Thursday 2 January 2014

മലയാള കഥയിലെ മുന്നേറ്റം

An interview by Dr. R. Bhadran published in Kumkumam Monthly in December 2012 issue

ഡോ. ആർ. ഭദ്രൻ/ രവിവർമ തമ്പുരാൻ

പത്രപ്രവർത്തകനായ രവിവർമ തമ്പുരാൻ മലയാള ചെറുകഥയിൽ പുതിയ ദിശാസൂചികൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധേയമായ ചില കഥകളാണ് ഈ സ്ഥാനാരോഹണത്തിലേക്കു വർമയെ നയിച്ചത്. മകൾ, കെ.ബി.നിള, ഡോണാപോള, സന്തുഷ്ടകുടുംബം, മലപ്പാമ്പൻ, ഹോചിമിൻ തുടങ്ങി ഒരു ഡസനിലധികം കഥകളിലൂടെയാണ് ഈ മുന്നേറ്റം കഥാകൃത്ത് നടത്തിയിരിക്കുന്നത്. കഥയെഴുത്തുവഴിയുടെ നാനാപ്രകാരമുള്ള വൈവിധ്യത്തിന്റെ ജൈത്രയാത്ര കൂടിയാണത്. നമുക്കു ചുറ്റുമുള്ള  യാഥാർഥ്യങ്ങളിൽ നിന്നും ചെറുകഥയുടെ ശിൽപ്പവും ജീവിതവും കണ്ടെത്തുകയായിരുന്നു ഈ കഥാകൃത്ത്. രാഷ്ട്രീയം, പ്രണയം, ലൈംഗികത, ദാമ്പത്യം, പരിസ്ഥിതി, പാർശ്വവത്കരണം തുടങ്ങിയ വിഷയങ്ങൾ നവമായ ആഖ്യാനശിൽപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട്  മലയാളത്തിനായി നേടുകയാണ് വർമ. നമ്മുടെ പൊതുധാരാ വാരികകളിലൂടെയും തുരങ്കത്തിനുള്ളിലെ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക എന്നീ ചെറുകഥാ സമാഹാരങ്ങളിലൂടെയും ആണ് രവിവർമ കഥയുടെ മുന്നേറ്റങ്ങൾക്ക് അരങ്ങൊരുക്കിയത്. പുനത്തിൽ കുഞ്ഞബ്ദുള്ള, ബന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദീൻ പൊയ്ത്തുംകടവ്, ഇന്ദുമേനോൻ, കെ. ആർ. മീര, സുസ്മേഷ് ചന്ത്രോത്ത്, ബി. മുരളി തുടങ്ങി മലയാളത്തിലെ മികച്ച‘ എഴുത്തുകാർ തന്നെ ഇതിന് അടിവരയിടുകയും ചെയ്തു കഴിഞ്ഞു. നവതരംഗങ്ങളെ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുന്ന മലയാള നിരൂപണകലയെ അതിവർത്തിച്ചു കൊണ്ടാണ് ഈ എഴുത്തുകാരൻ പോരാടിവിജയിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

മനുഷ്യാനുഭവങ്ങളുടെ വൈയാകരണനായ രവിവർമയിൽ നിന്ന് മലയാള കഥയ്ക്ക് എണ്ണംപറഞ്ഞ കഥകൾ ഇനിയും ലഭിക്കും എന്നതിന് എഴുതിക്കഴിഞ്ഞ കഥകൾ തന്നെ ഉദാഹരണമാണ്.മൂന്നു കഥാസമാഹാരങ്ങളിലൂടെ മലയാള കഥാപ്രപഞ്ചത്തിൽ അടയാളപ്പെട്ടു കഴിഞ്ഞ വർമയെ അദ്ദേഹത്തിന്റെ കഥാലോകത്തുവച്ചുതന്നെ അഭിമുഖീകരിക്കുകയാണിവിടെ. ഈ പരീക്ഷയിൽ രാഷ്ട്രീയ, സാഹിത്യ, സാമൂഹിക പ്രാധാന്യമുള്ള ഒരുപാടു വെളിപ്പെടുത്തലുകൾ മലയാള സാംസ്കാരികലോകത്തേക്ക് സഞ്ചരിക്കുന്നു. തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാളത്തിന്റെ സാമൂഹികജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തുകയും രാഷ്ട്രീയമായി വായിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്ന എഴുത്തുകാർക്കൊപ്പമാണ് രവിവർമ തമ്പുരാനും.  അദ്ദേഹത്തിന്റെ  കഥാലോകം നമുക്കു നേർക്കുനേർ വരുന്നു.

 ചോദ്യം: കഥയെഴുത്തിന്റെ രണ്ടാം വരവിലെ എട്ടുവർഷത്തിനിടയിൽ  വർമയുടേതായി മൂന്നു സമാഹാരങ്ങളും 27 കഥകളുമാണുള്ളത്. കഥയെഴുതാൻ ഇത്രയധികം സമയമെടുക്കുന്നത് ശരിക്കും ഒരു ബലഹീനതയല്ലേ?

ഉത്തരം: അങ്ങനെ വിചാരിച്ചാലും വിരോധമില്ല. ഒാരോ കഥയെഴുതാൻ തുടങ്ങുമ്പോഴും ആശങ്ക, ആ  കഥ മറ്റെവിടെയെങ്കിലും എഴുതപ്പെട്ട കഥയുമായി സാമ്യമുള്ളതായിരിക്കുമോ എന്നതാണ്. മറ്റുള്ളവരുടെ കഥയുമായി മാത്രമല്ല എന്റെ തന്നെ മുൻകഥകളുമായി ഒരു സാമ്യവും ഒരു കഥയ്ക്കും ഉണ്ടാകരുതേ എന്നൊരു ജാഗ്രത എപ്പോഴുമുണ്ട്. ഒരു കഥ വായിക്കുമ്പോൾ ഓ, ഇത്  മറ്റേതുപോലുണ്ടല്ലോ എന്ന്   വായനക്കാരനു തോന്നിയാൽ എഴുത്തുകാരൻ പരാജയപ്പെട്ടുവെന്നാണർഥം. ഒരു പുതിയ കഥ എഴുതണമെങ്കിൽ എനിക്ക് എന്റെ തന്നെ മുൻ കഥകൾ മറക്കേണ്ടതുണ്ട്.

ചോദ്യം: ‘‘എഴുത്ത് എന്നും എനിക്ക് മാനസികപീഡനമാണ്. എഴുത്തിനു മുമ്പും പിമ്പും ഈ അവസ്ഥയാണ്. കഥയെഴുതി ഉടനെ പ്രസിദ്ധീകരണത്തിനയയ്ക്കുന്ന ശീലം ഇല്ലായിരുന്നു. എഴുതിക്കഴിഞ്ഞാലും  വീണ്ടും വായിച്ച് വെട്ടിത്തിരുത്തി പകർപ്പെടുക്കാൻ ചിലപ്പോൾ രണ്ടു മൂന്നു മാസമൊക്കെ വേണ്ടി വരാറുണ്ട്.’’ തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്ന കഥയെക്കുറിച്ച് എം. സുകുമാരൻ ഇങ്ങനെ എഴുതുകയുണ്ടായി.താങ്കളുടെ കഥാരചനാരീതിയെയും പുതുക്കിപ്പണിതെടുക്കലിനെയും കുറിച്ച്......

ഉത്തരം: എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ആണ് എം. സുകുമാരൻ. സുഭാഷ്ചന്ദ്രൻ ഉൾപ്പെടെ യുവതലമുറയിലെ ചില എഴുത്തുകാരും ഈ രീതി പിന്തുടരുന്നുണ്ട്. കഥകളിൽ മേദസ് ഉണ്ടാവാൻ പാടില്ല. അത് എന്റെ കഥയായാലും മറ്റുള്ളവരുടെ കഥയായാലും. മേദസ് ഉള്ള കഥകൾ വായിക്കുമ്പോൾ വ്യായാമം ചെയ്യാതെ ചുമ്മാതിരുന്നു തിന്ന് ശരീരം മുഴുവൻ മാംസം തൂങ്ങിനിൽക്കുന്ന പൊണ്ണത്തടിയന്മാരെയാണ് ഓർമ വരുക. അത്തരം കഥകൾ രണ്ടു ഖണ്ഡികയ്ക്കപ്പുറം വായിക്കാൻ കഴിയില്ല. മേദസ് ഉള്ള കഥകൾ എല്ലാവരാലും പരിത്യജിക്കപ്പെടും.  മനസിൽ ഒരു കഥാബീജത്തിനു മുളപൊട്ടിയാൽ അടാപിടീന്ന് അതങ്ങ് എഴുതാൻ കഴിയില്ല. മനസിൽ മുളച്ച ബീജവുമായി അങ്ങനെ നടക്കും. ഒരുമാസമോ രണ്ടു മാസമോ ഒക്കെ. ഒരു വർഷം വരെ കൊണ്ടു നടന്ന പ്രമേയങ്ങളുമുണ്ട്. മനസിൽ കിടന്നു പരുവപ്പെട്ട് എഴുതാറായി എന്നു തോന്നിയാൽ കംപ്യൂട്ടറിൽ പുതിയൊരു ഫയൽ തുറന്ന് എഴുത്തു തുടങ്ങും. ഒറ്റയടിക്ക് ഒരു കഥ എഴുതിപ്പൂർത്തിയാക്കാൻ എനിക്കു പറ്റില്ല. ആദ്യ കരട് പൂർത്തിയാക്കാൻ തന്നെ പല ദിവസമായി പല പ്രാവശ്യം ഇരിക്കും. ആദ്യകരട് തയാറായാൽ പിന്നെ മാറ്റി എഴുത്താണ്. മുപ്പതും നാൽപ്പതും തവണ വരെ മാറ്റി എഴുതാറുണ്ട്. ഇങ്ങനെ പലവട്ടം മാറ്റി എഴുതിക്കഴിയുമ്പോഴാണ് തൃപ്തിയാവുക. ഒരു കഥ എഴുതി തൃപ്തിവന്നാൽ,  ഏറ്റവും അടുത്തമൂന്നോ നാലോ  സുഹൃത്തുക്കൾക്ക്  ഇ മെയിൽ ആയി അയച്ചുകൊടുക്കും. അവർ പറയുന്ന അഭിപ്രായം  കൂടി മനസിൽ വച്ചുകൊണ്ടുള്ള മാറ്റി എഴുത്താണ് പിന്നെ. രണ്ടാം ഘട്ടം മാറ്റി എഴുത്തും പല തവണ സംഭവിക്കാറുണ്ട്. എന്റെ കഥ അതിന്റെ പൂർണത നേടുന്നത് മാറ്റി എഴുത്തിലാണ്. ക്ഷീരബല  നൂറ്റൊന്ന് ആവർത്തിക്കുന്നതുപോലെ. ഒരു കഥ അന്തിമരൂപമെത്താൻ നാലും അഞ്ചും മാസം എടുക്കാറുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് എഴുതിയ കഥകൾ ഇല്ലെന്നല്ല. പക്ഷേ, അവ അച്ചടിച്ചു വരുമ്പോൾ നിരാശ തോന്നും. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നല്ലോ എന്നും.

ചോദ്യം: വർമയുടെ കഥകളുടെ ആദ്യവായനക്കാർ ആരാണ്. നേരത്തെ പറഞ്ഞല്ലോ, അഭിപ്രായം തേടി ചിലർക്ക് അയക്കാറുണ്ടെന്ന്.

ഉത്തരം: മിക്ക കഥകളും എന്റെ ഭാര്യയും മകനും ആണ് ആദ്യം വായിക്കുക. പക്ഷേ മാറ്റി എഴുതാനുള്ള അഭിപ്രായം തേടി അയയ്ക്കുന്നത് സുഹൃത്തുക്കൾക്കാണ്. കഥയെഴുത്തിന്റെ രണ്ടാം ഘട്ടത്തിലെ പല കാലങ്ങളിൽ പലരാണ് ആദ്യവായനക്കാരായിട്ടുളളത്. അവരിൽ പലരും മനോരമയിലെ സഹപ്രവർത്തകരുമാണ്. കെ.ആർ. മീര, കെ. ഹരികൃഷ്ണൻ, ബി. മുരളി, ടോണി ജോസ്, ജയൻ ശിവപുരം,  കെ. മോഹൻലാൽ, എം.കെ. വിനോദ്കുമാർ എന്നിവരൊക്കെയാണ് ആദ്യ സമയങ്ങളിൽ അഭിപ്രായം പറഞ്ഞു സഹായിച്ചത്. ഇപ്പോൾ, കുറെക്കാലമായി എന്റെ എഴുത്തിന് ശക്തിപകരുന്ന ആദ്യവായനക്കാർ മനോരമയുടെ ജയ്പൂർ ചീഫ് റിപ്പോർട്ടറും കഥാകൃത്തും കവിയുമൊക്കെയായ വി. ജയദേവ്, സമകാലിക മലയാളം വാരികയിലെ ഗിരീഷ് ജനാർദ്ദനൻ, ഗോത്രഭൂമി പത്രാധിപർ രാജേന്ദ്രപ്രസാദ്, കേളികൊട്ട് ബ്ലോഗ്‌ മാഗസിനിലെ ജി.നിധീഷ്, കവി ഇടക്കുളങ്ങര ഗോപൻ തുടങ്ങിയവരാണ്. താങ്കളും ചില കഥകളുടെ ആദ്യവായനക്കാരനായിട്ടുണ്ടല്ലോ. ചില പ്രത്യേക വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ ആ വിഷയത്തിൽ അവഗാഹമുള്ളവരെക്കൊണ്ടു കൂടി വായിപ്പിക്കാറുണ്ട്. ആ പേരുകൾ കൂടി പറഞ്ഞാൽ ലിസ്റ്റ് ഇനിയും നീളും. എന്തായാലും കഥയെഴുത്ത് തികച്ചും സ്വകാര്യമായ ഒരു ഏർപ്പാടാണെന്നു പറയാൻ എനിക്കു കഴിയില്ല.  സൗഹൃദങ്ങളുടെ പങ്കുവയ്പ്പും ആഘോഷവും ഒക്കെക്കൂടിയാണ് എനിക്കത്.

ചോദ്യം: വിവാദം സൃഷ്ടിച്ച കഥയാണ് ‘ഹോചിമിൻ’. താങ്കളുടെ ആദ്യ സമാഹാരമായ ‘തുരങ്കത്തിനുള്ളിൽ ജീവിതം’ പ്രകാശനം ചെയ്യാമെന്ന് സമ്മതിച്ചിരുന്ന അന്നത്തെ മന്ത്രി ജി. സുധാകരൻ അവസാന നിമിഷം പിന്മാറിയത് ഈ കഥ മൂലമാണെന്ന്  ഒരു സംസാരമുണ്ടായിരുന്നല്ലോ

ഉത്തരം: മന്ത്രിയാകുന്നതിനു വളരെ മുമ്പ്‌  എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു ജി. സുധാകരൻ. അതുകൊണ്ടു കൂടിയാണ്, അല്ലാതെ മന്ത്രിയെന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹത്തെ പ്രകാശനത്തിനു ക്ഷണിച്ചത്. ദേവസ്വം മന്ത്രിയായിരുന്ന അദ്ദേഹം പത്തനംതിട്ടയിൽ നടന്ന പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ വേണ്ടിത്തന്നെയാണ് ഒപ്പം ചേർത്തൊരു ശബരിമല സന്ദർശനവും കൂടി നിശ്ചയിച്ചത്. ശബരിമല കയറിയ അദ്ദേഹം തിരിച്ചിറങ്ങാൻ വൈകും എന്ന ന്യായം പറഞ്ഞ് തന്ത്രത്തിൽ പ്രകാശനച്ചടങ്ങിൽ നിന്നു മുങ്ങി. പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധകഥയുണ്ടെന്ന് തലേദിവസം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു. ദിവസങ്ങൾക്കു ശേഷം പത്തനംതിട്ടയിലെ ഒരു യുവസിപിഎം നേതാവ് എന്നെ നേരിട്ടുകണ്ട് മന്ത്രിയുടെ ഖേദം അറിയിക്കുകയുണ്ടായി. ‘ഹോചിമിൻ’ എന്ന കഥ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നു മന്ത്രിക്കു ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്നും മന്ത്രിയോടു പിണക്കം തോന്നരുതെന്നുമൊക്കെ ആ നേതാവ് പറഞ്ഞു. ഞാൻ ഒരൊറ്റകാര്യം മാത്രമേ പറഞ്ഞുള്ളൂ. മന്ത്രി വരാതിരുന്നതിൽ ഒരു തെറ്റുമില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ പ്രശ്നം ആണെന്നു പറഞ്ഞാൽ എനിക്കു മനസിലാകും. പക്ഷേ, ‘ഹോചിമിൻ’ എന്ന കഥയിൽ പറഞ്ഞിരിക്കുന്നതു സത്യമോ വ്യാജമോ എന്ന് അദ്ദേഹം വിയറ്റ്നാമിൽ തന്നെ ഒന്നു പോയി നോക്കുന്നത് നന്നായിരിക്കും. ഞാൻ വിയറ്റ്നാമിൽ പോകുകയും അവിടെ ചുറ്റിയടിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കണ്ട, ഞാൻ അനുഭവിച്ച വിയറ്റ്നാമാണ് ആ കഥയിൽ പകർത്തിയിരിക്കുന്നത്. അതിൽ പരാമർശിക്കുന്ന മുഖ്യ കഥാപാത്രം യഥാർഥത്തിൽ ഞാൻ നേരിട്ടു കണ്ടു സംസാരിച്ച ആളാണ്. അവിടത്തെ ഹോൻകിയെം തടാകക്കരയിൽ ഒരു വൈകുന്നേരം ഞാൻ കാറ്റുകൊണ്ടിരിക്കുമ്പോൾ ഏതാനും ഡോളറുകൾ തന്നു സഹായിക്കാമോ എന്നു ചോദിച്ചുകൊണ്ട് എന്നെ സമീപിച്ച ഒരു യുവാവാണ് അത്. അയാളോട് വിശദമായി സംസാരിച്ചു കിട്ടിയ വിവരങ്ങളാണ് കഥയിൽ ഉള്ളത്. പൂർണതയ്ക്കു വേണ്ടി കുറച്ചു വിയറ്റ്നാം ചരിത്രം കൂടി തപ്പിയെടുത്തു ചേർത്തു എന്നു മാത്രം. കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരം കിട്ടുമ്പോൾ എങ്ങനെ വഷളാകുന്നു എന്ന് ഞാൻ വിശദീകരിക്കുന്നത്, അത് എനിക്കു നേരിട്ടു ബോധ്യപ്പെടുന്നതുകൊണ്ടാണ്. അതു പറയുന്നതുകൊണ്ട് ഞാനോ എന്റെ കഥകളോ കമ്യൂണിസ്റ്റ് വിരുദ്ധം എന്ന പറയുന്നതു ശരിയല്ല. വിമർശനങ്ങളെ ഭയപ്പെടുന്നവർ എങ്ങനെ കമ്യൂണിസ്റ്റ് ആകും. സ്വന്തം ജീവിതത്തിൽ വെള്ളം ചേർക്കാത്ത, രാഷ്ട്രീയ ജീവിതത്തിൽ അൽപ്പം പോലും കറ പുരണ്ടിട്ടില്ലാത്ത ശുദ്ധ കമ്യൂണിസ്റ്റ് ആണ് ജി. സുധാകരൻ എന്ന അംഗീകരിച്ചുകൊണ്ട് പറയട്ടെ, അന്ന് അദ്ദേഹം കാണിച്ചത് മഹാമോശമായിപ്പോയി. കമ്യൂണിസ്റ്റ് മൌലികവാദത്തിന്റെ പിടിയിൽ അദ്ദേഹവും പെട്ടു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഒന്നു കൂടി പറയട്ടെ, കേരളത്തിന്റെ സാമൂഹികവും മതപരവും രാഷ്ട്രീയവുമായ ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ സിപിഎമ്മും കോൺഗ്രസും തുല്യശക്തികളായി നിൽക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതിൽ ഏതു പാർട്ടി ക്ഷീണിച്ചാലും കേരളം വിഷമിക്കും. ഈ രണ്ടു പാർട്ടികളും ക്ഷീണിച്ചതിന്റെ തിക്തഫലമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്.

ചോദ്യം: ‘‘തന്റെ അനുഭവമേഖലയ്ക്ക് മൊത്തത്തിൽ കഥാകാരൻ നൽകുന്ന അർഥാന്തരന്യാസമാണ് തുരങ്കത്തിനുള്ളിൽ ജീവിതം. യാഥാർഥ്യങ്ങൾ കഥയായി മാറുന്നതും കഥകൾ യാഥാർഥ്യമായി മാറുന്നതുമായ ഒരനുഭവരസം ഈ രചനകൾ നമുക്കു നൽകുന്നുണ്ട്.’’ മൂന്നാമത്തെ കഥാസമാഹാരത്തിന്റെ മികവിൽ തലയുയർത്തി നിൽക്കുമ്പോൾ ആദ്യകഥാസമാഹാരത്തെക്കുറിച്ച്  മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റ് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞ മേൽപ്പറഞ്ഞ നിരീക്ഷണത്തെ താങ്കൾ ഇപ്പോൾ എങ്ങനെ പുനരനുഭവിക്കുന്നു.?


ഉത്തരം: ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നന്മ കൊണ്ടാണ് ആദ്യ സമാഹാരത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്. ആ അഭിപ്രായത്തെ നന്ദിയോടെയും സ്നേഹത്തോടെയും  മാത്രമേ  എനിക്കോർക്കാൻ കഴിയൂ. ഡോക്ടറുടെ ഈ വാചകം അന്നും ഇന്നും എനിക്ക് ഒരു വിസ്മയമാണ്. കാരണം ആദ്യ സമാഹാരത്തിന് അവതാരിക എഴുതുമ്പോൾ എനിക്ക് ഡോക്ടരെ നേരിട്ട് പരിചയമില്ലായിരുന്നു. റയിൻബോ ബുക്സ് ഉടമയായിരുന്ന പരേതനായ രാജേഷ്കുമാർ ആണ് അവതാരിക എഴുതാൻ കഥകൾ ഡോക്ടർക്ക് അയച്ചുകൊടുത്തത്. അദ്ദേഹത്തെ വിളിച്ച് ഓരോ കഥയും ഞാൻ അനുഭവിച്ച ജീവിതത്തിന്റെ സ്പർശമുള്ളതാണെന്നു പറയണമെന്നു  വിചാരിച്ചെങ്കിലും  ചമ്മൽ കാരണം വിളിച്ചില്ല. പക്ഷേ, വളരെ കാച്ചിക്കുറുക്കി അദ്ദേഹം എഴുതിയ അവതാരികക്ക് ഒരു കടലിന്റെ ആഴവും ഒരു താമരപ്പൊയ്കയുടെ സൗന്ദര്യവും ഉണ്ടായിരുന്നു. എന്റെ എല്ലാ കഥകളും  ഞാനോ ഏറ്റവും അടുത്തവരോ അനുഭവിച്ചിട്ടുള്ളതാണ്. പൂർണമായും ഭാവന ചെയ്ത് ഒരു കഥയും ഞാൻ എഴുതിയിട്ടില്ല. ആത്മാംശം ചിലതിൽ കൂടും, ചിലതിൽ കുറയും എന്നു മാത്രം. ആ സത്യമാണ് ഡോക്ടറുടെ ആ വാചകത്തിൽ അടക്കം ചെയ്തിട്ടുള്ളത്.ഡോ. പുനത്തിലിന് നൂറു നന്ദി.

ചോദ്യം: കഥയെഴുത്ത് താങ്കൾക്ക്  വാർത്തകളിൽ നിന്നുള്ള മോചനം ആണെന്ന ഡോ. പുനത്തിലിന്റെ നിരീക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു?

ഉത്തരം: ഡോക്ടറുടെ നിരീക്ഷണം ഭാഗികമായി ശരിയാണ്. വാർത്തയുടെയും കഥയുടെയും ലോകങ്ങൾ രണ്ടും രണ്ടാണ്. ഇവയെ പൊരുത്തപ്പെടുത്തിക്കൊണ്ടു പോവുക വലിയ പ്രയാസവും. കഥയിൽ മുന്നേറുമ്പോൾ പത്രപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിൽ മുന്നേറുമ്പോൾ കഥയിലും ക്ഷീണിക്കുക സ്വാഭാവികമാണ്. എങ്കിലും കഥയെഴുത്ത് എനിക്കു വലിയ ആശ്വാസമാണ്. ഈ ഇരട്ട ജീവിതത്തിനിടയിൽ ഏതെങ്കിലും ഒന്നിനെ തള്ളിപ്പറയാൻ ഞാൻ തയാറല്ല. കാരണം വാർത്തകളുടെ ലോകമാണ് എന്റെ ചോറ്. കഥയെഴുതി മാത്രം ഒരാൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ടാവോ ഫിലോസഫി പറയുന്നത് എക്സിസ്റ്റൻസ് ഈസ് ദ് മദർ എന്നാണ്. നിലനിൽപ്പാണ് പ്രധാനം. നിലനിന്നെങ്കിലേ കഥയും നോവലും കവിതയുമൊക്കെ എഴുതാനാവൂ. അതിനാൽ എന്നെ നിലനിർത്തുന്ന വാർത്താലോകത്തെ ആദരവോടെയേ  നോക്കിക്കാണാനാവൂ. അതിന്റെ അകംപൊരുളുകൾ എന്തു തന്നെയായാലും.

 ചോദ്യം: പുത്തൻ സാമ്പത്തിക നയങ്ങൾ നമ്മുടെ സംസ്കാരത്തെ  സെലിബ്രേറ്റിങ്  കൾച്ചർ ആക്കുന്നതിനെതിരെയും  പുതുകാലം ഉന്നയിക്കുന്ന ലൈംഗികവത്കരണത്തിനെതിരെയും പല കഥകൾ താങ്കൾ  എഴുതിയിട്ടുണ്ട്. ‘റിയാലിറ്റി ഷോ’, ‘ആക്രി’ തുടങ്ങിയ കഥകൾ ഓർമ വരുന്നു.

ഉത്തരം: പുത്തൻ സാമ്പത്തിക നയം, ആഗോളവത്കരണം എന്നിവ  കൊച്ചുകേരളത്തിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. ആഗോളവത്കരണത്തിന്റെയും വിവരസാങ്കേതിക വിസ്ഫോടനത്തിന്റെയുമൊക്കെ എണ്ണമില്ലാത്ത നേട്ടങ്ങളെയും സാധ്യതകളെയും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ആഗോളവത്കരണത്തിന്റെ ഫലമായുണ്ടായ ഭൗതിക പുരോഗതിയും സൗകര്യങ്ങളുടെ കുതിച്ചുചാട്ടവുമൊക്കെ മനുഷ്യരുടെ ബാഹ്യജീവിതത്തെ  വലിയൊരു പ്രദർശനനഗരിപോലെ വർണാഭമാക്കിയിട്ടുണ്ടെങ്കിലും  അത് മനുഷ്യമനസുകളുടെ വലുപ്പം വല്ലാതെ കുറച്ചുകളഞ്ഞു. അടിസ്ഥാനസൗകര്യ വികസനമെന്ന പേരിൽ എട്ടുവരിയോ പതിനാറുവരിയോ വീതി ഉള്ള ഹൈവേ നിർമിക്കുന്ന മനുഷ്യന്റെ ഉള്ളകത്തെ വഴി കൂടുതൽ മെലിഞ്ഞ കുണ്ടനിടവഴിയായിക്കൊണ്ടിരിക്കുന്നു. ആർത്തികളും ആസക്തികളും മൂല്യവിചാരങ്ങളെ തൂത്തെറിയുന്നു. പണമുണ്ടാക്കാൻ വേണ്ടി ഭീകരപ്രവർത്തകനോ ഭീകരപ്രവർത്തനത്തിനു ചൂട്ടുപിടിക്കുന്നവനോ ക്വൊട്ടേഷൻ ഗൂണ്ടയോ കൂട്ടിക്കൊടുപ്പുകാരനോ ഒക്കെയാകാൻ മലയാളിക്ക്  ഒരു മടിയുമില്ല. സ്ത്രീകൾക്കെതിരായ അതിക്രമം, മുതിർന്ന തലമുറയോടുള്ള അവഗണന, പരിസ്ഥിതി നശീകരണം ഇങ്ങനെ മലയാളി രാക്ഷസന്മാരാകുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ പറയാനുണ്ട്. ഇവയൊക്കെ ഒരു എഴുത്തുകാരനെ ഉത്ക്കണ്ഠാകുലനാക്കേണ്ടവ തന്നെയാണ്. എന്റെ കഥകളിലും ഇത്തരം പ്രശ്നങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. ‘റിയാലിറ്റി ഷോ’ എന്ന എന്റെ കഥ സ്ത്രീശരീരത്തെ   കൈമാറി ഉപയോഗിക്കുന്ന ചരക്കുവൽക്കരണത്തോടുള്ള പ്രതികരണമാണെങ്കിൽ ‘ആക്രി’ മുതിർന്ന തലമുറയെ അവഗണിക്കുന്നതിനോടുള്ള പ്രതിഷേധമാണ്.

ചോദ്യം: കാലത്തിന്റെ കൊടിയ തിന്മകൾക്കെതിരെ ജാഗ്രത്തായ ഒരു  മനസ് താങ്കൾക്കുണ്ട്. സത്യത്തിൽ പുതിയ സമ്പദ് വ്യവസ്ഥ നമ്മുടെ സമൂഹത്തിന്റെ വ്യാകരണങ്ങൾ തെറ്റിച്ചതിനെതിരെയുള്ള ജാഗ്രതയുമാണ് അത്. അതുകൊണ്ടാണല്ലോ ‘സംഭോഗം പോലും സ്പോൺസർ ചെയ്യുന്ന’, എല്ലാം വിപണിവത്കരിക്കുന്ന ഇക്കാലത്തെ നോക്കി താങ്കൾക്ക് ‘പോടാ പുല്ലേ’ ( റിയാലിറ്റി ഷോ) എന്നു പറയാൻ കഴിയുന്നത്?

ഉത്തരം: ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും കമ്പോള സമ്പദ് വ്യവസ്ഥയും ഒക്കെക്കൂടി ചേരുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി തുടങ്ങിയപ്പോൾ അന്നു ധനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെ എതിർത്തിരുന്നവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഏതാണ്ടൊക്കെ ശരിയായി വരികയാണ്. ശുഭാപ്തിവിശ്വാസം കൊണ്ടുമാത്രം സാമ്പത്തികപരിഷ്കാരങ്ങളെ പിന്തുണച്ചവർ പോലും ഇപ്പോൾ മനസ് തകർന്ന അവസ്ഥയിലാണ്. ഇടത്തരക്കാരനും പാവപ്പെട്ടവനും ജീവിക്കാൻ കഴിയാത്ത സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുന്നു. തുടങ്ങിവച്ച സാമ്പത്തിക പരിഷ്കാരങ്ങൾ തുടർന്നുകൊണ്ടുപോകാൻ രാജ്യം കൂടുതൽ കൂടുതലായി വിദേശികൾക്കു വിൽക്കുന്ന സ്ഥിതിയാണ് കാണുന്നത്. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ഇനി തിരിച്ചുപോകാനാവാത്ത വിധത്തിലുള്ള,  ഒരിക്കലും അഴിക്കാനാവാത്ത ഒരു ഊരാക്കുടുക്കിലാണ് നാം ഇപ്പോൾ. എനിക്കൊരു പറ്റു പറ്റി, ഇനി രക്ഷയില്ല എന്നു വിചാരിച്ചുകൊണ്ട് ചുമ്മാ നിന്നു കൊടുക്കുന്നവരുണ്ട്. അവരെ മനസിലാക്കാം. പക്ഷേ, തങ്ങൾ എന്തോ മഹത്തായ കാര്യം ചെയ്യുകയാണെന്ന തെറ്റിദ്ധാരണയിൽ നമ്മുടെ നാടിന്റെ നന്മകളെ ഭീകരപ്രവർത്തകനും രാജ്യദ്രോഹികൾക്കും വിഘടനവാദികൾക്കും വിദേശകുത്തകകൾക്കും മുമ്പിൽ അടിയറവച്ചു കേമത്തം നടിക്കുന്ന ഞാനടക്കമുള്ള പത്രാധിപ സമൂഹത്തോടും  പ്രസാധകന്മാരോടും നിരൂപകന്മാരോടും ബുദ്ധിജീവികളോടുമൊക്കെ  പറയാനുള്ളത് ഒന്നു മാത്രം. അതാണ് ആ പേരിൽ തന്നെ അങ്ങനെയൊരു കഥ എഴുതിയത്. പക്ഷേ, അത് വേണ്ടത്ര ശദ്ധ്രിക്കപ്പെടാതെ പോയി. സാഹിത്യത്തിലായാലും ഗോഡ്ഫാദർമാരില്ലാത്തവർക്ക് പച്ചപിടിക്കാനാവില്ല എന്ന് എനിക്ക് ബോധ്യമായപ്പോഴെഴുതിയ കഥയാണത്.

ചോദ്യം: ഭാഷയുടെ ഉള്ളടരുകൾ നന്നായി ഗ്രഹിച്ച താങ്കളുടെ ‘മകൾ’ എന്ന കഥയിലും മേൽപ്പറഞ്ഞ കാര്യങ്ങൾ നന്നായി ആവിഷ്കാരം നേടുന്നുണ്ടല്ലോ. പുതിയ കാലത്തെ പെൺകുട്ടികളെ പ്രശ്നവത്കരിക്കാൻ  കൂടിയുള്ള ശ്രമമല്ലേ അത്?

ഉത്തരം: കമ്പോളവത്കൃതസമൂഹത്തിൽ ജീവിക്കുന്നതിന്റെയാണോ എന്നറിയില്ല, പെൺകുട്ടികളായാലും ആൺകുട്ടികളായാലും ഇന്ന് അച്ഛനമ്മമാർക്ക് വലിയ ആശങ്കകളും ആകുലതകളും സമ്മാനിച്ചുകൊണ്ടാണ് വളർന്നുവരുന്നത്. പത്തോ ഇരുപതോ വർഷം മുമ്പ്‌ വരെ അച്ഛനമ്മമാരോട് മറുത്തു പറയുന്നതു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അച്ഛനമ്മമാരോട് തർക്കുത്തരം പറയാൻ ഭയന്നിരുന്നുവെങ്കിൽ  അതിനു കാരണം, തല്ലു കിട്ടും എന്നതു മാത്രമായിരുന്നില്ല. ഒരു തരം പാപബോധവും വേട്ടയാടിയിരുന്നു. മാനുഷികമൂല്യങ്ങൾക്കുമേൽ വിപണിമൂല്യങ്ങൾ ആധിപത്യം നേടിയതോടെ ഇത്തരം പാപബോധങ്ങളൊക്കെ നാടയഴിഞ്ഞുവീണു. ആത്മീയത നഷ്ടപ്പെട്ട മതങ്ങൾ അധിനിവേശ ദുരാഗ്രഹത്താൽ മനുഷ്യന്റെ മൂല്യബോധങ്ങളെ കരിച്ചുകളഞ്ഞു. മൊബൈൽഫോണും ഇന്റർനെറ്റും ഫേസ്ബുക്കും പുതുതലമുറ സൗഹൃദങ്ങളും എല്ലാം കൂടി, പ്രായപൂർത്തിയാവുന്ന പെൺമക്കൾ അച്ഛനമ്മമാരുടെ മനസിൽ കോരിയിടുന്ന തീ ഒട്ടും ചെറുതല്ല.  അച്ഛന്റെ സംരക്ഷണയിൽ പൊന്നോമനയായി വളർന്ന അമ്മയില്ലാത്തൊരു പെൺകുട്ടി പ്രായപൂർത്തിയാവുന്നതോടെ പിതാവിനെ വെറുക്കുകയും കൊലപ്പെടുത്തുന്നതിലേക്കു വരെ എത്തുകയും ചെയ്യുന്നതാണ് മകളുടെ പ്രമേയം.

 ചോദ്യം: നാളെയിലെ ഒരു മികച്ച കഥാകാരനെ ദൃശ്യപ്പെടുത്താൻ കഴിയുന്ന കഥകളാൽ സമ്പന്നമാണ് ‘റിയാലിറ്റി ഷോ’ എന്ന ഈ സമാഹാരം എന്ന് ബന്യാമിൻ എഴുതുകയുണ്ടായി.ഈ പ്രവചനത്തെ അക്ഷരാർഥത്തിൽ സാക്ഷാത്കരിച്ചുകൊണ്ടാണ് ‘ചെന്താമരക്കൊക്ക’ പുറത്തുവന്നിരിക്കുന്നത്. ഭാവിയുടെ ഗർഭത്തിൽ എന്തൊക്കെയാണ് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്?

ഉത്തരം: ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ കാര്യത്തിൽ വലിയ മുൻകൂർ ആസൂത്രണമൊന്നും നടത്തുന്ന ആളല്ല  ഞാൻ. നടത്തിയാൽ തന്നെ അത് വിജയിക്കണമെന്നുമില്ല. എങ്കിലും മൂന്നു നാലു കഥകളുടെ പ്രമേയം മനസിലുണ്ട്.  ലളിത കലാ അക്കാദമി ഒരു ലഘുജീവചരിത്രം തയാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില പ്രസാധകർ പുസ്തകങ്ങളും അനുഭവക്കുറിപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏതൊക്കെ സമയത്തു പൂർത്തിയാക്കിക്കൊടുക്കാൻ കഴിയും എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

ചോദ്യം: പരിസ്ഥിതി വിഷയങ്ങൾ താങ്കൾ അതീവ ഗൗരവമായി  കഥകളിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇക്കോ ഈസ്തറ്റിക്സ് കഥകളിൽ സൃഷ്ടിച്ച രചനകളായിരുന്നു അവയെല്ലാം. ചെന്താമരക്കൊക്ക, കെ. ബി. നിള എന്നീ കഥകൾ ഓർമ വരുന്നു. താങ്കളുടെ പരിസ്ഥിതി പ്രവർത്തന പശ്ചാത്തലം ഒന്നു വിവരിക്കാമോ?

ഉത്തരം: സ്കൂളിൽ  പഠിക്കുമ്പോൾ  ശാസ്ത്ര സാഹിത്യപരിഷത്തുമായി ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങിയതാണ്.ശാസ്ത്രകേരളം, യുറീക്ക മാസികകളും  ശാസ്ത്രകലാജാഥയും പരിഷത്തിന്റെ അനവധിയായ പുസ്തകങ്ങളും ഒക്കെയാണ് അക്കാലത്തു പലർക്കുമെന്ന പോലെ എനിക്കും പരിസ്ഥിതി അവബോധം പകർന്നു തന്നത്.  പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിയൊക്കെ ആയപ്പോൾ ഇടതുപക്ഷമെന്നോ തീവ്രഇടതുപക്ഷമെന്നോ ഒക്കെ വിളിക്കാവുന്ന വിചാരങ്ങളായിരുന്നു മനസു നിറയെ. അമ്പലം പൊളിക്കണം, പള്ളി പൊളിക്കണം, മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന എല്ലാ മതിലുകളും പൊളിക്കണം, മിശവ്രിവാഹങ്ങൾ വ്യാപകമാക്കിക്കൊണ്ട് സമൂഹത്തിൽ നിന്ന് ജാതിയും മതവും പറിച്ചെറിയണം എന്നൊക്കെയുള്ള വിചാരങ്ങൾ പുകയുകയായിരുന്നു മനസിൽ. ഒരു പാർട്ടിയുടെയും  മേൽക്കൂരയ്ക്കു കീഴെ നിൽക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും  മനസിലെ പുരോഗമനചിന്തകൾക്ക് പരിഷത്ത് തീ പകരുന്നുണ്ടായിരുന്നു. പക്ഷേ, ഡിഗ്രിക്കു ശേഷം പത്രപ്രവർത്തനം പഠിക്കാൻ ചേരുകയും പിന്നീട് ജോലിയിൽ പ്രവേശിക്കുകയുമൊക്കെ ചെയ്തപ്പോൾ പരിഷത്തിൽ പ്രവർത്തിക്കാൻ സമയമില്ലാതെയായി. പരിഷത്ത് സിപിഎമ്മിന്റെ പോഷകസംഘടനപോലെ ആയിത്തീരുന്നതാണ് പിന്നീട് കണ്ടത്. 

പത്രപ്രവർത്തകരുടെയിടയിൽ ചെറിയ തോതിൽ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ജയ്ജി പീറ്റർ ഫൌണ്ടേഷൻ എന്ന സംഘടന പതിനഞ്ചുവർഷമായി ഞങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, ആദിവാസി ക്ഷേമം എന്നിവയിൽ പ്രത്യേകമായ ഒരു താത്പര്യം പത്രത്തിലെ എന്റെ എഴുത്തുകൾക്ക് എന്നും ഉണ്ടായിരുന്നു. കുട്ടനാടിന്റെ പരിസ്ഥിതി തകർച്ചയെക്കുറിച്ചാണ് എന്റെ ‘കുട്ടനാട് കണ്ണീർത്തടം’ എന്ന പുസ്തകം. ‘പ്രളയം പെരുകുന്ന കുട്ടനാട്’ എന്ന പരമ്പരയ്ക്ക് കേരള പ്രസ് അക്കാദമിയുടെ പരിസ്ഥിതി റിപ്പോർട്ടിങ്ങിനുള്ള കെ.സി. സെബാസ്റ്റ്യൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പരിസ്ഥിതി സംരക്ഷണം മനസിൽ  കയറിക്കൂടിയിട്ടുള്ള ഒരാൾ കഥയഴുതാനിരുന്നാലും അത്തരം വിഷയങ്ങൾ കടന്നുവരുക സ്വാഭാവികം മാത്രം.

ചോദ്യം: ആരാധനാലയങ്ങൾ പൊളിച്ച് അന്ധവിശ്വാസം ഇല്ലാതാക്കണം  എന്ന തോന്നൽ ഇപ്പോഴുമുണ്ടോ?

ഉത്തരം: ടീനേജിൽ കമ്യൂണിസ്റ്റ് ആകാതിരിക്കുകയും ടീനേജിനു ശേഷം കമ്യൂണിസ്റ്റ് ആയി തുടരുകയും ചെയ്യുന്നവൻ മനുഷ്യനല്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.  അതെന്തോ ആകട്ടെ, നമുക്ക് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത, വീട്ടുകാർ എല്ലാം നടത്തിത്തരുന്ന പ്രായത്തിൽ ഒരാൾക്ക് യുക്തിവാദിയാകാൻ ഒരു പാടുമില്ല. പക്ഷേ, ഒറ്റയ്ക്കു ജീവിതം നയിക്കേണ്ടി വരുമ്പോൾ, നമ്മളെ ചുറ്റിപ്പറ്റി നാലോ അഞ്ചോ  പേർ (ഭാര്യയും മക്കളും അച്ഛനുമമ്മയും) കൂടിയുണ്ടാവുകയും ചെയ്യുമ്പോൾ യുക്തിവാദിയാവുക ദുഷ്കരം തന്നെ. ജീവിതത്തിന്റെ ഒത്ത മധ്യത്തിൽ നിൽക്കുന്ന എനിക്ക് മനസിന്റെ പല പ്രശ്നങ്ങൾക്കും ഇപ്പോൾ ഉത്തരം ദൈവമാണ്. ഇരുപത്തേഴാമത്തെയോ ഇരുപത്തെട്ടാമത്തെയോ വയസിൽ ശബരിമല റിപ്പോർട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയിൽ ഞാൻ അപ്രതീക്ഷിതമായി ദൈവവിശ്വാസത്തിലേക്കു മടങ്ങിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, സാറിനെന്നെ കണ്ടെത്തേണ്ടി വരിക ഏതെങ്കിലും മെന്റൽ അസൈലത്തിലായിരുന്നേനേ. ഞാനിപ്പോൾ കടുത്ത ദൈവവിശ്വാസിയാണ്. പക്ഷേ, അതുകൊണ്ട്  മതങ്ങളുടെയും ദേവസ്വം ബോർഡിന്റെയുമൊക്കെ തട്ടിപ്പുകൾ കാണാതെ പോകുന്നുമില്ല. ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ, പാഴ്സിയോ സിക്കോ ഏതു മതത്തിൽ പെട്ടവനായാലും മനുഷ്യന്റെ ആത്യന്തിക നന്മയിലാണിന്നെന്റെ പ്രതീക്ഷ.

ചോദ്യം:  മനുഷ്യനന്മയിലുള്ള ആത്യന്തികമായ വിശ്വാസമാണോ ഡോണാപോളാ എന്ന കഥയെഴുതുന്നതിലേക്കു നയിച്ചത്?

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, മലയാളി മനസുകളിൽ കുടിയേറിയിട്ടുള്ള നിഗ്രഹവാസന ഒരു എഴുത്തുകാരനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തേണ്ടതാണെന്ന്. ആദ്യമൊക്കെ എഴുതാനിരിക്കുമ്പോൾ കൂടുതലായി കടന്നുവന്നത് അത്തരം പ്രമേയങ്ങളാണ്. പക്ഷേ, പിന്നീട് എനിക്കതിൽ ഖേദം തോന്നിയിട്ടുണ്ട്. കഥയെഴുത്ത് ഒരു സാമൂഹികപ്രവർത്തനം കൂടിയാവാറുണ്ടല്ലോ  ചില സന്ദർഭങ്ങളിൽ. അപ്പോൾ, സമൂഹത്തെ പോസിറ്റീവ് ആയി ചിന്തിപ്പിക്കുന്ന രചനകളും ആവശ്യമാണ്. എല്ലാം തകർന്നു, എല്ലായിടത്തും ഇരുട്ടാണ്, ഇനിയില്ല പ്രകാശനാളങ്ങൾ എന്ന മട്ടിലൊക്കെ എഴുതിയാൽ വായിക്കാൻ ആളു കണ്ടേക്കും. പക്ഷേ അത്തരം രചനകൾ മാത്രമായാൽ സമൂഹം എഴുത്തുകാരന്റെയൊപ്പം ഇരുട്ടിന്റെ ഇരകളായിപ്പോകും. അതുകൊണ്ട് പ്രകാശം വിതറുന്ന കഥകളും നമുക്ക് ആവശ്യമാണ്. കാരൂരിന്റെ ‘മരപ്പാവകൾ’, ഉറൂബിന്റെ ‘രാച്ചിയമ്മ’, തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’, ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, എൻ. എസ്. മാധവന്റെ ‘വന്മരങ്ങൾ വീഴുമ്പോൾ’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘റോഡിൽ പാലിക്കേണ്ട നിയമങ്ങൾ’, സുസ്മേഷ് ചന്ത്രോത്തിന്റെ ‘മരണത്തിനും സ്വർണത്തിനും അരികെ’ തുടങ്ങിയ കഥകൾ എനിക്കോർമ്മ വരുന്നു. എന്റെ ഒരു ഗോവാ യാത്രയുടെ ഉപോത്പന്നമാണ് ‘ഡോണാപോളാ’ എന്ന  കഥ. ഗോവയിൽ എത്തും വരെ ആ സ്ഥലത്തെപ്പറ്റി എന്താണോ  മനസിൽ ഉണ്ടായിരുന്നത് ആ ധാരണ മുഴുവൻ മാറ്റിക്കളഞ്ഞു അവിടെയുണ്ടായിരുന്ന ദിവസങ്ങൾ. മലയാളികളുടെ കപട സദാചാരത്തിനും മുഖംമൂടിയണിഞ്ഞ ജീവിതത്തിനും മേലേ വിശ്വസ്തത, ആർത്തിയില്ലായ്മ, സഭ്യജീവിതം, സത്യസന്ധത  തുടങ്ങി ഒരുപാടു നന്മകൾ കൊടിപാറിച്ചു നിൽക്കുന്നതു നേരിൽ കാണിച്ചുതന്നു ആ ഗോവായാത്ര. അവിടെ കണ്ട ഒരു നാരങ്ങാവെള്ള കച്ചവടക്കാരി പെൺകുട്ടി എന്റെ മനസ് കീഴടക്കി.  പ്രണയവും ഇഷ്ടവുമൊക്കെ തട്ടിയെടുത്ത് ദിവസങ്ങളോളം  മനസിൽ ജീവനോടെ നിന്ന  ആ പെൺകുട്ടിയാണ് ആ കഥയെഴുതാനുള്ള പ്രചോദനം. ഒപ്പം നമ്മുടെ നാട്ടിലെ ക്വൊട്ടേഷൻ ഗുണ്ടകൾക്കു മാനസാന്തരം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചുവച്ചു. പല അടരുകളായി വായിക്കാവുന്ന കഥയാണ് ഡോണാപോള.

ചോദ്യം: വർമയുടെ കഥകൾക്ക് ബുദ്ധിപരതയുടെ ഒരു മാനമുണ്ട്. ഇത് കഥയ്ക്ക് ദോഷം ചെയ്യുന്നു എന്ന ഒരു നിരീക്ഷണം ഉയരുന്നുണ്ട്.

ഉത്തരം: ആ നിരീക്ഷണം ശരിയല്ല. ബുദ്ധിപരതയുടെ തലം ഇല്ലാതായാൽ കഥ പൈങ്കിളിയുടെ ഗണത്തിലാണ് പെടുക. എനിക്കെന്നല്ല, ഒരു വിധപ്പെട്ട ലോകത്തിലെ ഏതു കഥാകൃത്തിനും മുന്നിൽ ഉള്ള പ്രമേയങ്ങൾ സൂക്ഷ്മാർഥത്തിൽ പറഞ്ഞാൽ വിരലിലെണ്ണാൻ മാത്രമേ കാണൂ. സ്നേഹം, പ്രണയം, കാമം, പക, നിസഹായത..... . കഥ പറച്ചിൽ ആരംഭിച്ച കാലം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഇപ്പറഞ്ഞ വിഷയങ്ങൾ വീണ്ടും എഴുതുമ്പോൾ ഭാഷാപരമായോ ശിൽപ്പപരമായോ ബുദ്ധിപരമായോ പുതുമകളില്ലെങ്കിൽ അത് നേരെ ചെന്നു പതിക്കുക പൈങ്കിളി സാഹിത്യത്തിന്റെ കൊട്ടയിലായിരിക്കും. പൈങ്കിളി എന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യം മോശം എന്നൊന്നും  ഞാൻ പറയുകയില്ല.പക്ഷേ, അവയ്ക്ക് കാലത്തെ അതിജീവിക്കാൻ കഴിയില്ല. കാലത്തെ അതിജീവിക്കുന്ന കഥകളെഴുതണം എന്നാണ് എന്റെ  ആഗ്രഹം.  ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒന്നാംനിര കഥാകൃത്തുക്കളുടെ രചനകളിൽ ബുദ്ധിപരമായ വ്യായാമം എന്നോ ഉപന്യാസം എന്നോ ഒക്കെ ആക്ഷേപമുള്ളത് ആനന്ദിന്റെ കഥകളെക്കുറിച്ചാണ്. എന്റെ കഥകൾ ഉപന്യാസമാണെന്ന് ആരും പറയില്ല. സ്വന്തം രചനകളെ പൈങ്കിളിത്തത്തിൽ നിന്നും ഉപന്യാസത്തത്തിൽ നിന്നുമൊക്കെ രക്ഷിച്ചുനിർത്താനുള്ള ബാധ്യത എഴുത്തുകാരനുണ്ട്.

ചോദ്യം: സമകാലീനമായ ജീവിതത്തെക്കുറിച്ചുള്ള ചില നിർണായക നിരീക്ഷണങ്ങൾ വർമയുടെ കഥകളുടെ ഉള്ളാകാശത്തിലൂടെ മിന്നിമറയുന്നുണ്ടെന്ന് ‘ചെന്താമരക്കൊക്ക’ എന്ന സമാഹാരത്തെക്കുറിച്ചുള്ള നിരൂപണത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, എന്റെ ഭൂരിപക്ഷം കഥകളും സ്വന്തം അനുഭവങ്ങളാണ്. പൂർണമായോ ഭാഗികമായോ അനുഭവിച്ചത്. പിന്നെ, പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് ഓരോ നിമിഷത്തെയും ജീവിതം വർത്തമാനസംഭവങ്ങളുടെ നടുക്കാണ്. ഈ രണ്ടു കാരണത്താലും  സമകാലീനജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്റെ എഴുത്തിൽ കടന്നുവരുന്നതിൽ അതിശയിക്കേണ്ടതില്ല.

ചോദ്യം: മുന്നോക്ക സമുദായത്തിലെ ദരിദ്ര മനുഷ്യരുടെ ദയനീയചിത്രം ‘പൂണൂൽ കല്ല്യാണം’ എന്ന കഥയിൽ കലാഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട്. ലളിതാംബിക അന്തർജനവും അതു പ്രമേയമാക്കിയിട്ടുണ്ട്. മനുഷ്യരുടെ യാതന എവിടെയുണ്ടോ അവിടെ ഓടിയെത്തുക എന്നത് കലാകാരന്റെ ദൗത്യമാണ് എന്ന അർഥത്തിലാണ് പൂണൂൽ കല്ല്യാണം ഞങ്ങൾ വായിച്ചത്.

ഉത്തരം: വേദനിക്കുന്ന, പട്ടിണി കിടക്കുന്ന, സമൂഹത്തിലെ അധീശശക്തികളാൽ ചവിട്ടിയരയ്ക്കപ്പെടുന്ന മനുഷ്യരുടെ ശബ്ദമാവണം എഴുത്തുകാരൻ എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. വി.ടി. ഭട്ടതിരിപ്പാടും ചങ്ങമ്പുഴയും വയലാറും പി.കേശവദേവും തകഴിയും ബഷീറുമൊക്കെ അതതു കാലത്ത് വേദനിക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾ അവതരിപ്പിച്ചവരാണ്. 65 വർഷം മുമ്പ്‌, സ്വാതന്ത്യ്രം കിട്ടുമ്പോൾ കേരളത്തിലെ സമൂഹം ഇങ്ങനെയായിരുന്നില്ല. ബ്രാഹ്മണർ, ക്ഷത്രിയർ, നായർ തുടങ്ങി സവർണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സമുദായങ്ങളുടെ മേധാവിത്തം, അയിത്തം, തൊട്ടുകൂടായ്മ എന്നിവയാൽ സമൂഹത്തിലെ ഒരു വിഭാഗം മേൽജാതിക്കാരും മറുവിഭാഗം കീഴ്ജാതിക്കാരുമായിരുന്നു. കീഴ്ജാതിക്കാരുടെ മേൽ മേൽജാതിക്കാരുടെ കുതിരകയറ്റം പതിവുസംഭവമായിരുന്നു. നല്ല തൊഴിലില്ലാതെ, ജീവിക്കാൻ ആവശ്യമായ പണമില്ലാതെ, അഭിപ്രായ സ്വാതന്ത്യ്രമില്ലാതെ കീഴ്ജാതിക്കാർ ശ്വാസം മുട്ടി.  അവരുടെ ജീവിതം ദുരിതപൂർണവും നരകതുല്യവുമായിരുന്നു. ശരിക്കും ആടുമാടുകളെപ്പോലെ എന്നൊക്കെ പറഞ്ഞാൽ അതിശയമില്ല. എന്നാൽ  സ്വാതന്ത്ര്യാനന്തര  സർക്കാരുകളുടെ ബഹുവിധ നടപടികളും  ഭരണഘടന നൽകിയ സംരക്ഷണവും കമ്യൂണിസ്റ്റ് പാർട്ടികളുടെയും ശ്രീനാരായണ സന്ദേശങ്ങളുടെയും പ്രവർത്തനവും മൂലം ഇന്ത്യയിൽ ഏറ്റവുമധികം സാമൂഹിക പരിഷ്കരണം നടന്ന സംസ്ഥാനമായി കേരളം മാറി.  അന്നു കേരളത്തിലെ പിന്നോക്കം നിന്ന ജനവിഭാഗങ്ങളിൽ ഗണ്യമായൊരു കൂട്ടർ  ഇന്ന് സമൂഹത്തിന്റെ മേൽത്തട്ടിലാണ്. ഭൂപരിഷ്കരണം, ജാതിസംവരണം തുടങ്ങി ബഹുവിധമായ സർക്കാർ നടപടികൾ മൂലം പഴയ കാലത്തെ പ്രതാപികളിൽ നല്ലൊരു ശതമാനം ഇന്നു ഗതിയില്ലാതെ കഴിയുന്നു. കേരളീയസമൂഹം ഒരുവട്ടം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കരണം മറിയലിൽ പാർശ്വവത്കരിക്കപ്പെട്ട്, മാധ്യമങ്ങളാലും രാഷ്ട്രീയക്കാരാലും സാംസ്കാരികനായകരാലും സർക്കാരുകളാലും ഒക്കെ അവഗണിക്കപ്പെട്ടും  പരിഹസിക്കപ്പെട്ടും ജീവിതത്തിന്റെ കയ്പുനീർ കുടിക്കുന്ന വർഗമാണ് ഇന്നത്തെ സവർണൻ.  എ.കെ.ആന്റണിയും വെള്ളാപ്പള്ളി നടേശനുമൊക്കെ ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന്   ഇതുവരെ സവർണരുടെ ദയനീയാവസ്ഥ വേണ്ടവിധത്തിൽ മനസിലായിട്ടില്ല.  എന്റെ അഭിപ്രായത്തിൽ ആദിവാസികളും സവർണദരിദ്രരുമാണ് ഇന്നു കേരളത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്. രണ്ടു കൂട്ടരുടെയും ദൈന്യം ഒരേ കാൻവാസിൽ അവതരിപ്പിക്കാനുള്ള  ശ്രമമായിരുന്നു പൂണൂൽ കല്ല്യാണം.

ചോദ്യം: പ്രായം കൊണ്ട് മലയാള കഥയിൽ താങ്കൾ താമസിച്ചാണ് അടയാളപ്പെടുന്നത്. ഇപ്പോൾ മലയാള ചെറുകഥയിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത് താങ്കളേക്കാൾ ചെറുപ്പമായവരാണല്ലോ?

ഉത്തരം: ഇപ്പോൾ  മലയാള ചെറുകഥാരംഗം ഭരിക്കുന്നത്ചെറുപ്പക്കാരുടെ വലിയൊരു നിരയാണ്.മലയാള കഥാലോകം പ്രകാശമാനമായിരിക്കുന്നത് ഈ ചെറുപ്പക്കാരുടെ രചനകളാലാണ്.  ഞാൻ നന്നേ ചെറുപ്പത്തിൽ എഴുതിത്തുടങ്ങിയ ആളാണ്. അഞ്ചാം ക്ലാസിലോ ആറിലോ ഒക്കെ പഠിക്കുമ്പോൾ തന്നെ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലും കഥ മാസികയിലും മലയാള മനോരമ ഞായറാഴ്ചപ്പതിപ്പിലും  കഥകൾ അച്ചടിച്ചുവന്നിട്ടുണ്ട്. സ്കൂൾ, കോളജ് പ്രായത്തിൽ ഞാൻ മുഖ്യപത്രാധിപരായി കയ്യെഴുത്തുമാസിക നടത്തിയിട്ടുണ്ട്. ശരിക്കും പത്രപ്രവർത്തനം പഠിക്കാൻ ചേർന്നതിന്റെ ഉദ്ദേശ്യം തന്നെ പത്രത്തിൽ ജോലി ചെയ്യുമ്പോൾ കഥകൾ പെട്ടെന്ന് അച്ചടിച്ചുവരുമല്ലോ എന്ന വിചാരമാണ്. പക്ഷേ യഥാർഥത്തിൽ പത്രപ്രവർത്തനം തുടങ്ങിയപ്പോഴല്ലേ ഈ  ലക്ഷ്യം കയ്യെത്തും ദൂരത്തൊന്നുമല്ല എന്നു മനസിലായത്. രണ്ടു വള്ളത്തിൽ കാലുവച്ചു സഞ്ചരിക്കും പോലെയാണ് വാർത്തയെഴുത്തും കഥയെഴുത്തും എന്നു തോന്നിയപ്പോൾ ഏതാണ്ട് 25- 26 വയസിൽ  കഥയെഴുത്തു നിർത്തി. പത്രപ്രവർത്തനത്തിൽ പൂർണശ്രദ്ധ കൊടുത്തു. പിന്നീട് കഥയെഴുത്തു പുനരാരംഭിച്ചത് 2004 -2005 ലാണ്. അപ്പോഴേക്കും എനിക്ക് 38-  39 വയസായി. പ്രായം വച്ചു നോക്കിയാൽ കഥയെഴുത്തിൽ എസ്റ്റാബ്ലിഷ് ചെയ്യേണ്ടിയിരുന്ന എന്റെ പ്രൈം ടൈം അങ്ങനെ നഷ്ടമായി. അടയാളപ്പെടാൻ താമസിച്ചല്ലോ എന്നു പറഞ്ഞതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത്. എങ്കിലും ഇപ്പോൾ എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. എനിക്കു സമൂഹത്തോടു ചിലതു പറയാനുണ്ട്. അതുകൊണ്ട് എഴുത്തിൽ നിന്ന് ഇനിയൊരു മടക്കമില്ല.

 ചോദ്യം: ചെന്താമരക്കൊക്ക എന്ന സമാഹാരം പുറത്തുവന്നതിനു ശേഷമാണ് അകം മാസികയിൽ ( 2012 ഓഗസറ്റ്)  താങ്കളുടെ ആറന്മുള വിമാനത്താവളം എന്ന കഥ പ്രസിദ്ധീകരിച്ചുവന്നത്. മറ്റു പല കഥയിലുമെന്നപോലെ ലൈംഗികത ഇക്കഥയിലും കടന്നു വരുന്നുണ്ട്. ഇക്കഥയിൽ പരോക്ഷമായി ലൈംഗിക വൈകൃതം പോലും പരാമർശിക്കപ്പെടുന്നു. മലയാള കഥയിലെ ഏതു പാരമ്പര്യത്തെയാണ് താങ്കൾ പിന്തുടരുന്നത്. ഒരു വിമാനത്താവളത്തിന്റെ പേര് ( നെടുമ്പാശേരി) തലക്കെട്ടാക്കി ബന്യാമിൻ എഴുതിയ കഥയിൽ കാര്യങ്ങൾ വേറെ വിധമാണല്ലോ സംഭവിക്കുന്നത്?

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, എഴുത്തിൽ ഒരു പാരമ്പര്യത്തെയും പിന്തുടരാനിടയാവരുതേ എന്നാണ് എന്റെ പ്രാർഥന. ലൈംഗികത  കഥയിൽ മന:പൂർവം ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, എഴുതപ്പെടുന്ന കഥയുടെ പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ലൈംഗികത ഏതളവുവരെയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. കഥയിൽ ലൈംഗികത ഉപയോഗിക്കുന്ന കാര്യത്തിൽ എന്റെ സമീപനത്തോടു ചേർന്നു നിൽക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ നല്ലൊരു ശതമാനം. കഥയിലായാലും സിനിമയിലായാലും നാടകത്തിലായാലും ലേഖനങ്ങളിലായാലും തുറന്നെഴുത്തിന്റെ കാലമാണിത്. നൊബേൽ സമ്മാന ജേതാക്കളായ ഓർഹാൻ പാമുക്കിന്റെ ‘ദ് മ്യൂസിയം ഓഫ് ഇന്നസെൻസ്’,  മരിയോ വർഗാസ് യോസയുടെ ‘ഫീസ്റ്റ് ഓഫ് ദ് ഗോട്ട്’ എന്നിവ വായിക്കണം. ഇവയടക്കം ലോകസാഹിത്യത്തിലെ പ്രമുഖമായ പല രചനകളിലും ലൈംഗികത കടന്നുവരുന്നുണ്ട്.മലയാളത്തിലിറങ്ങുന്ന സാഹിത്യത്തിലും ഇതിന്റെ അനുരണനങ്ങൾ സ്വാഭാവികം.  സ്നേഹം, പ്രണയം, ദേഷ്യം, സങ്കടം എന്നിവയൊക്കെപ്പോലെ തന്നെ മാനുഷികമായ ഒരു വികാരമോ ചോദനയോ ഒക്കെയാണ് ലൈംഗികതയും. മനുഷ്യജീവിതത്തിലെ അതിപ്രധാനമായ ആ ഭാവത്തെ മാറ്റിനിർത്തുമ്പോൾ നാം ചെയ്യുന്നത് ജീവിതത്തെ തന്നെ മാറ്റുകയാണ്. ജീവിതമില്ലെങ്കിൽ കഥയ്ക്കു ജീവനുമുണ്ടാകില്ല. വർഷങ്ങൾക്കു മുമ്പ്‌ മാധവിക്കുട്ടിയെപ്പോലെയുള്ളവർ തുറന്നെഴുത്തിലൂടെ മലയാളിയെ ഞെട്ടിച്ചതുകൊണ്ട് ഇന്ന്  അൽപ്പമൊക്കെ പച്ചയായി എഴുതിയാൽ ആരും ഞെട്ടാറുമില്ല.  ലൈംഗികത എന്റെ കഥകളിൽ പരസ്യമായി കടന്നു വരുന്നതിന് മറ്റൊരു ന്യായീകരണവും ഉണ്ട്. മലയാളി ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദാരിദ്ര്യം ലൈംഗിക ദാരിദ്ര്യമാണ്. എല്ലാ സൗകര്യങ്ങളുമുള്ളവർ പോലും , അതു പുരുഷനായാലും സ്ത്രീയായാലും ലൈംഗികമായി അസംതൃപ്തരാണ് കേരളത്തിൽ. മലയാളിയുടെ മുഖലക്ഷണമായ കാപട്യം ആണ് ഈ ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി എനിക്കു തോന്നുന്നത്. ഈ കൊടിയ ലൈംഗികദാരിദ്ര്യം മലയാളിയെ വല്ലാത്തൊരു തരം ലൈംഗിക അരാജകത്വത്തിലേക്കാണ് തള്ളിയിടുന്നത്. കേരളത്തിൽ ജീവിക്കുന്ന വർത്തമാനകാല മലയാളികളിൽ നല്ലൊരു പങ്കും അവരുടെ ലൈംഗിക അരാജകത്വത്തിനു ശമനം തേടി അലയുകയാണ്. മൊബൈലിൽ, ഫേസ്ബുക്കിൽ, യുട്യൂബിൽ, റയിൽവേ കംപാർട്മെന്റുകളിൽ, പൊതുനിരത്തിൽ, ബസിൽ ഒക്കെ... മനുഷ്യന്റെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ നാലാണ്. ആഹാരം, നീഹാരം, മൈഥുനം, നിദ്ര. ആഹാരം കഴിക്കുക, വിസർജിക്കുക, ഇണ ചേരുക, ഉറങ്ങുക. ഈ നാല് ആവശ്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് മനുഷ്യന്റെ അഭ്യാസം മുഴുവൻ. തൃപ്തികരമായ വിധത്തിൽ ഇണചേരാൻ കഴിയാതെപോകുന്ന മനുഷ്യർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. പെരുകി വരുന്ന കുറ്റകൃത്യങ്ങളുടെ വേരുകൾ ചികഞ്ഞു ചെല്ലുമ്പോൾ എവിടെയെങ്കിലും ലൈംഗികതയുടെ ഒരു ഘടകം ഒളിച്ചിരിക്കുന്നതു കാണാം. വർത്തമാന സമൂഹത്തെ നോക്കി കഥയെഴുതുന്ന ഒരാളിന്റെ പേനയിൽ ലൈംഗികത കടന്നു വരുന്നതെങ്ങനെയെന്നു മനസിലാക്കാൻ ഇത്രയൊക്കെ വിശദീകരണം പോരേ? പിന്നൊരു കാര്യം. എന്നെ സംബന്ധിച്ചിടത്തോളം  കഥ സ്വകാര്യമായി വായിക്കാനുള്ള സംഗതിയാണ്. ആളെ വിളിച്ചുകൂട്ടിയിരുത്തി എല്ലാവർക്കും വേണ്ടി പരസ്യമായി കഥ ഉച്ചത്തിൽ വായിക്കുന്ന പതിവ് നമ്മുടെ നാട്ടിലില്ല. കഥകൾ സംവദിക്കുന്നത് അത് വായിക്കുന്ന ഒാരോ വായനക്കാരനോടുമാണ്. പൊതുവേദികളിൽ ഒരുപാടുപേർ കേൾക്കെ പ്രസംഗിക്കുമ്പോൾ ഒരിക്കൽപോലും എന്റെ നാവിൽ ലൈംഗികത കടന്നുവരാറില്ല. ബന്യാമിന്റെ നെടുമ്പാശേരി മനുഷ്യനന്മയുടെ കൊടിയടയാളമാണ് പാറിക്കുന്നത്. അക്കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. പക്ഷേ, രണ്ടിന്റെയും പ്രമേയം രണ്ടാണ്. മലയാളികളുടെ പുതിയ തലമുറയിൽ ദാമ്പത്യജീവിതം നിസാരകാരണങ്ങളുടെ പേരിൽ തകരുന്നതിന്റെ നേർക്കുള്ള വിമർശനമാണ് എന്റെ കഥ. കഥ ആവശ്യപ്പെടുന്ന ലൈംഗികതയും പ്രകൃതിവിരുദ്ധ സൂചനകളുമൊക്കെയേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. കഥയെഴുത്തിന്റെ കാര്യത്തിൽ ഇന്നും ഞാനൊരു വിദ്യാർഥിയാണ്.  ഓരോ കഥാതന്തു മനസിൽ വരുമ്പോഴും എനിക്കു ഭയമാണ്. എന്റമ്മേ, ഞാനിതെങ്ങനെ എഴുതി ഫലിപ്പിക്കും എന്നൊരു പേടി. ആദ്യമായി കഥയെഴുതാനിരിക്കുന്ന സ്കൂൾ കുട്ടിയുടേതുപോലൊരു പകപ്പ്. ഒരു വെപ്രാളം. എങ്കിലും ഞാൻ വീണ്ടും എഴുതാനിരിക്കും. അതാണ് ഈ മാധ്യമം എനിക്കു നൽകുന്ന പ്രചോദനം.

ചോദ്യം: ‘വീടുമാറ്റം’ എന്ന കഥ ഒരു പക്ഷേ, താങ്കൾ ലക്ഷ്യം വച്ച കേവലം വീടുമാറ്റം എന്ന ഏകമുഖമായ അവസ്ഥയിൽ നിന്നു മാറുകയും വ്യത്യസ്തമായ വായനാസാധ്യതകൾ ചിലതൊക്കെ ചർച്ച ചെയ്യുകയും ചെയ്യുന്നു. എന്തു പറയുന്നു?

ഉത്തരം: വീടുമാറ്റത്തിൽ ഞാൻ ചർച്ച ചെയ്യാനുദ്ദേശിച്ച പ്രധാന സംഗതി ഇതാണ്. വീട് ഒരു നിർജീവ വസ്തുവല്ല. കല്ല്, മരം, സിമന്റ്, മണൽ തുടങ്ങിയ നിർജീവ വസ്തുക്കൾ കൊണ്ടാണ് വീട് നിർമിക്കുന്നതെങ്കിലും ജീവനുള്ള മനുഷ്യൻ  താമസിക്കുന്നതോടെ വീടിനും ജീവൻ വയ്ക്കുന്നു.  പുറത്തു പോകുമ്പോൾ ഉള്ളിലേക്കു പിടിച്ചുവലിക്കുന്നതും  ഒഴിഞ്ഞുപോകേണ്ടിവരുമ്പോൾ കണ്ണു നനയിക്കുന്നതുമായ ആ ജൈവബന്ധം ആണ് എനിക്കു വിശദീകരിക്കേണ്ടിയിരുന്നത്.

ചോദ്യം: ‘‘ഞൊടിയിട മാത്രം നീളമുള്ളൊരു സുഖത്തിന്റെ തുഞ്ചത്തു വീഴുന്നത് ഭീതിയുടെ കെട്ടുകളാണ്. വന്യമൃഗങ്ങൾ ക്രിക്കറ്റ് കളിക്കുന്ന കൊടുങ്കാട്ടിൽ വഴിതെറ്റിപ്പോകുന്ന  യാത്രികന്റെ വേവലാതികളാണ്. ഇതൊക്കെയാണെങ്കിലും നമ്മൾ വീണ്ടും വീണ്ടും ആ കാട്ടിലേക്കു പൊയ്ക്കൊണ്ടിരിക്കും.’’  എന്ന അപാരമായ ഒരു സങ്കൽപ്പം മനുഷ്യന്റെ അപഥ സഞ്ചാരങ്ങളെ സൂചിപ്പിക്കാൻ താങ്കൾ ‘ഇരട്ട’എന്ന കഥയിൽ നടത്തിയിട്ടുണ്ട്. ദാമ്പത്യബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളും കാപട്യങ്ങളും ആണ് ‘ഇരട്ട’ എന്ന കഥയിലെ  പ്രശ്നഭൂമിക. ദാമ്പത്യം ചില കഥകളിൽ താങ്കൾ അപഗ്രഥന വിധേയമാക്കുന്നുണ്ടല്ലോ. ഒന്നു വിശദീകരിക്കാമോ? ഒന്നു കൂടി.  ‘ ഇരട്ട’ ഒരു സൈക്കോളജിക്കൽ കഥയായി വായിക്കാൻ കഴിയും. അങ്ങനെ ഉദ്ദേശിച്ചിരുന്നോ?

ഉത്തരം:  സ്വത്തിന്റെ സംരക്ഷണത്തിനാണ് നമ്മുടെ മുൻഗാമികൾ  ദാമ്പത്യം എന്ന ചട്ടക്കൂടുണ്ടാക്കിയത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. പുരുഷനും സ്ത്രീക്കും ശാരീരികവേഴ്ച നടത്താനോ പ്രണയിക്കാനോ പ്രത്യുത്പാദനം നടത്താനോ ഒന്നും ദാമ്പത്യത്തിന്റെ ആവശ്യമില്ല. പ്രകൃതിയുടെ നിയമത്തിലും ഭാര്യാഭർതൃബന്ധം ഇല്ല. ജൈവികമായ ന്യായീകരണം ഒട്ടുമില്ലാത്ത ദാമ്പത്യത്തിന് പിന്നെന്തു  പ്രസക്തി എന്ന് ആലോചിക്കുമ്പോഴാണ് സാമ്പത്തികസുരക്ഷയും സ്വത്ത് സംരക്ഷണവുമൊക്കെ കടന്നുവരുന്നത്. അതിന്റെ വ്യാഖ്യാനങ്ങളെന്തായാലും കീഴ്വഴക്കങ്ങളുടെയും പ്രായോഗികതകളുടെയും പേരിൽ നമ്മൾ കടുത്ത ബലപ്രയോഗത്തിലൂടെ നിലനിർത്തുന്നതായതുകൊണ്ടാണ് ദാമ്പത്യബന്ധത്തിൽ നിന്ന് ഇടയ്ക്കെങ്കിലും ഒളിച്ചോടണം എന്ന് സ്ത്രീക്കു പുരുഷനും തോന്നുന്നത്. അത്തരം ഒളിച്ചോട്ടങ്ങൾ വലിയ അപമാനമായിത്തന്നെയാണ് സമൂഹം കാണുന്നത്. സദാചാരവിരുദ്ധം, ആക്ഷേപകരം, ലജ്ജാവഹം എന്നൊക്കെ പറഞ്ഞാലും തരം കിട്ടിയാൽ സ്ത്രീയും പുരുഷനും ദാമ്പത്യത്തിന്റെ ചട്ടക്കൂടിനു പുറത്തുചാടും. നമ്മുടെ മനസിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന സദാചാര ബോധവും മൂല്യബോധവുമൊക്കെ വളരെ വലുതാണെങ്കിൽ പാപബോധം പിന്നാലെ കൂടി വേട്ടയാടും. അതോടെ ഉള്ള സ്വസ്ഥത കൂടി നഷ്ടമാകും. ഒരാൾ മനോരോഗിയോ കുറ്റവാളിയോ ഒക്കെയാകാൻ അതു മതി. ‘ഇരട്ട’ എന്ന കഥ ചർച്ച ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളാണ്. സൈക്കോളജിക്കൽ കഥയായി എഴുതണം എന്ന് ഉദ്ദേശിച്ചൊന്നുമല്ല എഴുത്തു തുടങ്ങിയത്. എഴുതി തീർന്നപ്പോൾ അത്തരം ചില ഘടകങ്ങൾ കൂടി വന്നു എന്നേയുള്ളൂ.

ചോദ്യം: ആദ്യസമാഹാരത്തിലെ ‘സന്തുഷ്ടകുടുംബം’ എന്ന കഥയും ദാമ്പത്യത്തിലെ ഒളിച്ചോട്ടമാണല്ലോ ചർച്ച ചെയ്യുന്നത്.

ഉത്തരം: ‘ഇരട്ട’യിൽ യഥാർഥത്തിൽ പുരുഷൻ അപഥസഞ്ചാരം നടത്തുന്നുണ്ട്. ആ അപഥസഞ്ചാരം  അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് കഥ ചർച്ച ചെയ്യുന്നത്. ‘സന്തുഷ്ടകുടുംബ’ത്തിൽ പുരുഷനോ സ്ത്രീയോ യഥാർഥത്തിൽ മറ്റൊരാളുടെ ശരീരം തേടിപ്പോകുന്നില്ല. അതുകൊണ്ടുതന്നെ വളരെ സന്തുഷ്ടമാണ് അവരുടെ കുടുംബജീവിതം. പക്ഷേ അത്ര സന്തുഷ്ടിയുള്ളപ്പോഴും കിടപ്പറയിൽ സ്വന്തം ജീവിതപങ്കാളിയുമായി നടത്തുന്ന രതിയെ ഇരുവരും അവരുടെ മനസിലുള്ള ഇഷ്ട ഇണയുമായി നടത്തുന്ന രതിയായി സങ്കൽപ്പിക്കുന്നു. ആർക്കും പരുക്കില്ലാത്ത ഒരു ഇടപാടാണെങ്കിലും  അവിടെയും ദാമ്പത്യം എന്ന കെട്ടുപാട്  ആത്മീയമായി പൊളിയുന്നുണ്ട്.

ചോദ്യം: അപ്പോൾ ഈ എഴുത്തുകാരൻ  കുടുംബസംവിധാനത്തിന് എതിരാണോ?

ഉത്തരം: ഒരിക്കലുമല്ല. ഭാരതത്തിന്റെ അമൂല്യസമ്പത്താണ് ഇവിടെത്തെ കുടുംബസംവിധാനം. അതൊരിക്കലും തകരാൻ പാടില്ല. ആശയപരമായി അതിനോടു യോജിക്കുമ്പോഴും കുടുംബസംവിധാനത്തിന്റെ സുരക്ഷിതത്വം അനുഭവിച്ചുകൊണ്ടു  മലയാളി നടത്തുന്ന  വേലി ചാട്ടങ്ങളെക്കുറിച്ചും എഴുതണ്ടേ?

ചോദ്യം: മിനിസ്ക്രീനുകൾ ചതിയുടെ ഇടങ്ങളായി മാറുന്നതിനെക്കുറിച്ചുള്ള താങ്കളുടെ ‘റിയാലിറ്റി ഷോ’ നമ്മുടെ ഇടയിൽ വലിയ തോതിൽ ചർച്ച ചെയ്യേണ്ടിയിരുന്ന ഒരു കഥയാണ്. എന്തുകൊണ്ടോ അതുണ്ടായില്ല.

ഉത്തരം: അതിനു ഞാൻ ഉത്തരവാദിയല്ല. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ തലപ്പത്തിരിക്കുന്നവരിൽ പലരും ഇന്ന് സാഹിത്യത്തെ എന്തോ മൂന്നാംകിട സംഗതിയായാണ് കാണുന്നത്. സമൂഹത്തെ മാറ്റിമറിക്കാനും പുനർനിർമിക്കാനുമൊക്കെ സാഹിത്യത്തിനുള്ള ശക്തി അവർ തിരിച്ചറിയാതെ പോകുന്നോ എന്നു സംശയം. അതുകൊണ്ടു തന്നെ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഡസ്കുകളിൽ കിട്ടുന്ന സാഹിത്യരചനകൾ വേണ്ട ഗൗരവത്തിൽ പരിശോധിക്കപ്പെടുന്നില്ല. അയച്ചുകിട്ടുന്ന ഓരോ രചനയും വേണ്ടവിധം വായിച്ചുവിലയിരുത്താൻ അവർക്കു നേരം കിട്ടുന്നില്ല.  പത്രാധിപന്മാർ  അസൈൻ ചെയ്യുന്ന വിഷയങ്ങൾ മാത്രം  എഴുതുന്ന ആൾക്കാരായി നിരൂപകന്മാരും തരം താണു. ബന്യാമിന്റെ ‘ആടുജീവിതം’ വേണ്ട സമയത്ത് ചർച്ച ചെയ്യപ്പെടാതെ പോയത്  നമ്മുടെ സാഹിത്യ പത്രാധിപന്മാരുടെയും നിരൂപകന്മാരുടെയും  പരാജയമാണെന്നു ഞാൻ പറയും.  ആ നോവലിനെ നിരൂപകർ ശ്രദ്ധിക്കുന്നത്  ജനം രണ്ടുകൈകൊണ്ടും സ്വീകരിച്ച് വായിക്കുകയും അവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്ത ശേഷമല്ലേ. ആടുജീവിതത്തിനു മുമ്പും ബന്യാമിൻ ചില നല്ല രചനകൾ നിർവഹിച്ചിട്ടുണ്ട്. അവയുമൊന്നും മലയാളി അന്ന്  വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടില്ല. മറ്റു പല എഴുത്തുകാർക്കും ഈ ദുർഗതിയുണ്ടായിട്ടുണ്ട്.

ചോദ്യം: എം.ടി കൂടല്ലൂർ ജീവിതം എഴുതും പോലെ താങ്കളും ഏബ്രഹാം മാത്യുവും വിനോദ് ഇളകൊള്ളൂരുമൊക്കെ മധ്യതിരുവിതാംകൂർ ജീവിതമാണ് അടയാളപ്പെടുത്തുന്നത്. ഒട്ടും ആഴമില്ലാത്ത ഉള്ളു പൊള്ളയായ ചില മധ്യതിരുവിതാംകൂർ ജീവിത സന്ദർഭങ്ങൾ  നിങ്ങളൊക്കെ വിമർശനവിധേയമാക്കുന്നുണ്ട്. വർമയുടെ ‘മഹത്വം അത്യുന്നതങ്ങളിൽ’ എന്ന കഥയിലെ വഴിമുടക്കി ഏലിയാമ്മ മലയാള കഥയിലെ ഒരനശ്വര കഥാപാത്രമാകാനുള്ള യോഗ്യത നേടുന്നുണ്ട്. എന്തു പറയുന്നു?

ഉത്തരം: മലബാറുകാർ പറയുന്നൊരു തമാശയുണ്ട്. ഗുരുവായൂരപ്പൻ നിൽക്കുകയാണ്. ശബരിമലയിൽ അയ്യപ്പൻ ഇരിക്കുന്നു. തിരുവനന്തപുരത്ത് ശ്രീ പത്മനാഭൻ  കിടക്കുന്നു. ഗുരുവായൂരപ്പനു ധൈര്യമായി നിൽക്കാം. കാരണം ആരും കാലുവാരില്ല. അയ്യപ്പനു നിൽക്കാൻ പേടിയാണ്. ആരെങ്കിലും കാലു വാരിയാലോ?  ശ്രീപത്മനാഭനു നിൽക്കാനും ഇരിക്കാനും പേടിയാണ്. കാലുവാരലുകാരുടെ ആധിക്യം അത്രയ്ക്കാണവിടെ. അതുകൊണ്ട് പാവം കിടക്കുന്നു! സംഗതി മലബാറുകാരുടെ തിരുവിതാംകൂർ വിരോധത്തിൽ നിന്ന് ഉടലെടുത്തതാകാമെങ്കിലും ഈ പറച്ചിലിൽ ചില്ലറ കാര്യമൊക്കെയില്ലേ എന്നു ചിലപ്പോൾ തോന്നാറുണ്ട്. ഞാൻ കൂടി ഉൾപ്പെടുന്ന മധ്യതിരുവിതാംകൂർ ജീവിതം ഭൗതികനേട്ടങ്ങൾക്കു വേണ്ടി മാനുഷികമൂല്യങ്ങളെ ഞെരിച്ചുകളയുന്നുവോ എന്നു സംശയിക്കണം. അത്തരം തോന്നലുകൾ ആണ് മഹത്വം അത്യുന്നതങ്ങളിൽ പോലുള്ള കഥകൾ എഴുതാനുള്ള പ്രേരണ. വിമർശനബുദ്ധ്യാ ഇതു പറഞ്ഞെങ്കിലും കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ മധ്യതിരുവിതാംകൂറിന്റെ സംഭാവനകൾ കണ്ടില്ലെന്നു നടിക്കാനും പാടില്ല.

ചോദ്യം: കാലത്തെ വളരെ മുന്നോട്ടു നീക്കി എച്ച്. ജി. വെൽസ് ഒരു സയൻസ് ഫിക്ഷൻ ഭാവന ചെയ്തെടുത്തിട്ടുണ്ട്. ‘ചെന്താമരക്കൊക്ക’ വായിച്ചപ്പോൾ ആ ഒരു കാലദർശനം ഓർത്തു പോയി. കാലത്തെ ഒരുപാടു വർഷങ്ങൾ മുന്നോട്ടു നീക്കി ഭാവന ചെയ്യുന്ന ഈ കഥ മലയാളത്തെ സംബന്ധിച്ചിടത്തോളം പുതിയതും അന്വേഷണാത്മകവും എന്നാൽ ഭാവനാത്മകവുമായ  ഒരു കാലദർശനം അവതരിപ്പിക്കുന്നുണ്ട്. എന്തു പറയുന്നു?

ഉത്തരം:  കേരളം നേരിടുന്ന കടുത്ത പരിസ്ഥിതി പ്രതിസന്ധിയും ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരകളായ മലയാളികൾ ചെയ്തുകൂട്ടുന്ന ക്രൂരതകളും 75 വർഷം കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കും എന്നൊന്നു ഭാവന ചെയ്തു നോക്കിയതാണ് ‘ചെന്താമരക്കൊക്ക’ എന്ന കഥ.വായനക്കാർ വളരെ നല്ല അഭിപ്രായം പറയുക കൂടി ചെയ്തതിനാൽ എനിക്ക് വളരെയേറെ തൃപ്തി തോന്നി.

ചോദ്യം: അക്ബർ കക്കട്ടിലിന്റെ ‘ഫെയ്സ്ബുക്ക്’മാതൃഭൂമി ആഴ്ചപ്പതിപ്പിലും ( ഓഗസ്റ്റ് എട്ട്, 2012) വർമയുടെ ‘ഫെയ്സ് ബുക്ക്’  കലാകൌമുദി ഓണപ്പതിപ്പിലും ( 2012) വായിച്ചു. രണ്ടു കഥകളും  മികച്ചവ തന്നെ. താങ്കളുടെ കഥ അത്യപൂർവമായ മാനവികാനുഭവത്തിലൂടെയാണ് കടന്നു പോകുന്നത്. കഥയിൽ ഉപയോഗിച്ച ഫാന്റസി കഥയ്ക്ക് വലിയ ഭംഗിയാണ് കൊടുക്കുന്നത്. കഥ പല നിലയിലാണ് കത്തിക്കയറുന്നത്. ഈ കഥയുടെ എഴുത്തനുഭവം ഒന്നു പങ്കുവയ്ക്കാമോ?

ഉത്തരം: പുതിയ കാലത്തിന്റെ മാധ്യമമായ ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നും എനിക്ക് തെല്ലും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ,  സുഹൃത്ത് ജി. നിധീഷ് ‘ആക്രി’ എന്ന എന്റെ കഥ ഫേസ് ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഷെയർ ചെയ്തപ്പോൾ  ലഭിച്ച കമന്റുകളും ലൈക്കുകളും വളരെ കൂടുതലാണ്. നിധീഷിന്റെയും കവി ഇടക്കുളങ്ങര ഗോപന്റെയും നിർബന്ധത്തിൽ പിന്നീട് ഞാൻ ഫേസ് ബുക്കിൽ അക്കൌണ്ട് എടുത്തു. ഫേസ് ബുക്കിൽ കുറച്ചുദിവസം ചെലവഴിച്ചപ്പോഴാണ് അതിന്റെ അപാരമായ സാധ്യതകളും അതിലെ ചതിക്കുഴികളും എനിക്ക് ബോധ്യമായത്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ കഥയാണ് എന്റെ ‘ഫേസ് ബുക്ക്’. കക്കട്ടിൽ എഴുതിയ ഫേസ് ബുക്കും എന്റെ ഫേസ് ബുക്കും കൈകാര്യം ചെയ്യുന്നതു തികച്ചും വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ്. കഥയുടെ പേര് ഒഴിച്ചാൽ മറ്റൊരു സാമ്യവുമില്ല.

OOOO



4 comments:

  1. അഭിനന്ദനങ്ങൾ ...തമ്പുരാൻ

    ReplyDelete
  2. പഠിക്കാൻ ഏറെയുണ്ട് എന്ന പാഠമുണ്ടീ അഭിമുഖത്തിൽ. നന്ദി തമ്പുരാൻ

    ReplyDelete