ്സിലെ പോരാളി വന്ന് ഞെട്ടിച്ചിരിക്കുന്നത്.

അതിപ്രശസ്തരല്ലാത്തവരുടെ രചനകൾ സന്തോഷം പകർന്ന 2013 ലെ മറ്റു ചില അനുഭവങ്ങളും ഉണ്ട്. സിയാഫ് അബ്ദുൽ ഖാദറിന്റെ 'ആപ്പിൾ', കെ.ആർ മനോരാജിന്റെ 'ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക', സുരേഷ് വർമയുടെ 'ഗാന്ധി ചിക്കൻസ്', എന്നീ കഥാസമാഹാരങ്ങളും  ഇടക്കുളങ്ങര ഗോപന്റെ 'കൊല്ലിസൈക്കിൾ' എന്ന കവിതാ സമാഹാരവും അക്കൂട്ടത്തിൽ പെടുന്നു. ഒറ്റക്കഥകളിലൂടെ ജി.നിധീഷ് (ടാക്കീസും ടിപ്പണിയും), ഹർഷ മോഹൻ (മുയൽച്ചെവിയൻ കുഞ്ഞുങ്ങളുടെ അമ്മ), ലാസർ ഷൈൻ (സാർറിയലിസം), അബിൻ ജോസഫ് (താജ്മഹൽ പണിയാനുള്ള എളുപ്പവഴികൾ), അമൽ (ക്ഷീരധാരകള്‌) തുടങ്ങിയവരും വിസ്മയങ്ങൾ തന്നു.

മനോഹരമായി കവിതയും കഥയും നോവലും ഒക്കെ എഴുതി 2013 ന്റെ ആകാശത്ത് നക്ഷത്രങ്ങളായ വേറെയും മലയാളികൾ ഉണ്ടാവുമെന്നുറപ്പ്. എന്റെ ഹ്രസ്വമായ  വായനാലോകത്തിലൂടെ  കടന്നുവന്ന് മന്ദമാരുതനും കൊടുങ്കാറ്റുമൊക്കെയുയർത്തിയവരെ മാത്രമാണ് പരാമർശിച്ചത്. 2013നു നന്ദി. ഇത്രയേറെ പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തി തന്നതിന്. പ്രശസ്തർക്ക് പ്രശംസ ആവശ്യമില്ലാത്തിനാൽ എഴുത്തിലൂടെ വിസ്മയിപ്പിച്ച അതിപ്രശസ്തരല്ലാത്ത  എല്ലാ എഴുത്തുകാർക്കും ആദരവിന്റെ രവിവാരാംശസകൾ.

O

7 comments:

  1. കൊല്ലിസൈക്കിൾ ചവിട്ടി നാട്ടുകാഴ്ചകൾ കണ്ടല്ലൊ; അതുമാത്രം മതി ധന്യനായി . നന്ദി തംബുരാൻ.



    കൊല്ലിസൈക്കിൾ ചവിട്ടി നാട്ടുകാഴ്ചകൾ കണ്ടല്ലൊ; അതുമാത്രം മതി ധന്യനായി . നന്ദി തംബുരാൻ.


    ReplyDelete
  2. അതെ.. ഒഷ്വിറ്റ്സ് മികച്ച രചന തന്നെ..

    ReplyDelete
  3. ഓഷ്വിറ്റ്സ് നല്ല നോവലാണ്.പ്രതിഭയുള്ള ഒരെഴുത്തുകാരനെക്കൂടി മലയാളത്തിന് ലഭിക്കുന്നു.പരിചയപ്പെടുത്തൽ നന്നായി

    ReplyDelete
  4. വളരെയധികം സന്തോഷം ..ചുവന്ന പോരാളിയെ ഒന്ന് വായിക്കണം .

    ReplyDelete